
സ്വന്തം സഹോദരി 12 വയസ് കാരിയെ പീഡിപ്പിച്ചവനെ നടുറോഡിൽ കണക്ക് തീർക്കുന്ന ജേഷ്ടൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു യുവാവ് മറ്റൊരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ ചങ്കൂറ്റമുള്ള ചേട്ടനൊരുത്തൻ വീട്ടിലുള്ളത് ആ ചെറ്റ അറിഞ്ഞ് കാണില്ല . സ്വന്തം അനുജത്തി 12 വയസ് കാരിയെ പീഡിപ്പിച്ചവനെ നടുറോഡിൽ കണക്ക് തീർക്കുന്ന ജേഷ്ടൻ . ” നീതി മരിക്കുന്നിടത്ത് നീ തീയാകണം ” ”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് മാതൃഭൂമിയിൽ 1 ഓഗസ്റ്റ് 2025ന് പ്രസിദ്ധികരിച്ച ഈ വാർത്ത ലഭിച്ചു.

വാർത്ത വായിക്കാൻ – Mathrubhumi | Archived Link
വാർത്ത പ്രകാരം ഒരു പെൺകുട്ടിയുടെ പേരിൽ രണ്ട് യുവാക്കൾ ആലപ്പുഴയുടെ KSRTC ബസ് സ്റ്റാൻഡിൽ ഏറ്റുമുട്ടി. ഈ സംഭവത്തിൽ ഒരു യുവാവ് മറ്റേ യുവാവിനെ കുത്തി. 25 വയസായ റിയാസാണ് കുത്തേറ്റത്. ഈ സംഭവത്തിൽ വീട്ടിൽ വിഷ്ണുലാൽ (25), വീട്ടിൽ സിബി (23) എന്നി രണ്ട് പേരെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു എന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാർത്തയിൽ പീഡനത്തിനെ കുറിച്ച് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടുപ്പമുള്ള പെൺകുട്ടിയെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു, എന്ന് വാർത്തയിൽ റിപ്പോർട്ട് ചെയ്യുന്നു.
കേരള പോലീസിൻ്റെ സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഈ പ്രചരണത്തെ കുറിച്ച് അവരുടെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 12 വയസായ തൻ്റെ അനുജത്തിയെ പിടിപ്പിച്ചവനെ ജ്യേഷ്ഠൻ കുത്തി എന്ന തരത്തിൽ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു. കേരള പോലീസിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് നമുക്ക് താഴെ കാണാം.
ഞങ്ങൾ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ, ഈ സംഭവത്തെ കുറിച്ച് ഞങ്ങൾക്ക് ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നു: “സംഭവം 1 ഓഗസ്റ്റ് 2025ന് KSRTC ബസ് സ്റ്റാൻഡിൽ നടന്നതാണ്. കുത്തേറ്റ യുവാവും കുത്തിയ യുവാവും ആലപ്പുഴ സ്വദേശികളല്ല. ഒരു പെൺകുട്ടിയുടെ പേരിലാണ് ഇവർ തമ്മിൽ എന്തോ തർക്കുമുണ്ടായത്. ഇതിനെ തുടർന്ന് രണ്ട് യുവാക്കൾ കുത്തേറ്റ യുവാവിനെ ആലപ്പുഴയിൽ വിളിച്ചു. കണ്ണൂരിൽ നിന്ന് ഇവരും ആലപ്പുഴയിൽ എത്തി അവിടെ വെച്ചിട്ടാണ് റിയാസ് എന്ന യുവാവിനെ ഈ രണ്ട് യുവാക്കൾ കുത്തിയത്.”
സംഭവത്തിൻ്റെ F.I.R. പ്രകാരം ഭാരതീയ ന്യായ സംഹിതയുടെ (BNS), 2023 പ്രകാരം 126(2), 118(2), 109(1), 126(1) എന്നി വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
നിഗമനം
സ്വന്തം അനുജത്തി 12 വയസ് കാരിയെ പീഡിപ്പിച്ചവനെ നടുറോഡിൽ കണക്ക് തീർക്കുന്ന ജേഷ്ടൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വ്യാജവാർത്തായാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഒരു പെൺകുട്ടിയുടെ പേരിൽ ചില യുവാക്കൾ ആലപ്പുഴ KSRTC ബസ് സ്റ്റാൻഡിൽ ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നത്..
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ആലപ്പുഴ KSRTC ബസ് സ്റ്റാൻഡിൽ ഒരു യുവാവ് മറ്റൊരു യുവാവിനെ കുത്തിയ സംഭവത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False
