മഹാകുംഭമേളയില്‍ പോലീസ് പിടികൂടിയ തീവ്രവാദി..? പ്രചരിക്കുന്നത് എ‌ഐ ചിത്രം…

ദേശീയം | National

രണ്ട് പോലീസുകാരുടെ കസ്റ്റഡിയിൽ നദിയിൽ നിൽക്കുന്ന ഹിന്ദു സന്യാസി വേഷം ധരിച്ചയാളുടെ ചിത്രം തീവ്രവാദി ആണെന്ന് അവകാശപ്പെട്ട്  സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. 

പ്രചരണം 

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ കയറി ആക്രമണം നടത്താൻ വേഷംമാറി എത്തിയ ആയുബ് ഖാൻ എന്ന തീവ്രവാദിയാണ് സന്യാസിയെന്നും എന്നാൽ അയാൾക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നതിന് മുമ്പ്, അയാൾ പിടിക്കപ്പെട്ടുവെന്നും ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു. ഉത്തർപ്രദേശിലെ കുംഭമേളയിൽ തീവ്രവാദി അയൂബ് ഖാൻ പിടിയിലായി.

ചെറ്റ ഒരു സന്യാസിയുടെ വേഷം ധരിച്ചു വന്ന് തങ്ങളുടെ സന്യാസിമാരുടെ കൂടെ ഇടകലർന്നിരുന്നു.
ദൈവാനുഗ്രഹത്താൽ നമ്മുടെ സാധുക്കൾ ഈ ഭീകരൻ്റെ പ്രവൃത്തികൾ ശ്രദ്ധിക്കുകയും പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വൈറൽ ഫോട്ടോ AI നിര്‍മ്മിതമാണ്. 

വസ്തുത ഇങ്ങനെ 

 മഹാകുംഭമേളയിലെ മഹാമണ്ഡലേശ്വര്‍ ക്ഷേത്ര ക്യാമ്പിൽ നിന്ന് അയൂബ് അലി എന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തെങ്കിലും, പോലീസിന് ഒരു ക്രിമിനൽ പശ്ചാത്തലവും കണ്ടെത്താൻ കഴിഞ്ഞില്ല. 

സംഭവം പുരാതറിഞ്ഞ ശേഷം മഹാകുംഭമേളയിലെ  ജുന അഖാരയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു എന്നാണ് ജനുവരി 14-ന് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തത്. ഒരു യുവാവ് ക്യാമ്പിനുള്ളിലെ ക്ഷേത്രത്തില്‍ ഒളിച്ചുകയറി മഹന്ത് യതി നരസിംഹാനന്ദ ഗിരിയുടെ മുറിയിലെത്തി അദ്ദേഹത്തെ കണ്ടു. ആയുഷ് എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് സാധുവായ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയില്ലെന്നാണ് ആരോപണം. സംശയം വർദ്ധിച്ചതോടെ കൂടുതൽ പരിശോധനയ്ക്കായി ഇയാളെ പോലീസിന് കൈമാറി. ഉത്തർപ്രദേശിലെ ഇറ്റയിൽ നിന്നുള്ള ആയുബ് അലിയാണ് ആ വ്യക്തിയെന്ന് പോലീസ് കണ്ടെത്തി.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങള്‍ പ്രയാഗ്‌രാജ് പോലീസുമായി ബന്ധപ്പെട്ടു. അയൂബ് അലിഗഞ്ച് സ്വദേശി ആണെന്നും അതിനാല്‍ ഇറ്റയിലെ അലിഗഞ്ച് പോലീസ് സ്റ്റേഷനുമായി പ്രയാഗ് രാജ് പോലീസ്  ബന്ധപ്പെട്ടുവെന്നും അയൂബ് ലഹരിക്ക് അടിമയാണെന്നും ഉപജീവനത്തിനായി ചെറിയ ജോലികൾ ചെയ്തിരുന്നതായും എസ്എച്ച്ഒ നവ്ജോത് സെൻഗർ വ്യക്തമാക്കിയതായി പ്രയാഗ് രാജ് പോലീസ് ഞങ്ങളോട് പറഞ്ഞു. വൈറൽ ഫോട്ടോ എഐ ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്ന് സെൻഗർ അറിയിച്ചു.

പോലീസ് പിടികൂടിയ ആയൂബിനെ കുറിച്ചുള്ള വാര്‍ത്തകളും  ചിത്രങ്ങളും വീഡിയോകളും ലഭ്യമാണ്. ഇയാള്‍ സന്യാസ വേഷത്തിലായിരുന്നില്ല എന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. 

അലിഗഞ്ച് പോലീസ് അയൂബിനെ കുറിച്ച് പ്രദേശത്ത് അന്വേഷണം നടത്തുകയുണ്ടായി. ആയൂബിന്‍റെ പിതാവ് ഷാക്കിർ ഇപ്പോൾ ജയ്പൂരിൽ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കുന്നുണ്ടെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ലൈവ് ഹിന്ദുസ്ഥാന്‍ എന്ന ഹിന്ദി മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും അയൂബിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് വ്യക്തമാക്കിയതായി പറയുന്നു. 

എഐ-ഡിറ്റക്റ്റിംഗ് ടൂളായ ഹൈവ് മോഡറേഷൻ പറയുന്നത് ചിത്രം 97.3% ശതമാനം എ‌ഐ നിര്‍മ്മിതമാണ് എന്നാണ്. 

ഫോട്ടോയിൽ സന്യാസിയുടെ കൈകാലുകളില്‍ കയർ  ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്നതായി കാണാം. എന്നാല്‍ ഇങ്ങനെ പോലീസ് സാധാരണയായി ചെയ്യാന്‍ സാധ്യതയില്ല. ഇതിനുപുറമെ, ഫോട്ടോയുടെ ഘടനയും അസ്വാഭാവികമാണെന്ന് കാണാം. 

എ‌ഐ നിര്‍മ്മിത ചിത്രം ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

 കുംഭമേളയിലെത്തിയ തീവ്രവാദി അയൂബ് ഖാനെ പോലീസ് പിടികൂടി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് എ‌ഐ നിര്‍മ്മിത ചിത്രമാണ്. അയൂബ് ഖാന്‍ എന്നു പേരുള്ള ഒരാളെ കുംഭമേളയില്‍ നിന്നു പോലീസ് പിടികൂടിയെങ്കിലും ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലാത്തതിനാല്‍ വിട്ടയച്ചു. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മഹാകുംഭമേളയില്‍ പോലീസ് പിടികൂടിയ തീവ്രവാദി..? പ്രചരിക്കുന്നത് എ‌ഐ ചിത്രം…

Written By: Vasuki S  

Result: False