
വിവരണം
രാമജന്മഭൂമി വിഷയം കത്തിച്ച് ഒരു വിഭാഗം മുസ്ലിംങ്ങള്‍ ഇനിയും മുന്നോട്ട് പോയാല്‍ മധുര, കാശി അടക്കം 18ലേറെ ക്ഷേത്രങ്ങള്‍ അക്രമിച്ച് പണിത പള്ളികളുടെ കാര്യത്തിലും അതിവേഗം ഉചിതമായ തീരുമാനം ഉണ്ടേക്കേണ്ടി വരും. -അമിത് ഷാ എന്ന വാചകങ്ങള്‍ ആധാരമാക്കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളായി ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അയോദ്ധ്യ വിധിക്ക് ശേഷം അമിത്ഷാ നടത്തിയ പരാമര്‍ശമാണെന്ന പേരിലാണ് പ്രചരണം. കേരളസിംഹം കെ.സുരേന്ദ്രൻ(LION OF KERALA)🚩🚩🚩🕉🇮🇳 എന്ന ഗ്രൂപ്പില്‍ വിനോദ്കുമാര്‍ കരങ്ങാട്ട് എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നവംബര്‍ 21ന് പങ്കവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 457ല്‍ അധികം ലൈക്കുകളും 88ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
Archived Link |
എന്നാല്‍ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഏറെ കാലമായി നിലനിന്നിരുന്ന വലിയ തര്‍ക്കത്തിന് കോടതി വിരാമം ഇട്ടപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ഇത്തരത്തില്‍ പ്രകോപനപരമായ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
സാധരണഗതിയില്‍ ആരോപണം-പ്രസ്താവന എന്നിവ നടത്തിയവരെ ഫോണിലോ മറ്റു മാര്‍ഗങ്ങളിലോ ബന്ധപ്പെട്ട് അവരുടെ വിശദീകരണം തേടുന്നതാണ് വസ്തുത അന്വേഷണത്തിന്റെ രീതി. എന്നാല്‍ ഇതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പേരില്‍ പോസ്റ്റ് വന്നതിനാലും അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തത് കൊണ്ടും അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍, ഫെയ്സ്ബുക്ക് പേജ്, മറ്റുമാധ്യമങ്ങളില്‍ പ്രസ്താവനയെ കുറിച്ച് വന്ന വാര്‍ത്തകള്‍ എന്നിവ പരിശോധിച്ച ശേഷമാകും വസ്തുത കണ്ടെത്തുന്നത്.
ആദ്യം തന്നെ അമിത്ഷായുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് പ്രസ്താവനയുണ്ടോ എന്ന് പരിശോധിച്ചെങ്കിലും അത്തരത്തിലൊരു റിസള്‍ട്ട് ലഭ്യമായില്ല-
പിന്നീട് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകളും തിരഞ്ഞുനോക്കിയെങ്കിലും അതിലും പ്രകോപനപരമായി അയോദ്ധ്യ വിധിയ തുടര്‍ന്നുള്ള പ്രസ്താവനകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഗൂഗിളില്‍ അമിത് ഷാ, അയോദ്ധ്യ, ബാബറി മസ്ജിദ്, മുസ്ലിംങ്ങള്‍ എന്നീ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുകയും ചെയ്തു. എന്നിട്ടും അദ്ദേഹം നടത്തിയെന്ന പേരില്‍ ഫെയ്സ്ബുക്കില്‍ പ്രചരിപ്പിക്കുന്ന പരാമര്‍ശം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതെ സമയം വിധിയെ കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം കണ്ടെത്താനും കഴിഞ്ഞു. അതിങ്ങനെയായിരുന്നു. വിധിയെ സമാധാനപരമായി മാനിക്കണമെന്നും ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്‍പ്പം ഉയര്ത്തിപിടിക്കണമെന്നുമാണ് അമിത് ഷായുടെ പ്രതികരണമെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-
ജനം ടിവി റിപ്പോര്‍ട്ട്-
Archived Link |
നിഗമനം
അയോദ്ധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന ശേഷം അമിത് ഷാ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നതും തികച്ചും വ്യാജമാണെന്ന് തന്നെ ഇതോടെ വ്യക്തമായി കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ഏറെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം അലങ്കരിക്കുന്ന വ്യക്തി ഇത്തരമൊരു വര്‍ഗീയ പരാമര്‍ശം നടത്തുമോയെന്ന സംശയത്തിന്റെ പേരില്‍ നടത്തിയ വസ്തുത പരിശോധനയില്‍ അദ്ദേഹം അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് തന്നെ കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:അയോദ്ധ്യ വിധിക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകോപനപരമായ പ്രസ്താവന നടത്തിയോ?
Fact Check By: Dewin CarlosResult: False
