FACT CHECK: ‘രാഹുല്‍ ഗാന്ധി കര്‍ഷക സമരത്തില്‍ പങ്കെടുത്തില്ല’ എന്ന് സമർത്ഥിക്കാൻ പഴയ ചിത്രം ഉപയോഗിക്കുന്നു…

രാഷ്ട്രീയം | Politics

വിവരണം

ഇന്ത്യയുടെ തലസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചു പോരുന്നുണ്ട്. അവയില്‍ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ലാത്തവയും ഇതുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ട്.

അത്തരത്തിലെ ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. 

archived linkFB post

രാഹുല്‍ ഗാന്ധി ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് മൊബൈല്‍ ഫോണില്‍ എന്തോ വീക്ഷിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഒപ്പം നല്‍കിയ വിവരണം ഇങ്ങനെയാണ്. “ഗോവയിലെ റിസോർട്ടിലിരുന്ന് കർഷക സമരം മൊബെയിലിൽ ലൈവായി കാണുന്ന ലാസ്റ്റ്‌ ബസ്‌ .

രാ ഗാ ഡാ .💪💪

ഇത് മ്മടെ പപ്പുമോനല്ലെ .ബയനാട്ടിലെ ബ്രധാൻ മന്ത്രി .”

അതായത് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്, രാഹുല്‍ ഗാന്ധി കര്‍ഷക സമരത്തിലൊന്നും പങ്കെടുക്കാതെ ഗോവയിലെ റിസോര്‍ട്ടില്‍ ഇരുന്നു മൊബൈല്‍ ഫോണ്‍ വഴി സമരം വീക്ഷിക്കുന്നു എന്നാണ്.

ഫാക്റ്റ് ക്രെസണ്ടോ ചിത്രത്തെ പറ്റി കൂടുതല്‍ അന്വേഷിച്ചു. നിലവിലെ കര്‍ഷക സമരവും ചിത്രം പകര്‍ത്തിയ കാലവും രണ്ടു കാലഘട്ടത്തിലാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. അന്വേഷണ ഫലങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം

വസ്തുതാ വിശകലനം

ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ പ്രചരണം വ്യാപകമായി നടക്കുന്നുണ്ട് എന്ന് കാണാന്‍ സാധിച്ചു.

ഞങ്ങള്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനായി റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ട്രിബ്യൂണ്‍ ഇന്ത്യ എന്ന മാധ്യമം ഈ ചിത്രം 2000 ഒക്ടോബര്‍ 31 ന് പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. 

archived link

വാര്‍ത്തയുടെ ഉള്ളടക്കത്തിന്‍റെ പരിഭാഷ: 

“ഷിംല, ഒക്ടോബർ 31

ബീഹാറിലെ തിരക്കേറിയ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹിമാചൽ പ്രദേശ് തലസ്ഥാനത്തിന് സമീപം  ഏകനായി  കുറച്ച് ദിവസങ്ങള്‍ ചെലവഴിക്കാന്‍ എത്തുന്നു.

സഹോദരി പ്രിയങ്ക ഗാന്ധി വാർദ്രയുടെ ഹോട്ടലിലാണ് അദ്ദേഹം താമസിക്കുന്നത്. 

ഹിമാചൽ പ്രദേശ് തലസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ ഉയരത്തിൽ പൈൻ, ദേവദാരു എന്നിവയുടെ കനത്ത കാടുകൾക്കിടയിൽ 8,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടേജ് ഒബറോയ് ഗ്രൂപ്പിന്റെ ആഡംബര റിസോർട്ടായ വൈൽഡ് ഫ്ലവർ ഹാളിന് സമീപമാണ്.

സഹോദരിയുടെ ഹോട്ടലില്‍  അദ്ദേഹം രണ്ട് ദിവസം തങ്ങുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും മക്കളും അമ്മ സോണിയ ഗാന്ധിയും നേരത്തെ കോട്ടേജ് സന്ദർശിച്ചിരുന്നു”

അതായത് രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രം കഴിഞ്ഞ ഒക്ടോബര്‍ 31 ന് ഷിംലയില്‍ പകര്‍ത്തിയതാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനു ശേഷം രാഹുല്‍ ഗാന്ധി ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ തന്‍റെ സഹോദരിയുടെ ഹോട്ടലില്‍ അവധി ആഘോഷിക്കാന്‍ എത്തിയ വേളയിലെ ചിത്രമാണിത്. അല്ലാതെ പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ ഗോവയിലല്ല. 

നിലവിലെ കര്‍ഷക സമരം ആരംഭിച്ചത് 2020 ഓഗസ്റ്റ് മാസം ആയിരുന്നു എങ്കിലും ഡല്‍ഹിയില്‍ സമരം ശക്തി പ്രാപിച്ചത് നവംബര്‍ മാസം ഒടുവില്‍ ആയിരുന്നു.രാഹുല്‍ ഗാന്ധിയുടെ ചിത്രം സമരം ശക്തി പ്രാപിക്കുന്ന കാലത്തിന് മുമ്പ് മുതല്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.

രാഹുല്‍ ഗാന്ധി നിലവിലെ കര്‍ഷക സമരത്തിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും കര്‍ഷകരോടൊപ്പം നില്‍ക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തുകയും ചെയ്തതിന്‍റെ വാര്‍ത്തകളും ചിത്രങ്ങളും  മാധ്യമങ്ങളില്‍ വന്നിരുന്നു. അതിനാല്‍ രാഹുല്‍ ഗാന്ധി സമരത്തില്‍ നിന്ന് ഒഴിവായി നിന്ന് എന്നത് തെറ്റായ വാദമാണ്.

നിഗമനം

രാഹുല്‍ ഗാന്ധിയുടെ ചിത്രം കര്‍ഷക സമരം ഡല്‍ഹിയില്‍ ശക്തി പ്രാപിക്കുന്നതിന് ഒരു മാസം മുമ്പ് ഹിമാചല്‍ പ്രദേശില്‍ വച്ച് എടുത്തതാണ്. കര്‍ഷക സമരത്തില്‍ അദ്ദേഹം പങ്കെടുത്തില്ല എന്ന് സമർത്ഥിക്കാൻ ചിത്രം പോസ്റ്റില്‍ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ചിത്രം പകര്‍ത്തിയത് ഗോവയിലല്ല, ഹിമാചല്‍ പ്രദേശിലാണ്.

Avatar

Title:‘രാഹുല്‍ ഗാന്ധി കര്‍ഷക സമരത്തില്‍ പങ്കെടുത്തില്ല’ എന്ന് സമർത്ഥിക്കാൻ പഴയ ചിത്രം ഉപയോഗിക്കുന്നു…

Fact Check By: Vasuki S 

Result: False