
വിവരണം
സിനിമ താരങ്ങൾ രാഷ്ട്രീയപാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. കേരളത്തില്‍ തന്നെ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. രാജ്യസഭാ എംപി സുരേഷ് ഗോപി, എംഎൽഎ ഗണേഷ് കുമാർ, ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ച ദേവന്‍, തുടങ്ങിയവരെല്ലാം തന്നെ സിനിമയില്‍ നിന്നും സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയ രംഗത്തെത്തിയതാണ്.
എന്നാല്‍ ചില സിനിമാ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നതായി വ്യാജ പ്രചരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നടക്കാറുണ്ട്. ഇപ്പോൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനുള്ള ഒരുക്കത്തിലുമാണ്. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകുന്നത്.
സിനിമാതാരം കുഞ്ചാക്കോബോബൻ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുന്നു ത്രിവർണ അഭിവാദ്യങ്ങൾ എന്ന വാര്‍ത്തയ്ക്കൊപ്പം കുഞ്ചാക്കോബോബൻ കോൺഗ്രസ് നേതാക്കൾക്കൊപ്പം ഒരു വേദിയിൽ നിൽക്കുന്ന ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. എന്നാൽ കുഞ്ചാക്കോ ബോബൻ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുന്നു എന്ന വാർത്ത പൂർണമായും തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി.
വസ്തുത ഇങ്ങനെയാണ്
ഞങ്ങൾ പോസ്റ്റില്‍ നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2013 നവംബർ 30 ആം തീയതി ഈ ചിത്രം മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മൻ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി.
നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ സമയത്ത് കുഞ്ചാക്കോ ബോബൻ എറണാകുളത്ത് പങ്കെടുത്ത പ്രചരണ പരിപാടിയിൽ നിന്നും ഉള്ളതാണ് ഈ ചിത്രം.
ഈ ചിത്രം ലഭിച്ച സ്ഥിതിക്ക് കുഞ്ചാക്കോ ബോബൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു എന്ന വാർത്തയ്ക്ക് വ്യക്തത വരുത്താനായി ഞങ്ങള്‍ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടു.
“ഈ വാർത്ത തെറ്റാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത ചിത്രമാണിത്. ഇതിന് ഒരിക്കലും ഞാൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു എന്ന് അർത്ഥമില്ല. ഇതൊരു പഴയ ചിത്രമാണ്.” കോൺഗ്രസ് പാർട്ടിയിൽ ചേർന്നു എന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്ന് അദ്ദേഹം മറുപടി നൽകി.
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. പഴയ ഒരു ചിത്രം തെറ്റായ വാർത്ത പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. കുഞ്ചാക്കോബോബൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2013 ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭാഗമായി എറണാകുളത്ത് നടന്ന ഒരു പൊതു പരിപാടിയിൽ നിന്നുള്ള ചിത്രം തെറ്റായ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്.

Title:കുഞ്ചാക്കോ ബോബൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു എന്നത് വ്യാജ വാര്‍ത്തയാണ്…
Fact Check By: Vasuki SResult: False
