“ലോകം മുഴുവന്‍ ആഗ്രഹിച്ച യുദ്ധം ആരംഭിച്ചു” എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

അന്തര്‍ദേശിയ൦ | International രാഷ്ട്രീയം | Politics സാമൂഹികം

വിവരണം

റഷ്യ-യുക്രെയിന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. ഇരു സൈന്യവും നേര്‍ക്കുന്നേര്‍ ഏറ്റുമുട്ടുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ലോകം ഭീതിയോടെയാണ് യുദ്ധത്തെ നോക്കിക്കാണുന്നത്. മലയാളികളായ നിരവധി വിദ്യാര്‍ത്ഥികളും യുക്രെയിനിലെ യുദ്ധ മേഖലകളില്‍ കുടുങ്ങി കിടക്കുകയാണ്. മലയാളത്തിലെ എല്ലാ വാര്‍ത്ത ചാനലുകളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ മനോരമ ന്യൂസിലെ വാര്‍ത്ത അവതാരകന്‍ യുദ്ധം ലോകം ആഗ്രഹിച്ചതാണെന്ന് പറഞ്ഞു എന്ന പേരില്‍ മനോരമ ന്യൂസ് വാര്‍ത്തയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരുവാലി സഖാക്കള്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 281ല്‍ അധികം റിയാക്ഷനുകളും 178ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ലോകം ആഗ്രഹിച്ച യുദ്ധം ആരംഭിച്ചിരിക്കുകയാണത്രേമനോരമയിലെ മനോരോഗികൾ യുദ്ധം ആഗ്രഹിക്കുന്നുണ്ടാകും.ഞങ്ങളെ ആ ഗണത്തിൽ കൂട്ടേണ്ട..  എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്-

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് വാര്‍ത്ത അവതാരകന്‍ യുദ്ധം ലോകം ആഗ്രഹിച്ചതാണെന്ന് പറഞ്ഞിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വസ്‌തുത വിശകലനം

മനോരമ ന്യൂസിന്‍റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ നിന്നും ഇതെ വാര്‍ത്തയുടെ വീഡിയോ ഞങ്ങള്‍ കണ്ടെത്തി. വിട്ടുവീഴ്ചയില്ല, അവസാനശ്വാസം വരെ പോരാടാൻ യുക്രെയിൻ എന്ന തലക്കെട്ട് നല്‍കിയാണ് മനോരമ ന്യൂസ് 2.45മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഈ വാര്‍ത്ത വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വാര്‍ത്തയുടെ തുടക്കത്തില്‍ തന്നെ അവതാകരന്‍ പറയുന്നത് സംഭവിക്കരുതെന്ന് ലോകം മുഴുവന്‍ ആഗ്രഹിച്ച യുദ്ധം തുടങ്ങിയിരിക്കുകയാണ്..  എന്നതാണ് റഷ്യ-യുക്രെയിന്‍ യുദ്ധത്തെ കുറിച്ച് മനോരമ ന്യൂസ് അവതാരകന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞ വാക്കുകള്‍. എന്നാല്‍ സംഭവിക്കരുതെന്ന് എന്ന ഭാഗം എഡിറ്റ് ചെയ്ത മാറ്റിയ ശേഷം ലോകം മുഴുവന്‍ ആഗ്രഹിച്ച യുദ്ധം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ എന്നത് ഇതോടെ വ്യക്തമായി കഴിഞ്ഞു.

മനോരമ ന്യൂസിന്‍റെ യഥാര്‍ത്ഥ വാര്‍ത്ത വീഡിയോ-

Youtube Video 

നിഗമനം

സംഭവിക്കരുതെന്ന് ലോകം മുഴുവന്‍ ആഗ്രഹിച്ച യുദ്ധം തുടങ്ങിയിരിക്കുകയാണെന്ന വാര്‍ത്ത വീഡിയോ എഡിറ്റ് ചെയ്ത് ലോകം യുദ്ധം നടക്കണമെന്ന് ആഗ്രഹിച്ചു എന്ന് മനോരമ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്ന വ്യാജേന പ്രചരിപ്പിക്കുന്ന വീഡിയോയാണിത്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വീഡിയോ എഡിറ്റിങ്ങിലൂടെ മാറ്റം വരുത്തിയതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:“ലോകം മുഴുവന്‍ ആഗ്രഹിച്ച യുദ്ധം ആരംഭിച്ചു” എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: Altered