FACT CHECK: പഴയ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് എംപി രാജ്മോഹൻ ഉണ്ണിത്താന്‍റെ മകൻ അമൽ ഉണ്ണി ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് ദുഷ്പ്രചരണം നടത്തുന്നു…

പ്രാദേശികം | Local രാഷ്ട്രീയം | Politics

പ്രചരണം 

കോൺഗ്രസ് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്‍റെ മകൻ അമൽ ഉണ്ണിത്താനുമായി ബന്ധപ്പെട്ട ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  തന്‍റെ വോട്ട് ബിജെപിക്കും അച്ഛന്‍റെ വോട്ട് കോൺഗ്രസ്സിനും എന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ മകൻ അമൽ ഉണ്ണിത്താന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്. 

എന്‍റെ വോട്ട് ബിജെപിക്ക് അച്ഛന്‍റെ കോൺഗ്രസിന് എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് നമുക്ക് കാണാം.  ബിജെപിയുടെ പതാകയും ചിത്രത്തിൽ കാണാം. ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇതാണ്:  

👉കോൺഗ്രസ് MP രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ BJPക്ക് വോട്ടു ചെയ്തു. ഇതാണ് മാറുന്ന കേരളം.

👉ഓരോട്ടുപോലും പാഴാക്കാതെ താമര ചിഹ്നത്തിൽ രേഖപ്പെടുത്തുക.

👉 ഇക്കുറി കേരളത്തിൽ ചരിത്രം കുറിക്കാനൊരുങ്ങി ബിജെപി…😍😍

archived linkFB post

അസംബ്ലി ഇലക്ഷൻ ദിനമായ ഏപ്രിൽ 6 മുതലാണ് പോസ്റ്റ് പ്രചരിച്ചു തുടങ്ങിയിരിക്കുന്നത്. കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ ബിജെപിക്ക് വോട്ട് ചെയ്തു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. അതിന് തെളിവായി അമൽ ഉണ്ണിത്താന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ടും നൽകിയിരിക്കുന്നു.  ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു.  ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജപ്രചരണം മാത്രമാണ് എന്ന് കണ്ടെത്തി.  

വസ്തുത ഇങ്ങനെ 

ഞങ്ങൾ ഓൺലൈനിൽ പ്രചരണത്തിലെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോൾ അമൽ ഉണ്ണിത്താന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നും തന്‍റെതല്ലാത്ത ചില പോസ്റ്റുകൾ അതിൽ പ്രത്യക്ഷപ്പെട്ടു എന്നും അമൽ ഉണ്ണിത്താൻ വിശദീകരണം നല്‍കിയതിനെ പറ്റി പ്രസിദ്ധീകരിച്ച ചില വാർത്തകള്‍ ലഭിച്ചു. വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് 2018 ലാണ്. ഈ പോസ്റ്റിലെ അതേ ചിത്രം ആണ് വാര്‍ത്തയില്‍ നല്‍കിയിട്ടുള്ളത്. അതായത് അമൽ ഉണ്ണിത്താന്‍റെ ഫേസ്ബുക്കിൽ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു എന്ന് പറയുന്നത് 2018 ലാണ്.  ഈ പോസ്റ്റ് താൻ പ്രസിദ്ധീകരിച്ചതല്ലെന്നും ഹാക്ക് ചെയ്ത് മറ്റാരോ ചെയ്തതാണെന്നും പിന്നീട് അമൽ ഉണ്ണിത്താൻ വിശദീകരണം നൽകി എന്നാണ് വാർത്തകൾ അറിയിക്കുന്നത്.  

manoramanews | archived link

കൂടുതൽ വസ്തുത അറിയാനായി ഞങ്ങൾ അമൽ ഉണ്ണിത്താന്‍റെ പിതാവും കാസർഗോഡ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താനുമായി സംസാരിച്ചു അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ഇത് ഈ തെരഞ്ഞെടുപ്പിൽ വേണ്ടി നടത്തുന്ന ദുഷ്പ്രചരണം മാത്രമാണ് എന്‍റെ മകൻ നാട്ടിലില്ല. ലണ്ടനിൽ ആണുള്ളത് ലണ്ടനിലുള്ളയാള്‍ ഇവിടെ ഇങ്ങനെയാണ് വോട്ട് രേഖപ്പെടുത്തുക..?  രണ്ടു വർഷമായി അവൻ ലണ്ടനിലാണ്. അവന്‍റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ട  സംഭവത്തെക്കുറിച്ച് അക്കാലത്ത് വിശദീകരണം നൽകിയിരുന്നു ഇപ്പോൾ വീണ്ടും ദുഷ്പ്രചരണത്തിനായി ഉപയോഗിക്കുകയാണ് അല്ലാതെ ഇതിൽ വാസ്തവമൊന്നുമില്ല. 

2018 ല്‍ അമൽ ഉണ്ണിത്താന്‍റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ഉപയോഗിച്ച് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഈ ദുഷ്പ്രചരണം നടത്തുകയാണ്. അമൽ ഉണ്ണിത്താൻ ഇപ്പോൾ നാട്ടിൽ ഇല്ല. ലണ്ടനിലാണ് ഉള്ളത്. ലണ്ടനില്‍ ഉള്ളയാള്‍ക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതായാലും വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.  

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്.  അമൽ ഉണ്ണിത്താൻ രണ്ടുവർഷമായി ലണ്ടനിൽ ആണുള്ളത്. നാട്ടിലില്ല അമൽ ഉണ്ണിത്താന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ 2018 ല്‍ പ്രത്യക്ഷപ്പെട്ട  പോസ്റ്റായിരുന്നു സ്ക്രീന്‍ഷോട്ടില്‍ കാണുന്നത്. തന്നെ അക്കൗണ്ട് ഹാക്ക്  ചെയ്ത ആരോ പോസ്റ്റ് ചെയ്തതാണെന്നും അക്കൌണ്ട് തിരിച്ചു പിടിച്ച ശേഷം പ്രസ്തുത പോസ്റ്റ്  ഡിലീറ്റ് ചെയ്തു എന്നും അമൽ ഉണ്ണിത്താൻ അറിയിച്ചതായി അക്കാലത്ത് മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പഴയ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് എംപി രാജ്മോഹൻ ഉണ്ണിത്താന്‍റെ മകൻ അമൽ ഉണ്ണി ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് ദുഷ്പ്രചരണം നടത്തുന്നു…

Fact Check By: Vasuki S 

Result: False