
വിവരണം
“ഇന്ത്യ മുഴുവൻ കോൺഗ്രസ് തരംഗം” എന്ന വാചകത്തോടൊപ്പം ഫേസ്‌ബുക്കിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. “പ്രിയങ്ക മാജിക് യുപിയിൽ തുടരുന്നു…6 ബി.ജെ.പി. എം.എൽ .എ. മാർ കോൺഗ്രസിലേക്ക്.” എന്ന വാചകം ആണ് ചിത്രത്തോടൊപ്പം പ്രചരിപ്പിക്കുന്നത്. പ്രിയങ്ക ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ ദേശിയ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷം കോൺഗ്രസ് പാർട്ടിയിൽ ആവേശത്തിന്‍റെ അമിതമായ തരംഗം ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും യുപി ഭരിക്കുന്ന ബി.ജെ.പിയുടെ ആറ് എം.എൽ .എ. മാരെ കോൺഗ്രസിലേയ്ക്ക് വിളിച്ചു വരുത്താൻ ഈ തരംഗത്തിനു സാധിച്ചോ? പ്രിയങ്ക ഗാന്ധിയുടെ വരവുകൊണ്ട് ഇത്ര വലിയ മാറ്റം ശരിക്കും യുപിയിൽ സംഭവിച്ചിട്ടുണ്ടോ? നമുക്ക് വസ്തുത എന്താണെന്ന് പരിശോധിച്ചു നോക്കാം.
വസ്തുത വിശകലനം
ഇന്ത്യയിലെ ജനസംഖ്യാപരമായി ഏറ്റവും വലിയ സംസ്ഥാനമായ യുപിയിൽ 403 അസ്സംബ്ലി മണ്ഡലങ്ങളുണ്ട്. അതിൽ 2017 തിരഞ്ഞെടുപ്പിനു ശേഷം ഭരിക്കുന്ന ബി.ജെ.പിക്ക് 312 അംഗങ്ങളാണുള്ളത്. അതുപോലെ തന്നെ കോൺഗ്രസിന് 7ഉം സമാജ് വാദി പാർട്ടിക്ക് 47ഉം, ബഹുജൻ സമാജ് പാർ ട്ടിക്ക് 19ഉം മണ്ഡലങ്ങളാണ് ലഭിച്ചത്.
wikipedia | Archived Link |
23 ജനുവരിയിലാണ് പ്രിയങ്ക ഗാന്ധിയെ കിഴക്കൻ യുപിയുടെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. ഫെബ്രുവരി മുതലാണ് പ്രിയങ്ക ചുമതല ഏറ്റെടുത്തത്.

ഫെബ്രുവരി മാസം മുതൽ ഇതുവരെ യുപിയിലെ ഒരു എം.എൽ.എ. മാത്രമാണ് ബി.ജെ.പി. വിട്ടു കോൺഗ്രസിൽ ചേർന്നത്.
യുപിയിലെ മീരാപുര്‍ മണ്ഡലത്തിൽ നിന്നും വിജയിച്ച എം.എൽ .എ. അവതാർ സിംഗ് ഭടാന ഫെബ്രുവരിയിൽ ബി.ജെ.പി വിട്ടു കോൺഗ്രസിൽ ചേർന്നു.
News Nation | Archived Link |

ഇതു കൂടാതെ ബി.ജെ.പിയുടെ ബഹറൈച്ച് ലോക്സഭ മണ്ഡലത്തിൽ നിന്നും വിജയിച്ച എം.പി. സാവിത്രിബായി ഫുലെ കോൺഗ്രസിൽ ചേർന്നു. ഇവരല്ലാതെ യുപിയിൽ ബി.ജെ.പിയുടെ മറ്റ് എം.എൽ .എയോ എം.പിയോ കോൺഗ്രസിൽ ചേർന്നിട്ടില്ല. ഇന്ത്യയില്‍ മൊത്തം 12 ബി.ജെ.പി. എം.എൽ .എ. മാരാണ് പാർട്ടി വിട്ടു മറ്റു പാർട്ടികളിൽ ചേർന്നത്. പന്ത്രണ്ടിൽ ഒമ്പതെണ്ണം അരുണാചൽ പ്രദേശിൽ നിന്നാണ്. അതോടൊപ്പം 5 എം.പി മാർ ബി.ജെ.പി വിട്ടു മറ്റു പാർട്ടികളിൽ ചേർന്നു. അതിൽ 4 എണ്ണം കോൺഗ്രസിലും ഒന്ന് സമാജ് വാദി പാർട്ടിയിലുമാണ് ചേർന്നത്. അടുത്തിടെ കോൺഗ്രസിൽ ചേർന്നത് പട്‌ന സാഹിബിൽ നിന്നുള്ള എം.പി ശത്രുഘ്‌നൻ സിൻഹയും, മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയും ആയ കീർത്തി അസാദുമാണ്. അതുപോലെ പ്രയാഗ് രാജിൽ നിന്നുള്ള ബി.ജെ.പി എം.പി. ശാമ ഗുപ്ത സമാജ് വാദി പാർട്ടിയിൽ ചേർന്നു.

ശാമ ഗുപ്ത (ഇടത്), ശത്രുഘ്‌നൻ സിന്‍ഹ (നടുക്ക് ), കിർത്തി ആസാദ് (വലത്).
News18 | Archived Link |
നിഗമനം
യുപിയിലെ ആറ് ബി.ജെ.പി എം.പി മാർ കോൺഗ്രസിൽ ചേർന്നു എന്ന വാർത്ത തെറ്റാണ്. ബി.ജെ.പി എം.എൽ.എ. അവതാർ സിംഗ് ഭടാന മാത്രമാണ് കോൺഗ്രസിൽ ചേർന്നത്.

Title:യുപിയിൽ 6 ബി.ജെ.പി. എം.എൽ .എ. മാർ കോൺഗ്രസിൽ ചേർന്നുവോ…?
Fact Check By: Harish NairResult: False
