നരേന്ദ്ര മോദിയെ കുവൈറ്റില്‍ വരവേറ്റത് ആളില്ലാ വേദിയാണോ…? വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമിങ്ങനെ…

Altered അന്തര്‍ദേശീയം | International ദേശീയം | National

കുവൈറ്റ് സ്റ്റേറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 21-22 തീയതികളിൽ കുവൈറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തുകയുണ്ടായി. കുവൈറ്റില്‍ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഓഡിയന്‍സ് ഉണ്ടായിരുന്നില്ല എന്നവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

പ്രചരണം 

ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ ഭൂരിഭാഗവും ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ കാണാം. സ്റ്റേഡിയത്തിലെ സ്ക്രീനുകളില്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും കാണാം. മോദിയുടെ കുവൈറ്റിലെ വേദിയില്‍ ആളുണ്ടായിരുന്നില്ല എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “
#Friends കുവൈറ്റിൽ മോദിയുടെ പരിപാടിക്ക് #ജനകോടികൾ.😂😂

😂…”

FB postarchived link

എന്നാല്‍ ഇത് എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും വീഡിയോയുടെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി വേദിയില്‍ എത്തുന്നതിന് മുമ്പായി പകര്‍ത്തിയതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഹല മോദി എന്നു പേരിട്ട പരിപാടിയുടെ വേദിയുടെ വീഡിയോ ആണ് പോസ്റ്റിലുള്ളത്. വീഡിയോ നിരീക്ഷിച്ചപ്പോൾ വേദിയിൽ മോദി ഇല്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. രണ്ടുമൂന്നുപേര്‍ വേദിയില്‍ നിൽക്കുന്നുണ്ട്. വേദിക്ക് ഇരുവശവും മുകളിലുമായി സ്ഥാപിച്ചിട്ടുള്ള സ്ക്രീനുകളിൽ മോദിയുടെ ചിത്രവും ‘ഹല മോദി’ എന്ന  എഴുത്തും കാണാം. ചില സ്ക്രീനുകളിൽ വേദിയിൽ ഒരു സ്ത്രീ സംസാരിക്കുന്നത് കാണാം. 

ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ ഹല മോദി പരീപാടിയുടെ വീഡിയോകള്‍ തിരഞ്ഞു. തിങ്ങി നിറഞ്ഞ സദസ്സിന് മുന്നിലാണ് യഥാര്‍ഥത്തില്‍ മോദി പ്രസംഗിക്കുന്നത്. 

പോസ്റ്റിലെ വീഡിയോ പരിപാടിയുടെ വേദി അലങ്കാരങ്ങള്‍ പൂര്‍ണ്ണമാകുന്നതിന് മുമ്പായി പകര്‍ത്തിയതാണ്. നിറഞ്ഞ സദസ്സും ദീപാലങ്കാരങ്ങളും പരിപാടി നടക്കുന്ന വേളയില്‍ ദൃശ്യമാണ്. നാളെ (21/12/24) കുവൈറ്റിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന പ്രധാനമന്ത്രി മോദിയുടെ ‘Hala Modi’ കമ്മ്യൂണിറ്റി പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

പ്രധാനമന്ത്രി നാളെ കുവൈറ്റിൽ എത്തും.

43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശനം നടത്തുന്നത്

എന്ന വിവരണത്തോടെ ഒരു ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത സമാന ദൃശ്യങ്ങള്‍ കാണാം: 

പ്രധാനമന്ത്രിയുടെ പ്രസംഗ വീഡിയോ പിഎംഒ ഇന്ത്യ യുട്യൂബ് ചാനലില്‍ നല്‍കിയിട്ടുണ്ട്. 

കൂടാതെ പല മാധ്യമങ്ങളും വീഡിയോ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഹല മോദി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ നിറഞ്ഞ സദസിനെ കണ്ടപ്പോള്‍, ‘മോദി തന്‍റെ മുന്നിൽ ഒരു മിനി ഹിന്ദുസ്ഥാൻ തന്നെയുണ്ടല്ലോ’ എന്നു പ്രതികരണം നടത്തിയെന്നാണ് മാധ്യമ റിപ്പോർട്ടുകള്‍. വീഡിയോയിൽ കേൾക്കുന്നത് പ്രധാനമന്ത്രിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗമാണ്. എന്നാല്‍ കുവൈറ്റില്‍ മോദി പ്രസംഗിച്ചത് ഹിന്ദിയിലാണ്.  വീഡിയോയില്‍ കേള്‍ക്കുന്ന “ഫ്രണ്ട്സ്, ദിസ് പ്രവാസി ഭാരതീയ ദിവസ് ഈസ് സ്പെഷ്യൽ ഇൻ മെനി വേയ്സ്” എന്നു തുടങ്ങുന്ന പ്രസംഗം തിരഞ്ഞപ്പോള്‍ 2023 ജനുവരി മാസത്തിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ മോദി നടത്തിയ ഇംഗ്ലീഷ് പ്രസംഗത്തിന്‍റെ  വീഡിയോ പ്രധാനമന്ത്രിയുടെ യുട്യൂബ് ചാനലില്‍ നിന്നും ലഭിച്ചു. 

ഇതേ ഓഡിയോ എഡിറ്റ് ചെയ്തു ചേര്‍ത്താണ് വൈറല്‍ വീഡിയോ പ്രചരിപ്പിക്കുന്നത്. 

നിഗമനം 

പോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കുവൈറ്റില്‍ ഹല മോദി പരിപാടി ആരംഭിക്കുന്നതിന് മുമ്പുള്ള വേദിയുടെ ദൃശ്യങ്ങളാണിത്. പരിപാടിയില്‍ മോദി നിറഞ്ഞ സദസ്സിനെയാണ് അഭിസംബോധന ചെയ്തത്. പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗം എഡിറ്റ് ചെയ്തു ചേര്‍ത്തതാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നരേന്ദ്ര മോദിയെ കുവൈറ്റില്‍ വരവേറ്റത് ആളില്ലാ വേദിയാണോ…? വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമിങ്ങനെ…

Fact Check By: Vasuki S 

Result: ALTERED