FACT CHECK: ഇസ്രായേലി പോലീസിനെ കണ്ടപ്പോള്‍ ‘മൃതദേഹം’ ഉപേക്ഷിച്ച് ഓടുന്ന പലസ്തിനികളുടെ നാടകം എന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമറിയൂ…

അന്തര്‍ദേശിയ൦ | International കൌതുകം

പ്രചരണം 

കോവിഡ് ദുരന്ത വാര്‍ത്തകള്‍ക്ക് ഇടയില്‍ ഇസ്രയേല്‍-പാലസ്തിന്‍ അഭ്യന്തര കലാപത്തെ കുറിച്ചുള്ള ചില വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പുറത്തു വരുന്നുണ്ട്. പാലസ്തിന്‍ ആണ് കൂടുതല്‍ ആക്രമണം നടത്തുന്നതെന്നും ഇങ്ങനെയുള്ള വാര്‍ത്തകള്‍ പുറംലോകം അറിയാതെ പോവുകയാണെന്നും വാദിച്ച് ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമാണ്.

ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ മുകളിലാണ് നമ്മള്‍ അന്വേഷണം നടത്തുന്നത്. ഏതാനും പേര്‍ ഒരു ശവമഞ്ചം ചുമന്നുകൊണ്ട് റോഡിലൂടെ പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പോലീസ് വാഹനത്തിന്‍റെ സൈറന്‍ കേട്ടപ്പോള്‍ ശവമച്ചം നടുറോഡില്‍ ഉപേക്ഷിച്ച് എല്ലാവരും ഓടിയകലുന്ന  കാഴ്ചയാണ് കാണാനാകുന്നത്. ഏതാനും നിമിഷങ്ങള്‍ക്കകം ‘മൃതദേഹവും’ ശവമഞ്ചത്തില്‍ നിന്നും എഴുന്നേറ്റ് ഓടി രക്ഷപ്പെടുന്ന രസകരമായ ദൃശ്യങ്ങള്‍ കാണാം. ആരോ സ്വകാര്യ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇതെന്ന് അനുമാനിക്കുന്നു. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: 

“ചത്ത ശവം എഴുന്നേറ്റ് ഓടുന്നത് കണ്ടിട്ടുണ്ടോ നിങ്ങൾ ?!.. ഇല്ലെങ്കിൽ അങ്ങ് ഗാസ വരെ ചെന്നാൽ കാണാം ഇസ്രായേൽ പോലീസ് വണ്ടിയുടെ സൈറൺ കേട്ടാൽ എഴുന്നേറ്റോടുന്ന പാലസ്തീനി ശവങ്ങളെ …😂

ഇതുപോലെയുള്ള അഭിനയം നടത്തി ലോകത്തെ വിഢികളാക്കി കിട്ടുന്ന പണം കൊണ്ടാണ് ഹമാസും പാലസ്തീനും കഴിഞ്ഞുകൂടുന്നതും ,വീണ്ടും ഭീകരപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരിക്കുന്നതും …”

archived linkFB post

ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് വെറും വ്യാജ പ്രചരണമാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.

വസ്തുത ഇതാണ് 

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഈ വീഡിയോ 2020 മാര്‍ച്ച് മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നതാണ് എന്ന് കാണാന്‍ കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയ ഈ വീഡിയോയെ കുറിച്ച് അറബി ഭാഷയിലെ ഒരു വെബ്സൈറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്: കൊറോണ വ്യാപനം നിയന്ത്രിക്കാന്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയ സമയത്ത് ജോര്‍ദാനില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ പുറത്തു പോകാന്‍ ഒരു വഴി കണ്ടെത്തി. കൂട്ടത്തില്‍ ഒരാളെ ശവമഞ്ചത്തില്‍ കിടത്തി അത് ചുമന്നു കൊണ്ട് ശവസംസ്ക്കാരത്തിന് പോകാം എന്നായിരുന്നു പദ്ധതി. എന്നാല്‍ പോലീസ് വാഹനത്തിന്‍റെ സൈറന്‍ കേട്ടപ്പോള്‍ ചെറുപ്പക്കാര്‍ എല്ലാരും ഓടി രക്ഷപ്പെട്ടു. മൃതദേഹമായി അഭിനയിച്ച യുവാവും ഓടി രക്ഷപ്പെട്ടു.

 മഹാമാരിയുടെ വ്യാപനം കുറക്കാന്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള ബിന്‍ അല്‍ ഹുസൈന്‍ എല്ലാവരും ഭരണകൂടത്തിന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ആരോഗ്യ മന്ത്രാലയം 17000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. 720 പേര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയിലുണ്ട്. കര്‍ഫ്യൂ കാലത്ത് ജനങ്ങള്‍ക്ക് വേണ്ട അവശ്യ വസ്തുക്കളും മരുന്നുകളും എത്തിച്ചു കൊടുക്കുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

ഇങ്ങനെയാണ് അറബി ഭാഷയിലെ ഉള്ളടക്കത്തിന്‍റെ പരിഭാഷ. 2020 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പലരും ഇതേ വിവരണത്തോടെ തന്നെ വീഡിയോ പങ്കു വച്ചിട്ടുണ്ട്. 

കൂടാതെ 2020 മാര്‍ച്ച് 26 ന് ഓറിയന്‍റ്  ടിവി എന്നൊരു യുട്യൂബ് ചാനല്‍ വീഡിയോയെപ്പറ്റി ഒരു വാര്‍ത്താ വിവരണം നല്‍കിയിട്ടുണ്ട്. അവരും ഇത് ജോര്‍ദാനില്‍ നടന്ന ഒരു ശവസംസ്ക്കാര നാടകം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാലസ്തിനും ഇസ്രയേലുമായി നിലവില്‍ നടക്കുന്ന ആഭ്യന്തര കലാപവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്.

നിഗമനം 

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ഈ വീഡിയോ പാലസ്ഥിനികള്‍ ലോകത്തെ വിഡ്ഢികളാക്കാന്‍ നടത്തുന്ന നാടകത്തിന്‍റെതല്ല. ജോര്‍ദാനില്‍ കഴിഞ്ഞ കൊല്ലം ഒരു കൂട്ടം ചെറുപ്പക്കാര്‍ ലോക്ക്ഡൌണ്‍ സമയത്ത് പുറത്തിറങ്ങാനായി നടത്തിയ ഒരു നാടകത്തിന്‍റെതാണ്. ഇസ്രയേലുമായോ പാലസ്തിനുമായോ അവിടെ ഇപ്പോള്‍ നക്കുന്ന ആഭ്യന്തര കലാപവുമായോ ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇസ്രായേലി പോലീസിനെ കണ്ടപ്പോള്‍ ‘മൃതദേഹം’ ഉപേക്ഷിച്ച് ഓടുന്ന പലസ്തിനികളുടെ നാടകം എന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമറിയൂ…

Fact Check By: Vasuki S 

Result: False