‘ഹൃദ്യം’ ചികില്‍സാ പദ്ധതി – കേന്ദ്ര സര്‍ക്കാരിന്‍റെ മാത്രം പദ്ധതിയല്ല സത്യമിങ്ങനെ…

Misleading അന്തര്‍ദേശീയം | International

കേന്ദ്ര സർക്കാർ ഒരു വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായ ചികിത്സയ്ക്ക് സൗജന്യ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് എന്ന അറിയിപ്പുമായി ഒരു സന്ദേശം പ്രചരിക്കുന്നുണ്ട് 

പ്രചരണം

പോസ്റ്റിൽ ടെക്സ്റ്റ് രൂപത്തിൽ നൽകിയിരിക്കുന്ന എന്ന സന്ദേശം ഇങ്ങനെ:  “നരേന്ദ്രമോദി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. 

അതിൽ ഹൃദ്യം എന്ന ഒരു പദ്ധതിയുണ്ട്.  ഒരു വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഹൃദയവുമായി ബന്ധപ്പെട്ട എന്ത് പ്രശ്നത്തിനും സർജറി ഉൾപ്പെടെയുള്ള ചികിത്സ എത്ര തുക ആയാലും സൗജന്യമാണ്.  അമൃത പോലുള്ള വലിയ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്.  കൂടെ നിൽക്കുന്ന ആളുടെ room rent, food അടക്കം ഉൾപ്പെടെ സൗജന്യമാണ്”

FB postarchived link

ഞങ്ങൾ സന്ദേശത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ പ്രചരിക്കുന്ന വസ്തുതകൾ പൂർണ്ണമായും ശരിയല്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു 

വസ്തുത ഇതാണ്

എന്താണ് ഹൃദ്യം പദ്ധതി എന്ന് നമുക്ക് നോക്കാം: 

ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ബി.എസ്.കെയുടെ കീഴിലുള്ള ചികില്‍സാ പദ്ധതിയാണ്  ഹൃദ്യം. പദ്ധതി പ്രകാരം കുട്ടികളിലെ ഹൃദ്രോഗത്തിന് പൂര്‍ണ്ണമായും സൗജന്യ ചികിത്സ ലഭ്യമാണ്. യഥാസമയം കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാനും, ഫോളോഅപ്പ് നടപടികളെ ഏകീകരിക്കാനും വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ദേശീയ ആരോഗ്യ ദൗത്യം, ഐ.റ്റി വിഭാഗം, സ്റ്റേറ്റ് ആര്‍.ബി.എസ്.കെ വിഭാഗം എന്നിവരാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.  ഹൃദ്രോഗമുളള കുട്ടികളെ സോഫ്റ്റ് വെയര്‍ മുഖാന്തരം രജിസ്റ്റര്‍ ചെയ്യുകയും അവരുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെ നിരീക്ഷിക്കുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്നു. 

പദ്ധതിയില്‍ കേന്ദ്ര സർക്കാരിന്‍റെ വിഹിതം 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവും ചെലവ് വഹിക്കും.  സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജിന്‍റെ ഓഫീസിൽ നിന്നുമാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചത്. സർക്കാർ പദ്ധതികൾക്ക് എല്ലാം കേന്ദ്രവിഹിതമുണ്ട്. കേരളത്തിന് മാത്രമല്ല,  ഓരോ സംസ്ഥാനത്തിനും ഇത് ലഭിക്കും. 

സര്‍ക്കാര്‍ ആശുപത്രികൾ കൂടാതെ സംസ്ഥാന ഗവൺമെന്‍റ്  ഏഴു  സ്വകാര്യ ആശുപത്രികളിൽ ഇതിനായി എം പാനൽ ചെയ്തിട്ടുണ്ട്. ആശുപത്രികളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ നല്കിയിട്ടുണ്ട്.  ചികിത്സ ആവശ്യമായ കുട്ടിയുടെ ബൈ-സ്റ്റാൻഡർ ആയി നിൽക്കുന്ന അമ്മയ്ക്കും താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും.  ഒന്നിൽ കൂടുതൽ ബൈ-സ്റ്റാന്‍റര്‍ ഉണ്ടെങ്കിൽ ആ വ്യക്തിക്ക് സേവനങ്ങൾ ലഭിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഹൃദ്യം പദ്ധതിയുടെ വെബ്സൈറ്റ് സന്ദർശിച്ചാല്‍  മതിയാകും. 

ഹൃദ്യം പദ്ധതിയെക്കുറിച്ചുള്ള ആരോഗ്യ കേരളം വെബ്സൈറ്റിൽ തന്നെ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആർ ബി എസ് കെ പദ്ധതി പ്രകാരമാണ് ഹൃദയം നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഈ പദ്ധതി പൂർണമായും കേന്ദ്ര സർക്കാരിന്‍റെതല്ല,  അതുപോലെതന്നെ പൂർണമായും സംസ്ഥാന സർക്കാരിന്‍റേതുമല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ്  പദ്ധതി നടപ്പിലാക്കുന്നത്. 

നിഗമനം 

പോസ്റ്റിലെ ഇതിൽ സന്ദേശത്തിൽ  നൽകിയിരിക്കുന്ന വസ്തുതകൾ പൂർണ്ണമായും ശരിയല്ല. ഹൃദ്യം പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്രസർക്കാർ മാത്രമല്ല,  60% കേന്ദ്രവിഹിതവും 40% സംസ്ഥാന വിഹിതവും ചേർത്താണ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ഹൃദ്യം’ ചികില്‍സാ പദ്ധതി – കേന്ദ്ര സര്‍ക്കാരിന്‍റെ മാത്രം പദ്ധതിയല്ല സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: MISLEADING