വിവരണം

തിരഞ്ഞെടുപ്പ് പ്രചരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതീവ ആവേശത്തോടെ നടത്തി വരുകയാണ്. ഇതിനായി സ്ഥാനാര്‍ത്ഥികളുടെ പേരില്‍ സൂപ്പര്‍ ഹിറ്റായ പല ചലച്ചിത്ര ഗാനങ്ങളുടെ പാരഡിയും ഉപയോഗിച്ച് വരാറുണ്ട്. ഇവയെല്ലാം സമൂഹമാധ്യമങ്ങളിലും പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്. ഇപ്പോള്‍ ഇതാ കടുവ എന്ന ചിത്രത്തില്‍ ഗായകന്‍ അതുല്‍ നറുകര പാടിയ പാലപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിന്‍റെ പാരഡി അതുല്‍ നറുകര തന്നെ പാടി അഭിനയിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ഷൈലജ ടീച്ചര്‍ക്ക് വേണ്ടിയാണ് അതുല്‍ പാടിയതെന്നും കോണ്‍ഗ്രസിന് ആക്ഷേപിച്ചു കൊണ്ടുള്ള പാട്ടിന്‍റെ വീഡിയോ എന്ന പേരില്‍ ഫ്ലവേ‌ഴ്‌സ് ചാനലില്‍ ഇത് അവതരിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. നസീര്‍ നഷ്ഫാ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 9,800ല്‍ അധികം റിയാക്ഷനുകനുകളും 6,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Video Archived Video

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതുല്‍ നറുകര എല്‍ഡിഎഫ് പ്രചരണ ഗാനം ആലപിക്കുന്ന വീഡിയോ തന്നെയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ അതുല്‍ നറുകര, ഫ്ലവേഴ്‌സ് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഫ്ലവേഴ്‌സ് കോമ‍ഡി എന്ന വേരിഫൈഡ് ചാനലില്‍ യഥാര്‍ത്ഥ വീഡിയോ അപ്‌ലോഡ് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞു. സ്റ്റാര്‍ മാജിക് ഫ്ലവേഴ്‌സ് എപ്പിസോഡ് 481 പാര്‍ട്ട് A എന്ന തലക്കെട്ട് നല്‍കി 2022 ഓഗസറ്റ് 26നാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോ പരിശോധിച്ചതില്‍ നിന്നും കടുവ എന്ന ചിത്രത്തിലെ പാലാപ്പള്ളി എന്ന് തുടങ്ങുന്ന ഗാനം തന്നെയാണ് അതുലും സംഘവും അവതരിപ്പിച്ചതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ഏകദേശം ഒന്നര വര്‍ഷം മുന്‍പ് ഫ്ലവേ‌ഴ്സ് കോമഡി എന്ന ചാനല്‍ സംപ്രേക്ഷണം ചെയ്ത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ഓഡിയോ മാറ്റി പാരഡി ചേര്‍ത്താണ് സമൂഹമാധ്യമത്തിലൂടെ തെരഞ്ഞെടുപ്പ് ഗാനം അവതരിപ്പിക്കുന്നു എന്ന് തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ 3.24 മിനിറ്റ് മുതലുള്ള ഏതാനം സെക്കന്‍ഡുകളാണ് ക്രോപ്പ് ചെച്ത് ഓഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.

യഥാര്‍ത്ഥ വീഡിയോ ഇതാണ്-

YouTube Video

നിഗമനം

കടുവ എന്ന സിനിമയിലെ പാലാപ്പള്ളി എന്ന യഥാര്‍ത്ഥ ഗാനം ഫ്ലവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ ലൈവ് ആയിട്ട് അവതരിപ്പിക്കുന്ന അതുല്‍ നറുകരയുടെയും സംഘത്തിന്‍റെയും വീഡിയോയാണിത്. ഓഡിയോ എഡിറ്റ് ചെയ്ത് കെ.കെ.ഷൈലജ ടീച്ചറിന്‍റെ തെര‍ഞ്ഞെടുപ്പ് ഗാനമെന്ന പേരില്‍ പ്രചരിപ്പിക്കുന്നതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വീഡിയോ തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കെ.കെ.ഷൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ഫ്ലവേ‌ഴ്‌സ് ചാനലില്‍ ലൈവായി അവതരിപ്പിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Altered