
വിവരണം
എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 19 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 48000 ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. “ഇത് എല്ലാവരും ഷെയർ ചെയ്യണം കാരണം ഓരോ രോഗികൾക്കും അവരുടെ കുടുംബത്തിനും സമൂഹത്തിനും സന്തോഷമായ വാക്കുകളാണ് പ്ലീസ് ഷെയർ…” എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്ന പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ പറ്റിയാണ്. “ലോകം കൈയ്യടിക്കുന്നു. കാൻസറിന് മരുന്ന്. അഭിമാനനേട്ടവുമായി ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്… കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിലൂടെ കുത്തിവയ്ക്കാവുന്ന മരുന്ന് എലികളിൽ പരീക്ഷിച്ചു വിജയിച്ച് ക്ലിനിക്കൽ പരീക്ഷണത്തിനായി കൈമാറി… അഭിമാനിക്കാം നാം ഓരോ മലയാളിക്കും..”

Archived Link |
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത കേരളത്തിലെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കാൻസറിനെതിരെ മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു എന്നതാണ്. കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ കഴിവുള്ളതാണ് മരുന്ന് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു. മനുഷ്യ ശരീരത്തിൽ ഹൃദയം ഒഴികെ ബാക്കിയുള്ള എല്ലാ അവയവങ്ങളും കാൻസർ വരാം എന്നാണ് നാം പതിച്ചിരിക്കുന്നത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച മരുന്ന് എല്ലാത്തരം കാൻസർ രോഗങ്ങൾക്കും ഏകീകൃതമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണോ..? രോഗത്തിന്റെ ഏതു ഘട്ടത്തിലാണ് മരുന്ന് ഉപയോഗിക്കാനാവുക..? മരുന്നുപയോഗം കാൻസർ രോഗം പൂർണ്ണമായും മാറ്റുമോ..? ഇത്തരം സംശയങ്ങൾക്ക് നമുക്ക് ഉത്തരം കണ്ടെത്താം
വസ്തുതാ വിശകലനം
ഈ പോസ്റ്റിൽ വവസ്തുതകൾ പൂർണ്ണമായും നൽകിയിട്ടില്ല. അതായത് ഈ വാർത്ത എവിടെ നിന്നാണ് ലഭിച്ചത്..? എല്ലാത്തരം കാൻസർ രോഗങ്ങൾക്കും ഈ മരുന്ന് ഉപയോഗിക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ വാർത്തയിലില്ല. ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. ഏതാനും മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്
manoramaonline | archived link |
news18 | archived link |
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്സിടിഎംഎസ്ടി) മനുഷ്യ സെറം ആൽബുമിനുമായി സംയോജിപ്പിച്ച് ഒരു കാൻസർ ചികിൽസാ മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് മനുഷ്യ സെറമായ ആൽബുമിനും പ്ലാന്റ് അധിഷ്ഠിത മരുന്നും ചേർന്നതാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ പറഞ്ഞു. “ഞങ്ങൾ പ്രാഥമിക മൃഗ പരീക്ഷണങ്ങൾ നടത്തി, ഇത് കാൻസർ കോശവളർച്ചയെ തടയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്..
ക്ലിനിക്കൽ പരീക്ഷണങ്ങൾ വിവിധ ഘട്ടങ്ങളിൽ ചെയ്യേണ്ടതിനാൽ കുറച്ച് സമയമെടുക്കും, ഇത് മരുന്ന് കമ്പനി ഏറ്റെടുക്കും ”, ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യ ശരീരവുമായി കൂടുതൽ പൊരുത്തപ്പെടുന്ന മനുഷ്യ ആൽബുമിൻ ഉപയോഗിക്കുന്ന ഈ കോമ്പിനേഷൻ ആദ്യത്തേതാണ്. മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ..
ഞങ്ങൾ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി നേരിൽ ബന്ധപ്പെട്ടു. ഇത്തരത്തിൽ ഒരു കാര്യം സത്യമാണെന്ന് പിആർഒ വ്യക്തമാക്കി. “എന്നാൽ പോസ്റ്റിൽ പറയുന്നത് പൂർണ്ണമായും ശരിയല്ല. മഞ്ഞൾ ചെടിയിൽ നിന്നുമുള്ള ഒരു രാസവസ്തു ഹ്യൂമൻ ആൽബുമിനുമായി ചേർന്ന് വെള്ളത്തിൽ അലിയുന്ന ഒരു ടെക്നോളജിയാണ് യഥാർത്ഥത്തിൽ വികസിപ്പിച്ചിട്ടുള്ളത്. ഒരു മരുന്ന് എന്നതിനേക്കാൾ ഒരു സാങ്കേതികതയാണത്. വെള്ളത്തിൽ അലിയുമായിരുന്നില്ല എന്നതിനാലാണ് കാൻസർ മരുന്നുകൾ രക്തത്തിലേക്ക് നേരിട്ട് കുത്തിവെയ്ക്കാൻ കഴിയാതിരുന്നത്. ഇപ്പോൾ ആ ടെക്നോളജിയാണ് യഥാർത്ഥത്തിൽ ഞങ്ങൾ വികസിപ്പിച്ചിരിക്കുന്നത്.എന്നാൽ ഇതുവരെ പ്രായോഗികമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. അതിന് ഇനിയും കാലതാമസമുണ്ട്. ഏതുതരം കാൻസറുകൾക്കാണ് ഉപയോഗിക്കാനാകുന്നത് എന്നതിനും പഠനങ്ങൾ വേണം. എത്രനാൾ എങ്ങനെ ചികിൽസ ആവശ്യമാണ് എന്ന കാര്യങ്ങളൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല ”
ശ്രീചിത്രയിൽ നിന്നും ലഭിച്ച ലേഖനത്തിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു. അതിന്റെ പരിഭാഷ ഇങ്ങനെയാണ് :
“മഞ്ഞൾ സസ്യത്തിൽനിന്നും വേർതിരിച്ചെടുത്ത പ്രകൃതിദത്ത പോളിഫെനോളാണ് കുർക്കുമിൻ (കുർക്കുമ ലോംഗ എൽ.). കുർക്കുമിൻ വിഷരഹിതമാണ്; എന്നാൽ ശുദ്ധമായ രൂപത്തിൽ വായിലൂടെ കഴിക്കുമ്പോൾ പരിമിതമായ ഗുണങ്ങൾ മാത്രമേ ലഭ്യമാകുകയുള്ളു . ആൻറി കാൻസർ, കോശജ്വലന പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ജൈവ ഗുണങ്ങൾ പ്രസ്തുത സസ്യത്തിനുണ്ട്. മറ്റ് പല ക്ലാസിക് കീമോതെറാപ്പിക് മരുന്നുകളുടെയും ആന്റിട്യൂമർ ഇഫക്റ്റുകൾ വർദ്ധിപ്പിക്കുന്നതിനും ഇത് അറിയപ്പെടുന്നു.
ഈ കണ്ടുപിടുത്തം മഞ്ഞളിലെ ഘടകമായ കുർക്കുമിൻ ലായകത 100 മടങ്ങ് വർദ്ധിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. മനുഷ്യ രക്തത്തിലെ ഏറ്റവും സമൃദ്ധമായ പ്രോട്ടീൻ ആൽബുമിൻ ആണ്, ശുദ്ധീകരിച്ച ആൽബുമിൻ മറ്റ് ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു
ഫാർമക്കോപ്പിയ ഗ്രേഡ് ആൽബുമിൻ, 94% വാണിജ്യപരമായി ലഭ്യമായ കുർക്കുമിൻ എന്നിവ സംയോജിപ്പിച്ചാണ് നിലവിലെ ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നത്. ആൽബുമിനുമായുള്ള പ്രതിപ്രവർത്തനത്തിന്റെ കാര്യത്തിൽ സംയോജിത കുർക്കുമിൻ സ്ഥിരതയുള്ളതാണെന്ന് തെളിയിക്കപ്പെടുന്നു, കൂടാതെ നിലവിൽ അറിയപ്പെടുന്ന കുർക്കുമിന്റെ എല്ലാ ജൈവ ഗുണങ്ങളും സംയോജനം നിലനിർത്തുന്നു.
മെച്ചപ്പെട്ട സംഭരണ ഷെൽഫ് ജീവിതത്തിനായി ശുദ്ധീകരിക്കുകയും ലയോഫിലൈസ് ചെയ്യുകയും പൊടിയായി സൂക്ഷിക്കുകയും ചെയ്യുന്നു. ലയോഫിലൈസ്ഡ് പൊടി 2 മിനിറ്റിനുള്ളിൽ ഫിസിയോളജിക്കൽ ലവണത്തിൽ ലയിക്കുന്നു, മൃഗ പരീക്ഷണങ്ങളിലൂടെ ഇത് ഇൻട്രാവൈനസ് അഡ്മിനിസ്ട്രേഷന് സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ട്.
SCTAC2010: is a product which comprises anticancer/anti-inflammatory drug conjugated to human serum albumin It is an intravenous delivery system, enabling 100 fold increase in drug bioavailability. Clinical trials in humans have to be completed and results assessed as the ensuing steps towards commercialization.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഈ ഗവേഷണം പൂർത്തിയായി വരുന്നതേയുള്ളു എന്നാണ്. ഗവേഷണം ഫലവത്തായി വരുകയാണ്. കാൻസറിനെതിരെ മരുന്ന് ശ്രീചിത്ര കണ്ടുപിടിച്ചു എന്നത് ശരിയാണ്. എന്നാൽ ഇനിയും പരീക്ഷണങ്ങളും ഗവേഷണങ്ങളും രണ്ടുമൂന്ന് വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കിയാൽ മാത്രമേ മനുഷ്യരിൽ ഉപയോഗിക്കാനാകൂ. ഏതൊക്കെ തരാം കാൻസറിനാണ് ഇത് ഉപയോഗിക്കാൻ സാധിക്കുക എന്നതും ഇപ്പോൾ വ്യക്തമായി പറയാൻ കഴിയില്ല. അതിന് ഇനിയും പരീക്ഷണങ്ങൾ വേണം.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കാൻസറിനെതിരെയുള്ള മരുന്ന് ഗവേഷണത്തിൽ വിജയം കണ്ടു തുടങ്ങി എന്നതാണ് വാർത്ത. എന്നാൽ മരുന്ന് ഉപയോഗത്തിൽ വന്നിട്ടില്ല. ഗവേഷകർ വിജയകരമായി കാൻസറിനെതിരെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഗവേഷണം പകുതി വഴിയായതേയുള്ളു. മനുഷ്യരിൽ ഇത് ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. മൂന്നു വർഷം കൊണ്ട് മാത്രമേ ഗവേഷണം പൂർത്തിയായി മരുന്ന് വിജയകരമായി എന്ന് അവകാശപ്പെടാൻ സാധിക്കൂ.
നിഗമനം
ഈ പോസ്റ്റിൽ നല്കിയിരിക്കുന്നതിൽ ഒരു കാര്യം സത്യമാണ്. ബാക്കിയുള്ളവ അപൂർണ്ണമാണ്. കാൻസർ മരുന്ന് കണ്ടെത്തുന്ന ഗവേഷണങ്ങൾ ഫലവത്തായി വരുന്നു. എന്നാൽ ഉപയോഗിക്കാറായില്ല. അതിനാൽ മാന്യ വായനക്കാർ മുകളിൽ നൽകിയിരിക്കുന്ന വസ്തുതകൾ നന്നായി മനസ്സിലാക്കിയ ശേഷം മാത്രം പോസ്റ്റ് പ്രചരിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.

Title:ശ്രീചിത്രയിൽ കണ്ടുപിടിച്ച കാൻസർ മരുന്ന് ഉപയോഗത്തിൽ വന്നോ..
Fact Check By: Vasuki SResult: Mixture
