ഇസ്രായേൽ-ഹമാസ് പോര്‍വിളിയും അക്രമവും തുടരുകയാണ്. യുദ്ധവുമായി ബന്ധപ്പെട്ട് വരുന്നവയില്‍ പിഞ്ചു കുഞ്ഞുങ്ങളെ നിര്‍ദ്ദയം കൊലപ്പെടുത്തുന്നുവെന്ന മനസ്സാക്ഷി മരവിപ്പിക്കുന്ന വാര്‍ത്തകളും ഉള്‍പ്പെടും. ഇതിനിടെ സൈനികര്‍ക്ക് നേരെ ഏതാനും കുട്ടികള്‍ നിര്‍ഭയത്തോടെ സധൈര്യം വാഗ്വാദം നടത്തുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. സൈനികര്‍ കുട്ടികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ നടന്നുവരുന്ന യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഈ കുഞ്ഞുങ്ങൾക്ക് ഉറപ്പുണ്ട് ഈ സൈന്യം തങ്ങളെ ഒന്നും ചെയ്യില്ല എന്ന് 🥰🥰🥰. ഹമാസിന്റെ മുമ്പിൽ ഇത് നടക്കുമോ 😒😒(കുഞ്ഞുങ്ങളെ മുന്നിലേക്ക് തള്ളി വിടുന്നത് തീവ്രവാദികളുടെ സ്ഥിരം പരിപാടി ആണ് 😔😔😔)”

FB postarchived link

കുട്ടികൾ ഫലസ്തീനിൽ നിന്നുള്ളവരും സൈനികർ ഇസ്രായേലിൽ നിന്നുള്ളവരുമാണെങ്കിലും, ഈ വീഡിയോ പത്തു വര്‍ഷത്തില്‍ അധികം പഴയ മുതലുള്ളതാണ്. നിലവിലുള്ള ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധമില്ലാത്തതാണ്.

വസ്തുത ഇങ്ങനെ

വൈറൽ വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളുടെ റിവേഴ്‌സ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ വീഡിയോ 2012 നവംബര്‍ രണ്ടിന് യുട്യൂബില്‍ പോസ്റ്റു ചെയ്തത് ഞങ്ങള്‍ക്ക് ലഭിച്ചു.

അഹെദ് തമീമി - അധിനിവേശ സൈനികരെ അഭിമുഖീകരിക്കുന്ന ഫലസ്തീൻ പെൺകുട്ടി - നബി സാലിഹ് 2012” എന്നാണ് അടിക്കുറിപ്പ്.

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ അഹദ് തമീമി എന്ന പെണ്‍കുട്ടി ആണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നും അവള്‍ ഇപ്പോള്‍ ഒരു പാലസ്തീന്‍ ആക്ടിവീസ്റ്റ് ആണെന്നുമുള്ള വാര്‍ത്തകള്‍ ലഭിച്ചു. വീഡിയോയെ കുറിച്ച് ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം 2012 ൽ ഇസ്രായേൽ സൈനികർ അഹദിന്‍റെ ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു. പ്രതിഷേധ സൂചകമായി സൈനികർക്ക് നേരെ ആക്രോശിക്കുന്നതിനിടയിൽ അവള്‍ നിയന്ത്രണം വിട്ട് കൈ ഉയർത്തുകയാണ് ഉണ്ടായത്.

2012-ലെ ഈ സംഭവത്തിൽ നിന്നുള്ള ഫോട്ടോകളും സ്റ്റോക്ക് ഫോട്ടോ വെബ്‌സൈറ്റായ ഗെറ്റി ഇമേജസിൽ ഞങ്ങൾ കണ്ടെത്തി. ഈ ഫോട്ടോകളിൽ, അഹദ് തമീമിയും മറ്റ് കുട്ടികളും റാമല്ലയ്ക്ക് സമീപമുള്ള വെസ്റ്റ് ബാങ്ക് ഗ്രാമമായ നബി സാലെയിൽ ഇസ്രായേൽ സൈനികർക്ക് നേരെ ദേഷ്യത്തോടെ ആക്രോശിക്കുന്നത് കൂടുതൽ വ്യക്തമായി കാണാം.

2022 ഫെബ്രുവരിയിൽ, ഉക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഇതേ വീഡിയോ വ്യാപകമായി പങ്കിട്ടിരുന്നു. ഉക്രേനിയൻ കുട്ടികൾ റഷ്യൻ പട്ടാളക്കാരോട് ഏറ്റുമുട്ടുന്നതായാണ് അവകാശപ്പെട്ടിരുന്നത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 12 കൊല്ലം പഴക്കമുള്ള ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് യുദ്ധവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇസ്രായേൽ സൈനികര്‍ക്ക് നേരെ നിര്‍ഭയത്തോടെ വാഗ്വാദം നടത്തുന്ന പാലസ്തീന്‍ കുട്ടികള്‍... പ്രചരിക്കുന്ന വീഡിയോ 2012 ലേതാണ്...

Written By: Vasuki S

Result: MISLEADING