ലക്ഷങ്ങളും കോടികളും വിലവരുന്ന വസ്തുക്കള്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടയ്ക്ക് വരാറുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഭാര്യ അടുത്തകാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 32 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് കാണിക്കയായി സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച, വജ്രങ്ങള്‍ പതിച്ച അനന്തശയന രൂപം ലഭിച്ചുവെന്ന് അവകാശപ്പെട്ട് വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

പ്രചരണം

ശ്രീ അനന്തപത്മനാഭന്‍റെ മനോഹരമായ അനന്തശയന രൂപത്തിലുള്ള വിഗ്രഹമാണ് ദൃശ്യങ്ങളിൽ കാണുന്നത്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചതാണെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ജോയ് ആലുക്കാസ് ജ്വല്ലെറിയും ഭീമ ജ്വല്ലെറിയും ചേർന്ന് തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സമർപ്പിച്ച വജ്രവും സ്വർണവും ചേർത്തുള്ള അനന്തശയനം...”

FB post | archived link

എന്നാൽ ഈ വിഗ്രഹത്തിന് തിരുവനന്തപുരത്തെ അനന്തപത്മനാഭസ്വാമി ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും ഹൈദരാബാദിലെ ജ്വല്ലറി നിർമ്മിച്ചതാണ് ഈ വിഗ്രഹമെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഞങ്ങൾക്ക് ശിവനാരായണൻ ജ്വല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലഭിച്ചു. സമാന വീഡിയോ പേജിൽ നൽകിയിട്ടുണ്ട്.

വിഗ്രഹം ഭീമ ജ്വല്ലറി തിരുവനന്തപുരം ചെയർമാൻ ഡോ. ബി. ഗോവിന്ദന് സമർപ്പിക്കുന്നുവെന്ന് ഒപ്പമുള്ള വിവരണത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

കൂടാതെ പിടിഐ ന്യൂസ് ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിച്ച വീഡിയോ റിപ്പോർട്ട് പ്രകാരം വിഗ്രഹം ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമാക്കി നിർമ്മിച്ചതാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ശിവ് നാരായൺ ജ്വല്ലേഴ്‌സ് അവരുടെ ഏറ്റവും പുതിയ മാസ്റ്റർപീസ് അനാച്ഛാദനം ചെയ്തു, തിരുവനന്തപുരത്തെ അതേ പേരിലുള്ള ക്ഷേത്രത്തിലെ ശ്രീ അനന്ത് പത്മനാഭസ്വാമിയുടെ പ്രതിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യോഗ നിദ്ര അല്ലെങ്കിൽ യോഗ നിദ്രയിൽ മഹാവിഷ്ണുവിനെ ചിത്രീകരിക്കുന്ന വിഗ്രഹം. വിഗ്രഹത്തിന് 8 ഇഞ്ച് ഉയരവും 18 ഇഞ്ച് നീളവും 2.8 കിലോഗ്രാം ഭാരവുമുണ്ട്. 75,000-ത്തിലധികം ഉയർന്ന നിലവാരമുള്ള വജ്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, മൊത്തം 500 കാരറ്റ്.”

അനന്തപത്മനാഭസ്വാമിയുടെ പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഒന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് സമർപ്പിക്കപ്പെട്ടതാണ് എന്ന് നൽകിയിട്ടില്ല കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ പത്മനാഭസ്വാമി ക്ഷേത്രം പബ്ലിക് റിലേഷൻസ് ഓഫീസറുമായി സംസാരിച്ചു. അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഇത് തികച്ചും വ്യാജപ്രചരണമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇത്തരത്തിൽ ഒരു വിഗ്രഹം ആരും സമർപ്പിച്ചിട്ടില്ല സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ പ്രചരണമാണ് വീഡിയോയുമായി ബന്ധപ്പെട്ട് നടത്തുന്നത്.”

കൂടാതെ ഞങ്ങൾ തിരുവനന്തപുരം ഭീമ ജ്വല്ലറി പബ്ലിക് റിലേഷൻസ് ഓഫീസിലുമായി ബന്ധപ്പെട്ടു. അദ്ദേഹം നൽകിയ വിശദീകരണം: “തെറ്റായ വാർത്തയാണ്, ഈ വീഡിയോ തെറ്റായ ഒരു ക്യാപ്ഷൻ നൽകി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. ജോയ് ആലുക്കാസ് ജ്വല്ലറിയുമായി ചേർന്ന് ഞങ്ങൾ ഇങ്ങനെ യാതൊരു പ്രോജക്ടുകളും നടപ്പിലാക്കുന്നില്ല. പൂർണമായും തെറ്റായ പ്രചരണമാണ് ഈ വിഗ്രഹം യഥാർത്ഥത്തിൽ ഞങ്ങൾ ഡിസ്പ്ലേയ്ക്ക് വേണ്ടി തയ്യാറാക്കിയതാണ് അല്ലാതെ മറ്റ് ഉദ്ദേശങ്ങൾ ഇല്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. തിരുവനന്തപുരം ഭീമ ചെയർമാൻ ഡോക്ടർ പി ഗോവിന്ദന് വേണ്ടി ശിവനാരായണ ജ്വല്ലേഴ്സ് എന്ന സ്ഥാപനം നിർമ്മിച്ച അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹമാണിത്. ജോയി ആലുക്കാസ് ജ്വല്ലറിയുമായി ചേർന്ന് ഭീമ ജ്വല്ലറി ഇത് പത്മനാഭസ്വാമി ക്ഷേത്രത്തിന് സമർപ്പിക്കുന്നു എന്ന വാർത്ത പൂർണമായും തെറ്റാണ്. ക്ഷേത്രം അധികൃതരും ഭീമ ജ്വല്ലറിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പത്മനാഭസ്വാമി ക്ഷേത്രത്തിന് സമര്‍പ്പിച്ച അനന്തശയന വിഗ്രഹം – പ്രചരണത്തിന്‍റെ സത്യമിങ്ങനെ...

Written By: Vasuki S

Result: False