ആന്ധ്രയില്‍ നിന്നുമുള്ള രേവതി ഐ‌എ‌എസ് അല്ല, എസ്‌ഐ പരീക്ഷയാണ് വിജയിച്ചത്…

സാമൂഹികം

വിവരണം

കഴിഞ്ഞ ദിവസം സിവിൽ സർവീസസ് പരീക്ഷയുടെ റിസൾട്ട് വന്നിരുന്നു. കേരളത്തിൽ അഞ്ചാം റാങ്കുൾപ്പെടെ ഏഴു റാങ്കുകൾ മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. മുമ്പുള്ളതിൽ നിന്നും വിഭിന്നമായി സാധാരണ കുടുംബങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾക്ക് ഇപ്പോൾ ഐഎഎസ് ലഭിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. 

സിവിൽ സർവീസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വാർത്തയാണ് നമ്മൾ ഇന്നിവിടെ അന്വേഷിക്കുന്നത്. 

archived linkFB post

ഇടിഞ്ഞു വീഴാറായ ഒരു കുടിലിന്‍റെയും ആ കുടിലിന് മുന്നില്‍ മുതിര്‍ന്ന സ്ത്രീയും പുരുഷനും ഒരു പെണ്‍കുട്ടിയുടെ വായിലേയ്ക്ക് മധുരം പകരുന്നതിന്‍റെയും ചിത്രങ്ങളും അതിനു മുകളില്‍ ഇതൊന്നും ആരും ഷെയര്‍ ചെയ്യില്ല സിനിമാനടിയെ പീഡിപ്പിച്ചതായിരുന്നേല്‍ എത്ര ഷെയര്‍ ആയിരുന്നു, IAS നേടിയതാണ് എന്ന വാചകങ്ങളും കൊടുത്തിട്ടുണ്ട്. പോസ്റ്റിന് അടിക്കുറിപ്പായി ഇതൊന്നും ആരും ഷെയർ ചെയ്യില്ല കാരണം ഇവർ പാവങ്ങളല്ലേ എന്നും നല്‍കിയിട്ടുണ്ട്. പോസ്റ്റിന് 5000 ലധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. 

പോസ്റ്റില്‍ നല്കിയിരിക്കുന്ന ചിത്രത്തിലെ കുടിലില്‍ താമസിക്കുന്ന പെണ്‍കുട്ടിക്ക് ഐ‌എ‌എസ് ലഭിച്ചു എന്നാണ് പോസ്റ്റിലെ അവകാശവാദം. എന്നാല്‍ ചിത്രത്തിലുള്ളത് ഐ‌എ‌എസ് നേടിയ പെണ്‍ കുട്ടിയല്ല. യാഥാര്‍ഥ്യം മറ്റൊന്നാണ്. എന്താണെന്ന് വിശദമാക്കാം.

വസ്തുതാ വിശകലനം

ഞങ്ങള്‍ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രത്തെ സംബന്ധിച്ച ചില വിവരങ്ങള്‍ ലഭ്യമായി. അതില്‍ പ്രധാനമായും ചിത്രത്തിലെ കുട്ടിക്ക് ഐ‌എ‌എസ് ലഭിച്ചു എന്നു തന്നെ അവകാശപ്പെടുന്ന 2017 ജൂലൈ 8 മുതല്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍, ആന്ത്രയില്‍ നിന്നുമുള്ള രേവതി എന്നു പേരായ ഈ കുട്ടിക്ക് എസ്‌ഐ ആയി നിയമനം ലഭിച്ചു എന്നു വിവരണമുള്ള 2017 മാര്‍ച്ച് 26 നു പ്രസിദ്ധീകരിച്ച വാര്‍ത്ത, മധ്യപ്രദേശില്‍ നിന്നുള്ള രംഭ ചൌഹാന്‍ എന്ന പെണ്‍കുട്ടിക്ക് ജയില്‍ സൂപ്രണ്ടായി നിയമനം ലഭിച്ചു എന്ന 2017 ഡിസംബര്‍ 12 നു പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്ത. നിരവധി പ്രമുഖര്‍ രേവതിക്ക് ഐ‌എ‌എസ് ലഭിച്ച വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 

2017 ല്‍ ഉയര്‍ന്ന റാങ്കില്‍ ഐ‌എ‌എസ് ലഭിച്ചവരുടെ ലിസ്റ്റില്‍ രേവതിയുടെ പേരില്ല. 

ജേര്‍ണലിസംപവര്‍ എന്ന മാധ്യമം 2017 മാര്‍ച്ച് 26 നു പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് കുറച്ചുകൂടി വിശ്വസനീയമായി എടുക്കാന്‍ സാധിക്കുന്നത്. “ആന്ത്രയിലെ കൃഷ്ണ ജില്ലയിലെ ആവണിഗഡ്ഡ എന്ന സ്ഥലത്ത് പുറംബോക്കിലെ തകര്‍ന്നു വീഴാറായ കുടിലില്‍ നിന്നും  ദാരിദ്യത്തോട് പൊരുതി വിദ്യാഭ്യാസം നേടിയ രേവതി എസ്‌ഐ റാങ്ക് ലിസ്റ്റില്‍ ആദ്യ ചാന്‍സില്‍ പൊതുവിഭാഗത്തില്‍  തന്നെ കയറിപ്പറ്റി” എന്നാണ് തെലുങ്കു ഭാഷയിലെ വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന വിവരണം.

archived link

രേവതി ഇപ്പോള്‍ ആന്ത്രയിലെ രാജമുണ്ട്രി പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആണെന്നും രേവതിയുമായി നേരിട്ടു സംസാരിച്ചുവെന്നും ഓള്‍ട്ട് ന്യൂസ് എന്ന വസ്തുതാ അന്വേഷണ ഏജന്‍സി ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്. രേവതിയുടെ പോലീസ് വേഷത്തിലുള്ള പുതിയ  ചിത്രവും ലേഖനത്തിലുണ്ട്. 

തെലുഗുഎ‌പി2 എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു.

archived link

ഏതാണ്ട് 2017 മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഐ‌എ‌എസ് നേടിയ പെണ്‍കുട്ടി എന്ന വിവരണത്തോടെ പ്രചരിക്കുന്ന ചിത്രത്തിലെ രേവതി എന്ന കുട്ടി യഥാര്‍ഥത്തില്‍ എസ്‌ഐ പരീക്ഷയാണ് പാസായത്. ഐ‌എ‌എസ് പരീക്ഷയുമായി ഈ കുട്ടിക്ക് യാതൊരു ബന്ധവുമില്ല. 

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ചിത്രത്തിലെ കുട്ടി ഐ‌എ‌എസ് നേടിയതല്ല, എസ്‌ഐ പരീക്ഷയില്‍ വിജയിച്ച് എസ്‌ഐ ആയി നിയമനം ലഭിച്ചതാണ്. തെറ്റായ വിവരണത്തോടെ ഈ ചിത്രം 2017 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Avatar

Title:ആന്ധ്രയില്‍ നിന്നുമുള്ള രേവതി ഐ‌എ‌എസ് അല്ല, എസ്‌ഐ പരീക്ഷയാണ് വിജയിച്ചത്…

Fact Check By: Vasuki S 

Result: False