
പ്രചരണം
ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഓക്സിജന്‍ മാസ്ക് ഘടിപ്പിച്ച ഒരു വ്യക്തി ആശുപത്രി കിടക്കയില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങള്‍ കാണാം. തൊട്ടടുത്ത് ഡോക്ടര്‍മാരോടൊപ്പം പതഞ്‌ജലി യോഗപീഠം ആചാര്യന്‍ ബാബാ രാംദേവിനെയും കാണാം. ബാബാ രാംദേവിന്‍റെ അടുത്ത അനുയായി ആചാര്യ ബാലകൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന് എന്നാണ് പോസ്റ്റിലെ വാര്‍ത്ത അറിയിക്കുന്നത്. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: ….മറ്റുള്ളവർ ചാണകത്തിൽ കുളിക്കാനും ഗോമൂത്രം കുടിക്കാനും പറഞ്ഞ പതഞ്ചലി ചെയർമാൻ അച്ചാര്യ ബാല കൃഷ്‌ണ ജീവവായുവിന് വേണ്ടി പാടു പെടുന്നു……..” അതായത് കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആചാര്യ ബാലകൃഷ്ണ ശ്വാസം കിട്ടാതെ വിഷമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.
ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. ഇത് പഴയ വീഡിയോ ആണെന്നും തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണെന്നും കണ്ടെത്തി.
യാഥാര്‍ത്ഥ്യം ഇതാണ്
വീഡിയോ സൂക്ഷ്മമായി നോക്കിയാല്‍ രോഗിക്ക് ചുറ്റുമുള്ള ആരും തന്നെ മാസ്ക് ധരിച്ചിട്ടില്ല എന്ന് മനസ്സിലാകും. ഡോക്ടര്‍മാര്‍ പോലും മാസ്ക് ധരിച്ചിട്ടില്ല. മാത്രമല്ല, കോവിഡ് ബാധിതനായ ആളുടെ സമീപം ഇത്തരത്തില്‍ യാതൊരു സമ്പര്‍ക്കവും ആശുപത്രി അധികൃതര്‍ അനുവദിക്കില്ല. അതിനാല്‍ വീഡിയോ ഇപ്പോഴത്തേത് ആയിരിക്കാന്‍ സാധ്യതയില്ല എന്ന അനുമാനത്തില്‍ ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞു. ആചാര്യ ബാല്‍കൃഷ്ണയെ 2019 ഓഗസ്റ്റ് മാസം നെഞ്ചുവേദനയെ തുടര്‍ന്ന് ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. 47 വയസ്സ് പ്രായമുള്ള ബാല്‍കൃഷ്ണയ്ക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇക്കാര്യം അന്നത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കാർഡിയോളജിസ്റ്റ് അദ്ദേഹത്തെ പരിശോധിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ന്യൂസ് 18 പ്രസിദ്ധീകരിച്ച ഒരു വാർത്ത പ്രകാരം അദ്ദേഹത്തെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തതായും അറിയിക്കുന്നു. ബാല്‍കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പ്രസിദ്ധീകരിച്ച ന്യൂസ് 360 ലൈവ് എന്ന മാധ്യമത്തിന്‍റെ ഒരു വീഡിയോ യൂട്യൂബിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു.
പോസ്റ്റിൽ നൽകിയിരിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആചാര്യ ബാല്‍കൃഷ്ണയെ 2019 ല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച വേളയിലുള്ള വാർത്തയാണിത്. ഇപ്പോഴത്തെതല്ല.
അന്വേഷണത്തിൽ നിന്നും ആചാര്യ ബാല്‍കൃഷ്ണ നെഞ്ചുവേദന മൂലം എ ഐ എം എസിൽ പ്രവേശിപ്പിക്കപ്പെട്ട പഴയ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇപ്പോള്‍ അദ്ദേഹം കോവിഡ് ബാധിതനായി ശ്വാസമേടുക്കാന്‍ ബുദ്ധിമുട്ടുന്നു എന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ്
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് പതഞ്ജലി യോഗപീഠം ചെയര്‍മാന്‍ ബാല്‍കൃഷ്ണയ്ക്ക് 2019 ല്‍ നെഞ്ചുവേദന വന്നപ്പോള്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പഴയ വീഡിയോ, അദ്ദേഹം കോവിഡ് ബാധിച്ച് ആശുപത്രിയിൽ ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്നു എന്ന മട്ടിൽ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പതഞ്‌ജലി ചെയര്‍മാന്‍ ആചാര്യ ബാല്‍കൃഷ്ണ 2019 ല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കിടന്നപ്പോഴുള്ള പഴയ വീഡിയോ ഇപ്പോഴത്തേത് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നു
Fact Check By: Vasuki SResult: Misleading
