
കമ്മ്യൂണിസ്റ്റ് പാർട്ടി യുഡിഎഫ് സ്ഥാനാർത്ഥിക്കായി പാലക്കാട് വോട്ട് അഭ്യർത്ഥന നടത്തുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചുവന്ന പതാക പിടിച്ച് ഒരു കൂട്ടം ജനങ്ങൾ പാലക്കാട് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചരണം നടത്തുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയും പരസ്യമായി വോട്ട് അഭ്യർത്ഥനയും….. ഇതിപ്പോ എന്താ കഥ ഇതാണ് രാഷ്ട്രീയ പാപ്പരത്തവും രാഷ്ട്രീയ കൂർമ്മ ബുദ്ധിയും. ബി.ജെ.പി യെ എങ്ങനെ പരാജയപ്പെടുത്താം എന്നത് ഇതിലൂടെ വെളിപ്പെടുന്നു.. ഇണ്ടി മുന്നണി ഇതാണ്…പാവം ജനത എന്തൊക്കെ കാണണം….”
എന്നാൽ ശരിക്കും വിഡിയോയിൽ രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നത് ഇടതുപക്ഷത്തിന്‍റെ പ്രവർത്തകരാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ വീഡിയോ ശ്രദ്ധിച്ച് നോക്കിയപ്പോൾ ഞങ്ങൾക്ക് ഈ കൂട്ടർ കയ്യിൽ പിടിച്ച് നടക്കുന്ന പതാകയിൽ ‘RYF’ എന്ന് അക്ഷരങ്ങൾ ശ്രദ്ധയിപെട്ടു. ഇത് കൂടാതെ പതാകയിൽ വെള്ള വൃത്തത്തിൽ ഒരു ചുവപ്പ് നക്ഷത്രവുമുണ്ട്. ഈ പതാകയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പതാക യുഡിഎഫ് ഘടക കക്ഷിയായ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (RSP)യുടെ യുവ സംഘടന റെവല്യൂഷനറി യൂത്ത് ഫ്രണ്ട് (RYF)ന്‍റെതാണെന്ന് കണ്ടെത്തി.
ഈ വിവരങ്ങൾ വച്ച് അന്വേഷിച്ചപ്പോൾ ഫേസ്‌ബുക്കിൽ ഞങ്ങൾക്ക് RYFന്‍റെ ഫേസ്‌ബുക്ക് പേജിൽ ഈ ജാഥയുടെ ചിത്രങ്ങൾ ലഭിച്ചു.
ഈ ചിത്രത്തിൽ കാണുന്ന വ്യക്തികളെ നമുക്ക് വീഡിയോയിലും കാണാം. അങ്ങനെ ഈ പ്രചരണ ജാഥ സംഘടിപ്പിച്ചത് RSPയുടെ യുവ സംഘടന RYF ആണെന്ന് വ്യക്തമാകുന്നു.
RSP യുഡിഎഫിന്‍റെ ഘടക കക്ഷിയാണ് അവർ പാലക്കാടിൽ യുഡിഎഫിന്‍റെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയാണ്.
നിഗമനം
കമ്മ്യൂണിസ്റ്റ് പാർട്ടി പാലക്കാട് UDF സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി വോട്ട് അഭ്യർഥിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് UDF ഘടക കക്ഷിയായ RSPയുടെ യുവ സംഘടന RYFന്‍റെ ജാഥയുടെ ദൃശ്യങ്ങൾ ആണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:കമ്മ്യൂണിസ്റ്റ് പാർട്ടി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന ദൃശ്യങ്ങളുടെ യാഥാർഥ്യം ഇങ്ങനെയാണ്..
Written By: Mukundan KResult: Misleading
