വാളയാറില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തിയ പ്രതികള്‍ മുസ്ലിം സമുദായക്കാര്‍…? സത്യമറിയൂ…

False അക്രമം ദേശീയം | National

ബംഗ്ലാദേശി പൌരനാണ് എന്നാരോപിച്ച് പാലക്കാട് വാളയാറില്‍ അന്യ സംസ്ഥാനക്കാരനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തുകയുണ്ടായി. പ്രതികളെ പോലിസ് പിടികൂടിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെടുത്തി ഒരു പത്രവാര്‍ത്തയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

സംഭവത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഒരുകൂട്ടം മുസ്‍ലിം യുവാക്കള്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികളാണെന്ന തരത്തില്‍ പത്രവാര്‍ത്തയുടെ ചിത്രം പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സങ്കികൾ ആണെന്ന് പ്രചരിപ്പിച്ചു കോൾമയിർ കൊണ്ട സുഡുക്കൾ അറസ്റ്റിൽ ആയത് മുഴുവൻ സുഡുക്കൾ ആണല്ലോ ദൈവമേ

FB postarchived link

എന്നാല്‍ പ്രചരണം  തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നല്‍കിയിരിക്കുന്ന പത്രവാര്‍ത്ത മറ്റൊരു സംഭവത്തിന്‍റെതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

പത്രവാര്‍ത്തയുടെ ചിത്രം നോക്കിയാല്‍ ബീഹാര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് തലക്കെട്ടില്‍ കാണാം. വാളയാറില്‍ കൊല്ലപ്പെട്ടത് ഛത്തീസ്ഗഡ് സ്വദേശിയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച  മാധ്യമറിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  

ഡിസംബര്‍ 21ന് മാതൃഭൂമി നല്‍കിയ റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ടത് ഛത്തീസ്ഗഡ് സ്വദേശി രാം നാരായൺ ആണെന്ന് വ്യക്തമാക്കുന്നു. 

ഡിസംബര്‍ 17ന് വാളയാർ അട്ടപ്പള്ളത്ത്  നടന്ന സംഭവത്തില്‍ അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി. പ്രസാദ് (34), സി. മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ. ബിബിൻ (30), അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് എ. അനു (38) എന്നിവരെ  അറസ്റ്റുചെയ്ത് റിമാൻഡിലാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഡിസംബര്‍ 22 ന് ഏഷ്യാനെറ്റ് ന്യൂസ്  നല്‍കിയ റിപ്പോര്‍ട്ടിലും കൊല്ലപ്പെട്ടത് ഛത്തീസ്ഗഡ് സ്വദേശി റാം നാരായണ്‍ ആണെന്ന് വ്യക്തമാക്കുന്നു. 

അതായത് പോസ്റ്റിലെ പത്രവാര്‍ത്തയ്ക്ക് വാളയാര്‍ സംഭവവുമായി ബന്ധമില്ല.  

പോസ്റ്റിലുള്ള പത്രവാര്‍ത്തയിലെ സംഭവത്തെ കുറിച്ച് തിരഞ്ഞപ്പോള്‍ 2023 മെയ് മാസം മലപ്പുറം ജില്ലയിലെ കിഴിശേരിയിലുണ്ടായ സംഭവമാണെിതെന്ന് സ്ഥിരീകരിക്കുന്ന വാര്‍ത്താ റിപ്പോര്‍‍ട്ടുകള്‍ ലഭിച്ചു. മാതൃഭൂമി 2023 മെയ് 14 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ടത് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി രാജേഷ് മാഞ്ചിയാണെന്ന് വ്യക്തമാക്കുന്നു.

മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടിലും സമാനവിവരങ്ങളാണ് ഉള്ളത്. പത്രവാര്‍ത്തയിലെ പ്രതികളില്‍ ചിലരുടെ പേരുകളും ഇതില്‍ കാണാം.

നിഗമനം 

ബംഗ്ലാദേശി പൌരനാണ് എന്നാരോപിച്ച് പാലക്കാട് വാളയാറില്‍ അന്യ സംസ്ഥാനക്കാരനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരാണ് എന്നുള്ള പത്രവാര്‍ത്ത യഥാര്‍ത്ഥത്തില്‍ 2023 മേയ് മാസം  മലപ്പുറം കിഴിശ്ശേരിയില്‍ ഉണ്ടായ സംഭവത്തിന്‍റെതാണ്. 2025 ഡിസംബര്‍ 17 നാണ് വാളയാറില്‍ ആള്‍ക്കൂട്ട കൊലപാതകം നടന്നത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വാളയാറില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തിയ പ്രതികള്‍ മുസ്ലിം സമുദായക്കാര്‍…? സത്യമറിയൂ…

Fact Check By: Vasuki S 

Result: False

Leave a Reply