പി.കെ.ഫിറോസ് സന്ദീപ് വാര്യര്‍ക്കെതിരെ നടത്തിയ പ്രസംഗമല്ലാ ഇത്.. വസ്‌തുത അറിയാം..

Altered രാഷ്ട്രീയം

വിവരണം

ബിജെപി-ആര്‍എസ്എസ് നേതാവായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇതില്‍ യൂത്ത് ലീഗിന് സന്ദീപ് വാര്യരെ യുഡിഎഫില്‍ എടുത്തതില്‍ അതൃപ്തിയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസംഗിക്കുന്നു എന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മീഡിയ വണ്‍ സന്ദീപ് വാര്യര്‍ പാണക്കാട് എത്തിയ വാര്‍ത്തയോടൊപ്പം പി.കെ.ഫിറോസ് ഇതിനെതിരെ പ്രസംഗിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതാണ് പി.കെ.ഫിറോസിന്‍റെ വാക്കുകള്‍- 

“ഈ നാട്ടിലെ പിന്നോക്കെക്കാരെ മുഴുവന്‍ അധിക്ഷേപിച്ചിട്ട് കുറച്ച് കഴിയുമ്പോള്‍ തോന്നുന്നു യുഡിഎഫില്‍ എടുക്കുമെന്ന്.. ഇതുപോലെ ഒരു പൊളിറ്റക്കല്‍ ജോക്കറിനെ കേരളം വേറെ കണ്ടിട്ടുണ്ടോ.. ഇത്തരം കോമാളികള്‍ക്ക് വന്ന് കയറാനുള്ളതല്ലാ ഐക്യജനാധിപത്യ മുന്നണിയെന്ന് യൂത്ത് ലീഗ് ഓര്‍മ്മപ്പെടുത്തുകയാണ്.. ഇത് യൂത്ത് ലീഗിന്‍റെ അഭിപ്രായമാണ്.. ഇത്തരം മാലിന്യങ്ങളെ മുന്നണിയിലെടുക്കരുതെന്നാണ് യൂത്ത് ലീഗിന്‍റെ നിലപാട്.. ഇത് യുഡിഎഫിനോട് പറയും..” സന്ദീപ് വാര്യരിനെതിരെയുള്ള പി.കെ.ഫിറോസിന്‍റെ പ്രസംഗം എന്ന പേരില്‍ വാളൂര്‍ സഖാക്കള്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ കാണാം –

Instagram Video Archived Video 

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പി.കെ.ഫിറോസുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

“പ്രചരണം വസ്‌തുത വിരുദ്ധമാണ്. 2018ല്‍ ഇരാറ്റുപേട്ടയിലെ പൊതുവേദിയില്‍ അന്ന് പൂഞ്ഞാര്‍ എംഎല്‍എയായിരുന്ന പി.സി.ജോര്‍ജിനെതിരെ നടത്തിയ പ്രസംഗമാണിത്. ഇതിന്‍റെ വാര്‍ത്ത വീഡിയോ കൈവശമുണ്ട്.”

പിന്നീട് ന്യൂസ് 18 2018ല്‍ ഇതെ കുറിച്ച് നല്‍കിയ വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പൂഞ്ഞാര്‍ എംഎല്‍എ എന്ന് വീഡിയോയില്‍ കൃത്യമായി ഫിറോസ് പറയുന്നുണ്ട്.

ന്യൂസ് 18 കേരള നല്‍കിയ വാര്‍ത്ത –

YouTube Video 

പ്രചരിക്കുന്ന വീഡിയോയില്‍ യഥാര്‍ത്ഥത്തില്‍ സന്ദീപ് വാര്യര്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴുള്ള മീഡിയ വണ്‍ വാര്‍ത്തയാണ്. ഈ വീഡിയോ 2024 നവംബര്‍ 17നാണ് മീഡിയ വണ്‍ യൂട്യൂബില്‍ പങ്കുവെച്ചതെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്താണ് 2018ലെ പി.സി.ജോര്‍ജ്ജിനെതിരെയുള്ള പ്രസംഗം ചേര്‍ത്ത് സന്ദീപ് വാര്യരിനെതിരെ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

മീ‍ഡിയ വണ്‍ നല്‍കിയ വാര്‍ത്ത –

YouTube Video 

സന്ദീപ് വാര്യര്‍ ബിജെപി-ആര്‍എസ്എസ് ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ അംഗമായതെന്നും ഇതിനെ സ്വാഗതം ചെയ്ത് പി.കെ.ഫിറോസ് ഫെയ്‌സ്ബുക്കിലൂടെ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു.

പി.കെ.ഫിറോസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് –

Facebook Post 

നിഗമനം

പി.സി.ജോര്‍ജ്ജിനെതിരെ 2018ല്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയാണ് സന്ദീപ് വാര്യര്‍ പാണക്കാട് സന്ദര്‍ശിച്ചപ്പോഴുള്ള മീഡിയ വണ്‍ വാര്‍ത്തയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് സ്വാഗതം ചെയ്ത നിലപാടാണ് പി.കെ.ഫിറോസ് സ്വീകരിച്ചതെന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റ്ദ്ധരിപ്പിക്കും വിധം പ്രചരപ്പിക്കുന്നതാണെന്ന് വ്യക്തമായി കഴിഞ്ഞു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:പി.കെ.ഫിറോസ് സന്ദീപ് വാര്യര്‍ക്കെതിരെ നടത്തിയ പ്രസംഗമല്ലാ ഇത്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Altered