കടല്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ വിസ്മയിപ്പിക്കുന്ന ലോകമാണ്. കരയിലുള്ള പല ജീവജാലങ്ങളുടെയും പേരില്‍ കടലിലും ജീവികളുണ്ട്. ഉദാഹരണത്തിന് കടല്‍ കുതിര, കടല്‍ ചെന്നായ, കടലാമ, കടല്‍ പാമ്പ്, നീര്‍നായ തുടങ്ങിയവ നമുക്ക് പരിചിതമാണ്. എന്നാല്‍ കരയിലെ സമാന പേരുള്ള ജീവികളുമായി ഇവയ്ക്ക് യാതൊരു സാമ്യവും ഉണ്ടാകാറില്ല. കടല്‍ പശു എന്നൊരു ജീവിയെ കുറിച്ച് നാം അപൂര്‍വായി മാത്രമേ കേട്ടിട്ടുള്ളൂ. കടല്‍ പശുവും കുട്ടിയും എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചരണം

വീഡിയോ ദൃശ്യങ്ങളില്‍ കടല്‍ത്തീരത്ത് പശുവിന്‍റെ മുഖവും കൊമ്പുകളും നീര്‍നായയുടേത് പോലുള്ള ഉടലും കൈകാലുകളുമുള്ള ഒരു മൃഗത്തെയും കുട്ടിയെയും കാണാം. അനേകം പേര്‍ ഈ കാഴ്ച കാണാന്‍ കടല്‍ തീരത്ത് കൂടിയിരിക്കുന്നത് കാണാം. ഇത് കടല്‍ പശുവാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*കടൽ പശു... കടൽ പശു.. എന്ന് കേട്ടിട്ടല്ലേയുള്ളൂ.. ദാ കണ്ടോളൂ...*

*കടൽ പശു... അമ്മയും കുഞ്ഞും*”

archived linkFB post

സമാനമായ മറ്റൊരു വീഡിയോയും കടല്‍ പശുവിന്‍റെ പേരില്‍ പ്രചരിക്കുന്നുണ്ട്.

instagramarchived link

എന്നാല്‍ തെറ്റായ പ്രചരണമാണെന്നും എ‌ഐ ഉപയോഗിച്ച് സൃഷ്ടിച്ച കടല്‍ പശുവാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഇങ്ങനെ ഒരു ജീവിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ യാതൊരു വിവരങ്ങളും ലഭ്യമായില്ല. മാത്രമല്ല, ലോകത്ത് എവിടെ എങ്കിലും ഇങ്ങനെ ഒരു ജീവിയെ കണ്ടെത്തിയിരുന്നു എങ്കില്‍ അത് മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിച്ചേനെ. ഞങ്ങള്‍ വീഡിയോയില്‍ നിന്നും കടല്‍ പശുവിന്‍റെ കീ ഫ്രെയിം എടുത്ത് എ‌ഐ നിര്‍മ്മിതമാണോ എന്നറിയാനായി പരിശോധിച്ചു. Sightengine എന്ന AI പരിശോധന സൈറ്റില്‍ നിന്നും ലഭിച്ച ഫലത്തില്‍ വൈറല്‍ വീഡിയോയിലെ കടല്‍ പശു 98% എ‌ഐ നിര്‍മ്മിതമാണെന്ന് സ്ഥിരീകരിക്കുന്നു.

AI നിര്‍മ്മിത ചിത്രങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന മറ്റൊരു വെബ്സൈറ്റായ huggingface-ല്‍ ഞങ്ങള്‍ ചിത്രം പരിശോധിച്ചപ്പോള്‍ AI ആണെന്ന് സൂചിപ്പിക്കുന്ന ഫലം തന്നെയാണ് ലഭിച്ചത്.

കൂടാതെ AI പരിശോധിക്കുന്ന മറ്റൊരു വെബ്സൈറ്റായ isitai യിലും ഞങ്ങള്‍ അന്വേഷിച്ചു നോക്കി. AI ആണെന്ന് സ്ഥിരീകരിക്കുന്ന ഫലം തന്നെയാണ് ലഭ്യമായത്.

രണ്ടാമത്തെ വീഡിയോയിലുള്ള കടല്‍ പശുവിന്‍റെ സമീപം നില്‍ക്കുന്ന വ്യക്തിയുടെ ഷൂസ് ശ്രദ്ധിക്കുക, രണ്ടിന് പകരം മൂന്നെണ്ണം കാണാം:

ഇതേപോലെ തന്നെ ഒരു കടല്‍ കടുവയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

“ai生成仅供娱乐”എന്ന എഴുത്ത് ദൃശ്യങ്ങളില്‍ കാണാം. ഞങ്ങള്‍ ഇത് ഗൂഗിളില്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ “AI ഉപയോഗിച്ച് വിനോദത്തിനായി മാത്രം സൃഷ്ടിച്ചത്” എന്ന ഫലം ലഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ കേരള യൂണിവേഴ്സിറ്റി അക്വാറ്റിക് ബയോളജി & ഫിഷറീസ് വിഭാഗം മേധാവി ഡോ. എ. ബിജുകുമാറുമായി സംസാരിച്ചു. “ഈ വീഡിയോ ഞാന്‍ കണ്ടിരുന്നു. ഇത് സീ ലയണ്‍ എന്ന കടല്‍ ജീവിയെ എഡിറ്റ് ചെയ്ത് പശുവിന്‍റെ പോലുള്ള തല ചേര്‍ത്ത് എ‌ഐ പോലുള്ള സാങ്കേതികത ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാണ്. കൂടെ കാണുന്നത് സീ ലയണിന്‍റെ കുഞ്ഞാണ്. ഇപ്പോള്‍ കടല്‍ പശു എന്നൊരു സ്പീഷീസ് ഭൂമിയിലില്ല, വംശനാശം വന്നുപോയി.”

സീ ലയണിന്‍റെ ചിത്രം താഴെ കാണാം:

ഇതുപോലെ കൌതുകകരമായ നിരവധി AI നിര്‍മ്മിത വീഡിയോകള്‍ eonwild എന്ന പേരില്‍ കാണാം.

കൂടാതെ ഞങ്ങള്‍ യഥാര്‍ത്ഥ കടല്‍ പശുവിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഗൂഗിളില്‍ നിന്നും ഇവയുടെ ചിത്രങ്ങളും വിവരണവും ലഭ്യമായി.

1741-ൽ ജോർജ്ജ് വിൽഹെം സ്റ്റെല്ലർ പഠനം നടത്തി ലോകത്തെ അറിയിച്ച, വംശനാശം സംഭവിച്ച ഒരു സൈറനിയൻ ആണ് സ്റ്റെല്ലേഴ്‌സ് കടൽ പശു (ഹൈഡ്രോഡമാലിസ് ഗിഗാസ്). അക്കാലത്ത്, അലാസ്കയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള ബെറിംഗ് കടലിലെ കമാൻഡർ ദ്വീപുകൾക്ക് ചുറ്റുമാണ് ഇവയെ കണ്ടെത്തിയത്. പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ഇതിന്‍റെ വ്യാപ്തി വടക്കൻ പസഫിക്കിലുടനീളമുണ്ടായിരുന്നു. യൂറോപ്യന്മാർക്ക് മുമ്പ് തദ്ദേശവാസികൾ മൃഗവുമായി ഇടപഴകുമായിരുന്നു എന്നാണ് അനുമാനിക്കുന്നത്. വിറ്റസ് ബെറിംഗിന്‍റെ ഗ്രേറ്റ് നോർത്തേൺ എക്‌സ്‌പെഡിഷനിൽ ബേറിംഗ് ദ്വീപിൽ കപ്പൽ തകർന്നപ്പോഴാണ് സ്റ്റെല്ലർ ആദ്യമായി കടല്‍ പശുവിനെ കണ്ടുമുട്ടിയത് . അദ്ദേഹത്തിന്‍റെ മരണാനന്തര പ്രസിദ്ധീകരണമായ ഓൺ ദി ബീസ്റ്റ്‌സ് ഓഫ് ദി സീയിൽ രേഖപ്പെടുത്തിയിട്ടുള്ള ദ്വീപിലെ സ്റ്റെല്ലറുടെ നിരീക്ഷണങ്ങളിൽ നിന്നാണ് ഈ ജീവിയെക്കുറിച്ച് കൂടുതലറിയുന്നത്. കണ്ടെത്തി 27 വർഷത്തിനുള്ളിൽ, സാവധാനത്തിൽ ചലിക്കുന്നതും എളുപ്പത്തിൽ പിടിക്കപ്പെടുന്നതുമായ കടല്‍ പശു എന്ന സസ്തനിയെ മാംസം, കൊഴുപ്പ്, തൊലി എന്നിവയ്ക്കായി കൊന്നൊടുക്കിയതിനാല്‍ വംശനാശത്തിലേക്ക് നയിക്കപ്പെട്ടുവെന്ന് വിക്കിപീഡിയ വിവരിക്കുന്നു.

ബ്രിറ്റാനിക്കയിലെ വിവരണം ഇങ്ങനെ: വളരെ വലിയ ജല സസ്തനിയായിരുന്ന കടൽ പശുവിന് (ഹൈഡ്രോഡമാലിസ് ഗിഗാസ്) ഇപ്പോൾ വംശനാശം സംഭവിച്ചു. ഒരിക്കൽ ബെറിംഗ് കടലിലെ കൊമാൻഡോർ ദ്വീപുകളുടെ തീരപ്രദേശങ്ങളിൽ ഇവ ജീവിച്ചിരുന്നു.

ജർമ്മൻ പ്രകൃതിശാസ്ത്രജ്ഞനായ ജോർജ്ജ് ഡബ്ല്യു. സ്റ്റെല്ലർ 1741 ല്‍ വിവരിക്കുന്നതുവരെ കടൽ പശു വരെ ശാസ്ത്രത്തിന് അജ്ഞാതമായിരുന്നു. കടൽ പശു തീർച്ചയായും ഏറ്റവും വലിയ സൈറനിയൻ ആയിരുന്നു. 9-10 മീറ്റർ നീളവും (30 അടിയിൽ കൂടുതൽ) ഒരുപക്ഷെ 10 മെട്രിക് ടൺ (22,000 പൗണ്ട്) ഭാരവുമുള്ള ഇത് ഇന്നത്തെ മനാറ്റികളേക്കാളും ദുഗോങ്ങുകളേക്കാളും വളരെ വലുതായിരുന്നു.”

വംശനാശം വന്നുപോയ കടല്‍പ്പശു എന്ന ജീവിയെ ഇന്ന് ലോകത്ത് കാണാനില്ല എന്നതാണു യാഥാര്‍ത്ഥ്യം.

നിഗമനം

പോസ്റ്റില്‍ കടല്‍ പശു എന്ന വിവരണത്തോടെ കൊടുത്തിരിക്കുന്ന ജീവിയുടെ രൂപം എ‌ഐ നിര്‍മ്മിതമാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ രൂപമുള്ള ഒരു ജീവി ലോകത്ത് നിലവിലില്ല. കടല്‍ പശു എന്ന പേരില്‍ ഉണ്ടായിരുന്ന ജീവി പതിനേഴാം നൂറ്റാണ്ട് വരെയേ ഭൂമിയില്‍ ഉണ്ടായിരുന്നുള്ളൂ. അതിന്‍റെ രൂപം ഇങ്ങനെ ആയിരുന്നില്ല. അതിനുശേഷം വംശനാശം വന്നുപോയി.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കടല്‍ത്തീരത്ത് എത്തിയ കടല്‍ പശു... പ്രചരിക്കുന്നത് AI നിര്‍മ്മിത ദൃശ്യങ്ങള്‍...

Written By: Vasuki S

Result: False