‘ശബരിമല യുവതി സന്ദര്‍ശന തീര്‍ത്ഥാടനമെന്ന’ തലക്കെട്ടില്‍ സിപിഎമ്മിന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിന് പിന്നിലെ വസ്‌തുതയെന്ത്?

രാഷ്ട്രീയം | Politics

വിവരണം

സിപിഎം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന ശബരിമല തീര്‍ഥാടന യാത്ര (യുവിതകള്‍ക്ക് മാത്രം) തലക്കെട്ടുള്ള ഒരു പോസ്റ്ററിന്‍റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുന്നുണ്ട്. ഷിബു കരുവാരക്കുണ്ട് എന്ന വ്യക്തി അഘോരി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഇതെ പോസ്റ്റര്‍  പങ്കുവെച്ചിട്ടുണ്ട്. സിപിഎമ്മിന്‍റെ ബ്രാഞ്ച് കമ്മിറ്റികള്‍ ഇടപെട്ട് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാണെന്നും ഇതിനായി ദേവസ്വം ബോര്‍ഡ് ഓഫിസുമായോ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുക എന്ന ഉള്ളടക്കമുള്ള പോസ്റ്ററിലുള്ളത്.

ഇതാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റര്‍-

ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Archived Link

എന്നാല്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റികള്‍ മുന്‍കൈയെടുത്ത് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകുമെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ സിപിഎം പുറപ്പെടുവിച്ചത് തന്നെയാണോ? മുഖ്യമന്ത്രിയുടെ ഓഫിസോ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ‍ോ ഇത്തരമൊരു യുവതി സന്ദര്‍ശന തീര്‍ഥാടന യാത്ര സംഘടിപ്പിക്കുന്നതായി അറിയിപ്പ് നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. 

വസ്‌തുത വിശകലനം

സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററില്‍ ഏത് ബ്രാഞ്ച് കമ്മിറ്റിയെന്നോ അല്ലെങ്കില്‍ സംസ്ഥാനത്തെ സിപിഎമ്മിന്‍റെ എല്ലാ ബ്രാഞ്ച് ഘടകത്തില്‍ നിന്നുമുള്ള പൊതുവായ അറിയിപ്പായിട്ടാണോ എന്നോ മറ്റോ രേഖപ്പെടുത്തിയിട്ടില്ല. ആരുടെ അറിയിപ്പാണെന്ന തരത്തില്‍ പേരുകളോ ഫോണ്‍ നമ്പറുകളോ ഇല്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ പ്രതിനിധി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായും, മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ശബരിമലയിലെ പിആര്‍ഒ സുനില്‍കുമാറിനെ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു.

ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ‍് ഇത്തരത്തില്‍ സിപിഎമ്മുമായി ചേര്‍ന്ന് യാതൊരു തീര്‍ഥാടന യാത്ര പരിപാടികളും സംഘടിപ്പിച്ചിട്ടില്ലെന്നും പോസ്റ്ററില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്നും പിആര്‍ഒ സുനില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും മാധ്യമ വിഭാഗം ചുമതലകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന പി.എം.മനോജിനെയാണ് അതിന് ശേഷം ഞങ്ങള്‍ ബന്ധപ്പെട്ടത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും ഇത് പൂര്‍ണമായും ഗൂഢലക്ഷ്യത്തോടെയുള്ള വ്യാജ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്-ബിജെപി ഗ്രൂപ്പുകളാണ് ഈ വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസിനോ, ദേവസ്വം ബോര്‍ഡിനോ, സിപിഎമ്മിനോ ഈ പോസ്റ്ററുമായി യാതൊരു ബന്ധവുമില്ല. ശബരിമലയില്‍ യുവതികളെ കയറ്റാനോ കയറ്റാതിരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്ര വ്യാജ പ്രചരണത്തെ കുറിച്ച് നിയമസഭയിലും ചര്‍ച്ച ചെയ്തിരുന്നു. നിയമ നടപടികള്‍ സ്വീകരിക്കാനുള്ള ആലോചനയിലാണ്. (പി.എം.മനോജ്, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്)

നിഗമനം

സിപിഎമ്മോ, മുഖ്യമന്ത്രിയുടെ ഓഫിസിനോ, ദേവസ്വം ബോര്‍ഡിനോ യാതൊരു ബന്ധവും പ്രചരിക്കുന്ന പോസ്റ്ററിനില്ലെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മണ്ഡലകാലത്തോട് അടുക്കുമ്പോള്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഇത്തരം പ്രചരണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:‘ശബരിമല യുവതി സന്ദര്‍ശന തീര്‍ത്ഥാടനമെന്ന’ തലക്കെട്ടില്‍ സിപിഎമ്മിന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിന് പിന്നിലെ വസ്‌തുതയെന്ത്?

Fact Check By: Dewin Carlos 

Result: False