ആന്ധ്രയിലെ പഴയ വീഡിയോ ആംഫന്‍ ചുഴലിക്കാറ്റിന്‍റേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

സാമൂഹികം

വിവരണം

പശ്ചിമബംഗാൾ ഒറീസ തീരങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചു കൊണ്ട് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ആംഫന്‍ ചുഴലികാറ്റിന്‍റെ പ്രതിഫലനങ്ങള്‍ കാറ്റായും മഴയായും ന്യൂനമര്‍ദ്ദമായും ഇന്ത്യയിലെ മിക്കവാറും ജില്ലകളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ദിവസവുംഇതേപ്പറ്റി മാധ്യമ വാർത്തകള്‍ നാം കാണുന്നുണ്ട്. കോവിഡ് ഭീതിക്കിടയിൽ ഈ ചുഴലിക്കാറ്റ് ഉയർത്തുന്ന ആശങ്ക ചെറുതല്ല. വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഈ ചുഴലിക്കാറ്റിന്‍റെ വീഡിയോകൾ പ്രചരിച്ചു വരുന്നുണ്ട്. 

ആംഫന്‍ ചുഴലിക്കാറ്റിന്‍റേത് എന്ന രീതിയില്‍ ഇക്കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. ഈ പോസ്റ്റിന്‍റെ  വസ്തുതാ അന്വേഷണത്തിനായി വായനക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥന ലഭിച്ചിരുന്നു. 

ശക്തിയിൽ വീശിയ കൊടുങ്കാറ്റില്‍ വലിയ കണ്ടെയ്നർ ലോറികൾ പോലും മറിഞ്ഞ് കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന അനേകം  കണ്ടെയ്നർ ലോറികളാണ് കൊടുങ്കാറ്റില്‍ മറിഞ്ഞു കിടക്കുന്നത്. 

archived linkFB post

ആംഫന്‍ ചുഴലിക്കാറ്റിന്‍റെ ഭീകരതയുടെ ദൃശ്യങ്ങള്‍ നാം മാധ്യമങ്ങളിലൂടെ കാണുന്നുണ്ട്. അതിവിനാശം വിതച്ചു കൊണ്ട് ആംഫന്‍ കടലില്‍ നിന്നും കരയിലെത്തിയിരിക്കുകയാണ്. എന്നാല്‍ ഈ പോസ്റ്റിലെ ദൃശ്യങ്ങൾ ഇപ്പോൾ വീശി കൊണ്ടിരിക്കുന്ന ആംഫന്‍ ചുഴലിക്കാറ്റിന്‍റേതല്ല എന്നാണ് ഞങ്ങൾക്ക് അന്വേഷണത്തിൽ നിന്നും മനസ്സിലായത്.  ഈ ദൃശ്യങ്ങൾ എപ്പോഴത്തെതാണ് എന്ന് അന്വേഷണത്തില്‍ ലഭിച്ച വസ്തുതകള്‍ നിങ്ങളുമായി പങ്കു വയ്ക്കാം. 

വസ്തുത വിശകലനം 

ഞങ്ങൾ ഈ വീഡിയോയിൽ നിന്നും സ്ക്രീൻഷോട്ടുകൾ എടുത്തശേഷം റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി.  

ഈ വീഡിയോ 2018 ആന്ധ്രപ്രദേശിലും ഒറീസയിലും വിനാശം വിതച്ച തിത്തലി കൊടുങ്കാറ്റിന്‍റേതാണ്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം പലാസ പ്രദേശങ്ങളില്‍ തിത്തലി കൊടുങ്കാറ്റിന്‍റെ ഫലമായി വന്ന നാശനഷ്ടങ്ങള്‍ എന്ന വിവരണത്തോടെ ഇതേ വീഡിയോ 2018 ഒക്ടോബര്‍ 11 നു യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

archived link 

ആന്ധ്രപ്രദേശ് ഒറീസ തീരങ്ങളില്‍ 2018 ഒക്ടോബറില്‍ വീശിയടിച്ച തിത്തലി കൊടുങ്കാറ്റിന്‍റേതാണ് പോസ്റ്റിലെ വീഡിയോ എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കാരണം ഇതേ വീഡിയോ 2018 ഒക്ടോബർ മാസം മുതൽ ഇൻറർനെറ്റിൽ പ്രചരിക്കുന്നതാണ്. 

archived link 

“ഒക്ടോബർ 11 ന് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ദേശീയപാതയിൽ നിരവധി ഹെവി ട്രക്കുകൾ ടിറ്റ്‌ലി ചുഴലിക്കാറ്റില്‍ മറിഞ്ഞു. കവിറ്റി ഗ്രാമത്തിനടുത്തുള്ള ഹൈവേ ഇപ്പോള്‍ കണ്ടാല്‍ ഒരു യുദ്ധമേഖലയാണോ എന്ന് തോന്നും. ഒക്ടോബർ 10 ന് രാത്രി ശ്രീകാകുളം ജില്ലയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടഞ്ഞതായി ജില്ലാ ഉദ്യോഗസ്ഥർ അറിയിച്ചു.

എന്നിരുന്നാലും, കുറച്ചുപേർ മുന്നറിയിപ്പ് അവഗണിച്ച് ജില്ലയിലേക്ക് കടന്നിട്ടുണ്ട്. രക്ഷപ്പെട്ടതായി കരുതുന്ന ഡ്രൈവർമാരുടെ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയാണ്, ഉദ്യോഗസ്ഥർ പറഞ്ഞു”. എന്ന വിവരണം വീഡിയോയുടെ ഒപ്പം ഡെയിലി മോഷന്‍ എന്ന മാധ്യമം നല്‍കിയിട്ടുണ്ട്.

ആംഫന്‍ ചുഴലിക്കാറ്റ് കല്‍ക്കട്ട നഗരത്തില്‍ കനത്ത നാശനഷ്ടമാണ് വരുത്തുന്നുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്തയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും അവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇപ്പോൾ വീശിയടിക്കുന്ന ആംഫന്‍ ചുഴലിക്കാറ്റുമായി പോസ്റ്റിലെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. പഴയ വീഡിയോ ആണ് ഇപ്പോഴത്തെ ആംഫന്‍ ചുഴലിക്കാറ്റിന്‍റേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്. 

സമാന രീതിയിൽ തന്നെയാണ് ആംഫന്‍ ചുഴലിക്കാറ്റും വിനാശം വിതച്ച കൊണ്ടിരിക്കുന്നത്.

നിഗമനം 

പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ് ഈ വീഡിയോ ഇപ്പോൾ ഒറീസ ബംഗാൾ തീരങ്ങളിൽ വിനാശം വിതച്ച കൊണ്ടിരിക്കുന്ന ആംഫന്‍ ചുഴലിക്കാറ്റിന്‍റെതല്ല. ആന്ധ്രപ്രദേശ് ഒറീസ തീരങ്ങളില്‍ 2018 ഒക്ടോബറിൽ വന്ന തിത്തിലി കൊടുങ്കാറ്റിന്‍റെതാണ്. 

Avatar

Title:ആന്ധ്രയിലെ പഴയ വീഡിയോ ആംഫന്‍ ചുഴലിക്കാറ്റിന്‍റേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False