നൈജീരിയയില്‍ ക്രിസ്ത്യന്‍ കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നു എന്ന് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയുടെ സത്യമറിയൂ…

അന്തര്‍ദേശീയം | International

നൈജീരിയയില്‍ ക്രൈസ്തവ സമുദായത്തില്‍പ്പെട്ട കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

മുറ്റത്ത് ഉണ്ടാക്കിയ കുഴിയിലേയ്ക്ക് ഒരാള്‍ വീട്ടിനുള്ളില്‍ നിന്നും ചെറിയ കുട്ടികളെ പിടിച്ചുവലിച്ചു കൊണ്ടുവരുന്നതും കുഴിയില്‍ തള്ളിയിട്ട ശേഷം മണ്ണിട്ട്‌ മൂടുന്നതും കാണാം. സമീപത്ത് നില്‍ക്കുന്ന സ്ത്രീ ഇയാളെ തടയാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. നടുക്കമുണ്ടാക്കുന്ന ഈ വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “നൈജീരിയ യിൽ ക്രിസ്ത്യാനി ആയത് കൊണ്ട് (മുസ്ലിം അല്ലാത്ത ത് കൊണ്ട് )പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്നു. മുസ്ലിം ജിഹാദി കൾ🥷🏿കാഫിയ ചുറ്റിയ 🥷🏿വൃന്താകാരാട്ട്🥷🏿എം എ ബേബി തണ്ണിമത്തൻ ബാഗ് കൊണ്ട് ഫാഷൻ ഷോ നടത്തിയ പിങ്കി മോൾ🥷🏿ഗാസ്സയിലെ കുഞ്ഞുങ്ങളുടെ പേരുവായിച്ചവർ മൈയിം കളിച്ചവർ ബാന്നർ പിടിച്ചവർ ഘോര ഘോരം ഇസ്രായേലിനെതിരെ അട്ടഹസിച്ചവർ ന ഇസ്‌ലാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ട എല്ലാ ക്രിസ്ത്യൻ കുഞ്ഞുങ്ങൾക്കും സഹോദരിമാർക്കും സഹോദരങ്ങൾക്കും ആദരാജ്ഞലികൾ 😢🙏 നിത്യതയിൽ ദൈവം ഇതിനുള്ള പ്രതിഫലം തരട്ടെ”

threadsarchived link

എന്നാല്‍ ഇത് കണ്ടന്‍റ് ക്രിയേഷന് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണെന്നും യഥാര്‍ത്ഥമല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍  കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ ദൃശ്യങ്ങളുടെ കീ ഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സെപ്റ്റംബര്‍ അവസാന ആഴ്ച മുതല്‍ പ്രചരിക്കുന്ന വീഡിയോ ആണിത് എന്ന് മനസ്സിലായി. കൂടുതല്‍ വീഡിയോകളും കെനിയന്‍ ഭാഷയായ സാഹിലിയിലാണ് ഉള്ളത്. പല വീഡിയോകളുടെ കമന്റ് ബോക്സുകള്‍ പരിശോധിച്ചാല്‍ ഈ ദൃശ്യങ്ങളുടെ സ്വാഭാവികതയെ പറ്റിയും യാഥാര്‍ത്ഥ്യത്തെ പറ്റിയും പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് കാണാം. 

അതിനാല്‍ ഞങ്ങള്‍ കൂടുതല്‍ തിരഞ്ഞപ്പോള്‍ മറ്റൊരു വീഡിയോ  ലഭിച്ചു. 

വൈറല്‍ വീഡിയോയുടെ ചിത്രീകരണം വിശദമാക്കുന്നതാണ് ഇതിലെ ദൃശ്യങ്ങള്‍. കുഴിയിലേയ്ക്ക് ഇട്ട കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ അടിയിലൂടെ മറ്റൊരു തുരങ്കം ഉണ്ടായിരുന്നു എന്നും കുട്ടികള്‍ അതിലൂടെ അപ്പുറത്ത് കടന്നിരുന്നു എന്നും ദൃശ്യങ്ങളില്‍ കാണിക്കുന്നു. വീഡിയോ കണ്ടന്‍റ് ക്രിയേഷന് വേണ്ടി ചിത്രീകരിച്ചതാണെന്നും യഥാര്‍ത്ഥമല്ലെന്നും വീഡിയോയില്‍ കുട്ടികളെ കുഴിയിലിട്ട് മൂടിയ പ്രവൃത്തി ചെയ്തയാളെ പോലിസ് അറസ്റ്റ് ചെയ്തുവെന്നും അവരെയും പോലിസ് ചോദ്യം ചെയ്തുവെന്നും വ്യാകുലപ്പെട്ട് അവര്‍ പറയുന്നുണ്ട്. ഞങ്ങള്‍ അവരുടെ സംഭാഷണം elevenlabs എന്ന വെബ്സൈറ്റ് ഉപയോഗിച്ച് വേര്‍തിരിച്ചെടുത്ത് വിവര്‍ത്തനം ചെയ്തു നോക്കിയപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. 

വിശദീകരണം ഉള്‍പ്പെടുത്തി പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ പ്രതിയുടെ ചിത്രം കൊടുത്തിരിക്കുന്നത് ടിക്ടോകില്‍ നിന്നും എടുത്തതാണ്. അതില്‍ പ്രൊഫൈല്‍ നെയിം കൊടുത്തിരിക്കുന്നത് asli.cdy എന്നാണ്. ഈ സൂചന വച്ച് ടിക്ടോക്കില്‍ തിരഞ്ഞപ്പോള്‍ ഈ അക്കൌണ്ട് ലഭിച്ചു. ഇതേ വീടിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച നിരവധി വീഡിയോകള്‍ ഇവരുടെ പേജില്‍ കാണാം. 

ഇങ്ങനെ ഒരു സംഭവം യഥാര്‍ത്ഥത്തില്‍ നടന്നിരുന്നു എങ്കില്‍ തീര്‍ച്ചയായും മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുമായിരുന്നു. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് യാതൊരു വാര്‍ത്തകളും ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയില്ല. 

വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ലെന്നും കണ്ടന്‍റ് ക്രിയേഷന്‍ ആണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്,

നിഗമനം 

നൈജീരിയയിൽ ക്രിസ്ത്യാനി ആയത് കൊണ്ട് (മുസ്ലിം അല്ലാത്തത് കൊണ്ട്) പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ മുസ്ലിം ജിഹാദികൾ കുഴിച്ചു മൂടുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടന്‍റ് ക്രിയേഷന് വേണ്ടി തയ്യാറാക്കിയതാണ്, യഥാര്‍ത്ഥ സംഭവമല്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നൈജീരിയയില്‍ ക്രിസ്ത്യന്‍ കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നു എന്ന് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയുടെ സത്യമറിയൂ…

Fact Check By: Vasuki S  

Result: False