
വിവരണം
southlive.in എന്ന മലയാളം ഓൺലൈൻ വാർത്താ മാധ്യമം “പോളിംഗ് കഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ പടിക്ക് പുറത്ത്;അക്കൗണ്ടിലിട്ട 2000 രൂപ തിരിച്ചെടുത്ത് കേന്ദ്രം” എന്ന തലക്കെട്ടിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. :
“ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി 750000 കോടി രൂപ മാറ്റി വച്ചു എന്നാണ് കണക്ക്. മൂന്ന് ഗഡുക്കളായി പണം കര്‍ഷകരിലേക്ക് എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിന്‍റെ ഭാഗമായി ആദ്യ ഗഡുവായ 2000 രൂപ ഓരോ കര്‍ഷകനും ലഭിച്ചതായി കേന്ദ്ര കാര്‍ഷിക മന്ത്രാലയം സ്ഥിരീകരിച്ചു കൊണ്ട് അറിയിപ്പുമെത്തി.
അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ഒരു കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഫലം ലഭ്യമാകുമെന്നും മന്ത്രാലയം ഉറപ്പ് നല്‍കി.
എന്നാല്‍ ഇതെല്ലാം വെറും പൊള്ളയായ വാഗ്ദാനങ്ങളായിരുന്നുവെന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ പറയുന്നത്. ആറാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ പണം പിന്‍വലിക്കുന്നതിനായി എത്തിയപ്പോള്‍ പിന്‍വലിച്ചതായാണ് അവര്‍ക്ക് ലഭിക്കുന്ന വിവരം. കര്‍ഷകരുടെ അക്കൗണ്ടില്‍ പണമില്ലെന്ന് ബാങ്ക് മാനേജര്‍ കര്‍ഷക യൂണിയനെ അറിയിച്ചു. തങ്ങളെ സര്‍ക്കാര്‍ ചതിക്കുകയായിരുന്നുവെന്നാണ് ഇതറിഞ്ഞ കര്‍ഷകരുടെ പ്രതികരണം….”
ഇങ്ങനെയാണ് വാർത്തയിലെ വിവരണം.

archived link | southlive |
കേന്ദ്ര സർക്കാർ 5 വർഷം പൂർത്തിയാക്കുന്ന വേളയിൽ തെരെഞ്ഞെടുപ്പിനു മുമ്പായി കർഷകർക്ക് സമർപ്പിച്ച പദ്ധതിയാണ് “കിസാന്‍ സമ്മാന്‍ നിധി” വോട്ടുബാങ്ക് പദ്ധതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പദ്ധതിയുടെ ആദ്യഗഡുവായ 2000 രൂപ അപേക്ഷിച്ച കർഷകരിൽ ഭൂരിപക്ഷം പേർക്കും ലഭ്യമാവുകയും ചെയ്തു. വാർത്തയിലെ ആരോപണം പോളിംഗ് കഴിഞ്ഞപ്പോൾ ബാക്കി തുക കേന്ദ്ര സർക്കാർ അക്കൗണ്ടിൽ നിന്നും തിരികെയെടുത്തു എന്ന് കർഷകർ പരാതിപ്പെട്ടുവെന്നാണ്. 2019 മെയ് 22 നാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ വാർത്ത എന്നീ ഫേസ്‌ബുക്ക് പേജുകളിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
archived link | facebook post |
archived link | facebook post |
ഈ വാർത്തയിലെ ആരോപണം ശരിയാണോ എന്ന് നമുക്ക് പരിശോധിക്കാം
വസ്തുതാ പരിശോധന
ഞങ്ങൾ ഇതേ വാർത്ത ഗൂഗിളിൽ തിരഞ്ഞു നോക്കി. എന്നാൽ ഒന്നുംതന്നെ കണ്ടെത്താനായില്ല. ഉത്തർ പ്രദേശിലെ ഫിറോസാബാദിലുള്ള നിരോദം സിങ്ങ് എന്ന കര്‍ഷകന്‍റെ പേര് സഹിതം പറഞ്ഞാണ് southlive വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വാർത്തയുടെ ഉറവിടം ഏതാണെന്നു യാതൊരു സൂചനയും വർത്തയോടൊപ്പം നൽകിയിട്ടില്ല. അതായത് മറ്റേതെങ്കിലും മാധ്യമങ്ങളിൽ നിന്നും ലഭിച്ചതാണോ അതുമല്ലെങ്കിൽ പ്രസ്തുത മാധ്യമത്തിന്‍റെ പ്രതിനിധി നേരിട്ട് റിപ്പോർട്ട് ചെയ്തതാണോ എന്നുള്ള വിവരങ്ങളൊന്നുംതന്നെ വർത്തയിലില്ല. അതിനാൽ വിശ്വാസ്യത കുറവാണ്.
ഇത് സംബന്ധിച്ച് the hindu 2019 ഫെബ്രുവരി 27 ന് ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ കുറച്ചു കർഷകരുടെ അക്കൗണ്ടിൽ നിന്നും കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം 2000 രൂപ എത്തുകയും പിന്നീട് അത് പിൻവലിക്കപെട്ടു എന്ന് അവർക്ക് മൊബൈൽ ഫോണിൽ മെസ്സേജ് വരുകയും ചെയ്തു എന്ന് വാർത്ത നൽകിയിട്ടുണ്ട്. ഇതിനു കിസാൻ സമ്മാൻ നിധി പദ്ധതി സിഇഒ വിവേക് അഗർവാൾ നൽകിയ വിശദീകരണം അവർ വാർത്തയോടൊപ്പം ചേർത്തിട്ടുണ്ട്. അത് ഇപ്രകാരമാണ് : “നാന്ദെട് ജില്ലയിലെ സഹകരണ ബാങ്കിലുള്ള 1020 അക്കൗണ്ടുകളിൽ നിന്നുമാണ് പരാതി ഉയർന്നത്. ഇവരുടെ പേരുകൾ പദ്ധതി രേഖകളുമായി യോജിക്കാത്തതായിരുന്നു എന്നാണ് സംസ്ഥാന സർക്കാർ തന്ന പ്രാഥമിക വിവരം. പിന്നീട് ഈ അക്കൗണ്ടുകൾ യാഥാർത്ഥമാണെന്ന് സംസ്ഥാന സർക്കാർ തന്നെ സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് ഞങ്ങൾ ഈ അക്കൗണ്ടുകളിലേക്ക് പണം തിരികെ നിക്ഷേപിച്ചിരുന്നു. സംസ്ഥാനമൊട്ടാകെ ഏതാണ്ട് രണ്ടു ലക്ഷം അപേക്ഷകൾ സാധൂകരണമില്ലാത്ത നിലയിലുണ്ട്. ഞങ്ങൾ ഇത് ഒരു ത്രിതല പരിശോധനയ്ക്കായി വച്ചിരിക്കുകയാണ്.”

ഇത് മഹാരാഷ്ട്രയിൽ ഫെബ്രുവരി 27 നു പ്രസിദ്ധീകരിച്ച വാർത്തയാണ്. സംഭവം മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്.
ഇതുമായി ബന്ധപ്പെട്ട hindu പ്രസിദ്ധീകരിച്ച മറ്റു രണ്ടു വാർത്തകളുടെ സ്ക്രീൻഷോട്ട് താഴെ നൽകുന്നു

archived link | thehindubusinessline |

archived link | thehindu |
the wire എന്ന മാധ്യമം ഇത് സംബന്ധിച്ച ഒരു വാർത്ത 2019 മെയ് 2 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചതിനെപ്പറ്റി പൊതുവായി പറയുന്ന രീതിയിലാണ് അവരുടെ റിപ്പോർട്ട്. കർഷകരുടെ പേരുകളോ സ്ഥലങ്ങളോ പ്രത്യേകമായി എടുത്തു പറയുന്നില്ല.
thewire | archived link |
കൂടാതെ ഞങ്ങൾ തിരുവനന്തപുരത്ത് പദ്ധതി കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുള്ള കാർഷിക വികസന കർഷക ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ടു. കേരളത്തിൽ ഇതുവരെ ഇത്തരത്തിൽ ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്. മാർച്ച് 10 വരെയുള്ള അപേക്ഷകൾക്കാണ് ഇതുവരെ പണം നൽകിയത്. സംസ്ഥാന ഓഫീസിന് കോ ഓർഡിനേഷൻ മാത്രമേയുള്ളു. വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പണം നേരിട്ട് ബാങ്കിലെത്തും. അപേക്ഷകളിന്മേൽ സംസ്ഥാന നോഡൽ ഓഫീസർ ഒപ്പു വച്ച് പാസ്സാക്കും. ഇലക്ഷൻ പകഴിയുമ്പോൾ ബാക്കി തുകയുടെ മേൽ തീരുമാനമാകും. തെരെഞ്ഞെടുപ്പ് മൂലം വന്ന കാലതാമസം മാത്രമേയുള്ളു. പോളിംഗ് കഴിഞ്ഞപ്പോൾ കർഷകർക്ക് നൽകിയ തുക തിരിച്ചെടുക്കുന്നു എങ്കിൽ എല്ലായിടത്തും എല്ലാ അക്കൗണ്ടുകളിൽ നിന്നും തിരിച്ചെടുക്കേണ്ടതല്ലേ..”
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് വാർത്ത അടിസ്ഥാനമില്ലാത്തതാണെന്നാണ്. പദ്ധതി രേഖകളിൽ വ്യക്തിഗത വിവരങ്ങളിൽ വന്ന വ്യത്യാസങ്ങളും പദ്ധതി നടത്തിപ്പിൽ നേരിട്ട ചില സാങ്കേതിക പ്രശ്നങ്ങളും മൂലമാണ് കുറച്ചു കർഷകരുടെ അക്കൗണ്ടുകളിൽ കിസാൻ സമ്മാൻ നിധി പ്രകാരം പണം വരുകയും പിന്നീട് പിൻവലിക്കപ്പെടുകയും ചെയ്തത്. ഇതേപ്പറ്റി വാർത്തകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിൽ ഫെബ്രുവരി മാസത്തിലായിരുന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ southlive വാർത്തയിൽ പറയുന്ന പോലെ ഒരു സംഭവവും ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല.
ദേശാഭിമാനി മാർച്ച് 1 ന് സമാന വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതും മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലേതു തന്നെയാണ്.
archived link | deshabhimani |
അതിനാൽ southlive പ്രസിദ്ധീകരിച്ച വാർത്ത തെറ്റാണ് എന്ന് ഉറപ്പിക്കാം
നിഗമനം
ഈ വാർത്ത തെറ്റാണ്. ഫിറോസാബാദിൽ നിന്നും ഇത്തരത്തിൽ ഒരു ക്രമക്കേടുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. പോളിംഗ് കഴിഞ്ഞപ്പോൾ കർഷകരുടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടില്ല. ചില സാങ്കേതിക തകരാർ മൂലവും രേഖകളിലെ അവ്യക്തത മൂലവും പണം തിരികെ പോകുകയായിരുന്നു. അത് പരിഹരിച്ചു തുടങ്ങിയതായി പദ്ധതി അധികാരികൾ the hindu മാധ്യമ പ്രതിനിധിയെ അറിയിച്ചതായി അവർ വാർത്ത നൽകിയിട്ടുണ്ട്. അതിനാൽ വേണ്ടത്ര വിശ്വാസ്യതയില്ലാത്ത ഈ വാർത്ത പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.
ചിത്രങ്ങൾ കടപ്പാട് : southlive

Title:“പോളിംഗ് കഴിഞ്ഞപ്പോള്‍ കര്‍ഷകരുടെ അക്കൗണ്ടിലിട്ടു നൽകിയ 2000 കേന്ദ്രം തിരിച്ചെടുത്തോ..?
Fact Check By: Deepa MResult: False
