
സ്വര്‍ണ്ണാഭരണങ്ങള്‍ കൊരുത്ത് അലങ്കരിച്ച കിളിക്കൂട്ടില്‍ വിശ്രമിക്കുന്ന കിളികളുടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ബാംഗ്ലൂരിലെ ഹൈക്കോടതി റോഡിലുള്ള മൂന്ന് ജ്വല്ലറികളിൽ നിന്ന് പക്ഷികൾ ഒരു കിലോഗ്രാമിലധികം സ്വർണം മോഷ്ടിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ കിളിക്കൂട്ടില്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ തൂക്കി അലങ്കരിച്ചു വച്ചിരിക്കുന്നത് കാണാം. ജ്വല്ലറി ഉടമകൾ കൂട് കണ്ടെത്തി, കുഞ്ഞു പക്ഷികൾ വിരിഞ്ഞതിനുശേഷം മാത്രമേ സ്വർണ്ണം വീണ്ടെടുക്കുകയുള്ളു എന്നൊക്കെയുള്ള കൌതുകകരമായ വിവരണത്തോടെയാണ് വീഡിയോ കൊടുത്തിട്ടുള്ളത്. “സ്വർണ്ണം കൊണ്ട് കൂട് ഒരുക്കി കിളികൾ
കിളികൾക്ക് അറിയില്ലല്ലോ സ്വർണ്ണത്തിന് 65000ത്തിനു മുകളിൽ ആയത്”
എന്നാല്‍ വീഡിയോ യഥാര്‍ത്ഥമല്ലെന്നും എഐ നിര്‍മ്മിതമാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വിദഗ്ധനായ മോഷ്ടാവിന് പോലും എടുക്കാന്‍ പറ്റാത്ത രീതിയില്‍ അതീവ സുരക്ഷയോടെ ജ്വല്ലറികളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പക്ഷികള്‍ കൊത്തിയെടുത്തു പറന്നു എന്ന വാദം യുക്തിക്ക് നിരക്കാത്തതാണ്. വീഡിയോയില്‍ കാണുന്ന അത്രയും സ്വര്‍ണ്ണാഭരണങ്ങള്‍ പക്ഷികള്‍ കൊത്തിയെടുത്ത് കൂട്ടില്‍ എത്തിക്കണമെങ്കില്‍ എത്ര ദിവസം വേണ്ടിവരും..? എത്ര തവണ ജ്വല്ലറിയില്‍ പോകേണ്ടി വരും..? ആരുടേയും കണ്ണില്‍പ്പെടാതെ പക്ഷികള്‍ക്ക് ഇത് ചെയ്യാന്‍ സാധിക്കില്ലല്ലോ… അതിനാല്‍ തന്നെ ഇത് വ്യാജമായ പ്രചാരണമാണ് എന്ന് അനുമാനിക്കാം. ചില പോസ്റ്റുകളിലെ കമകന്റുകളില്‍ നിരവധി ഉപയോക്താക്കൾ ഇത് AI- സൃഷ്ടിച്ചതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ഞങ്ങള്‍ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2025 ഏപ്രിൽ 01-ന് പോസ്റ്റ് ചെയ്‌ത ഒരു ഇൻസ്റ്റാഗ്രാം റീൽ ലഭിച്ചു.
1.4 ദശലക്ഷം ഫോളോവേഴ്‌സുള്ള @surendra_garhwal എന്ന ഹാൻഡിലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഡിജിറ്റൽ ക്രിയേറ്റർ എന്നാണ് ബയോ വിവരങ്ങളില്‍ കാണുന്നത്. AI & ആർട്ട് പ്രേമി എന്നും പറഞ്ഞിട്ടുണ്ട്.
AI ഡിറ്റക്ഷൻ ടൂൾ ആയ ഹൈവ് ഉപയോഗിച്ച് ഞങ്ങള്‍ വീഡിയോ പരിശോധിച്ചു. 99% എഐ നിര്‍മ്മിതമാണെന്നുള്ള ഫലമാണ് ലഭിച്ചത്.
തുടർന്ന് ഞങ്ങൾ സുരേന്ദ്ര ഗർവാളിന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോൾ, അദ്ദേഹം മറ്റ് നിരവധി എഐ ജനറേറ്റഡ് വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.
യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കുന്ന തരത്തില്‍ നന്നായി തയ്യാറാക്കിയതാണ് ഇവ. സോഴ്‌സ് വീഡിയോ ഇതുവരെ 8.7 ദശലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. സ്വർണ്ണാഭരണങ്ങളാല്‍ അലംകൃതമായ പക്ഷിക്കൂട് എഐ നിര്‍മ്മിത വീഡിയോ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.
ബാംഗ്ലൂരില്‍ ഇങ്ങനെയൊരു സംഭവം നടന്നിരുന്നു എങ്കില്‍ തീര്‍ച്ചയായും അത് മാധ്യമ ശ്രദ്ധ നേടുമായിരുന്നു. ഞങ്ങള്‍ വാര്‍ത്തകള്‍ തിരഞ്ഞെങ്കിലും ഇത്തരത്തിലൊന്ന് കണ്ടെത്താനായില്ല.
നിഗമനം
ബാംഗ്ലൂരില്‍ ജ്വല്ലറികളില്‍ നിന്നും കൊത്തിയെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ട് പക്ഷികള്‍ പക്ഷിക്കൂട് അലങ്കരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതമാണ്. യഥാര്‍ത്ഥമല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ജ്വല്ലറികളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്ത് കൂട് അലങ്കരിക്കുന്ന പക്ഷികള്‍… വീഡിയോ എഐ നിര്‍മ്മിതം…
Written By: Vasuki SResult: Misleading
