
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈയിടെ കേരളത്തില്‍ എത്തി ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉത്ഘാടനം ചെയ്തിരുന്നു. പിന്നീട് അദ്ദേഹം കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ അമിത് ഷാ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തില്‍ കയറി എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഷർട്ട് ധരിക്കാതെ കസവ് മുണ്ടുടുത്ത് സുരക്ഷ ഉദ്യോഗസ്ഥരോടും ബിജെപി പ്രവര്‍ത്തകരോടുമൊപ്പം നടന്നു നീങ്ങുന്ന അമിത് ഷാ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു എന്നാരോപിച്ച് പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ ചെരുപ്പ് ധരിച്ച അദ്ദേഹത്തിന്‍റെ കാല്‍പ്പാദം ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒപ്പം
“അമിട്ടിന് ചെരുപ്പും ഇട്ട് ക്ഷേത്രത്തിന് ഉള്ളിൽ കയറാം.
നമ്മൾ കയറിയാൽ അറിയാം പുകില്” എന്ന അടിക്കുറിപ്പുമുണ്ട്.
എന്നാൽ, അമിത് ഷാ ക്ഷേത്രത്തിന് അകത്ത് ചെരുപ്പ് ധരിച്ച് പ്രവേശിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. ക്ഷേത്ര മതിലിന് പുറത്ത് കൂടി അദ്ദേഹം നടന്നപ്പോഴുള്ളതാണ് ചിത്രം.
വസ്തുത ഇതാണ്
ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ oneindia എന്ന് എഴുതിയിട്ടുള്ളതായി കണ്ടു. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ വൺഇന്ത്യ മലയാളം ഫേസ്ബുക്ക് പേജ് ലഭിച്ചു.
‘കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്താനായി എത്തിയപ്പോൾ’ എന്ന തലകെട്ടോടെ 2025 ജൂലൈ 12നാണ് അവര്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. സമാന വീഡിയോ യൂട്യബിലും ലഭ്യമാണ്.
വീഡിയോയുടെ തുടക്കത്തില്‍ ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി വരുന്ന അമിത് ഷായെ കാണാം. ഇതിൽ അദ്ദേഹം ചെരുപ്പ് ധരിച്ചിട്ടില്ല എന്ന് വ്യക്തമാണ്. പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹം ചെരുപ്പ് ധരിക്കുന്ന ദൃശ്യവും വീഡിയോയില്‍ കാണാം. തുടർന്ന് നടന്ന് നീങ്ങുമ്പോഴുള്ള ഭാഗത്തുള്ള ചിത്രമാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അമിത് ഷാ ചെരുപ്പ് ധരിച്ച് നടന്ന് നീങ്ങുമ്പോൾ പിന്നിലുള്ള മതിലിന് സമീപം ക്ഷേത്ര സന്ദര്‍ശനത്തിന് വന്നവര്‍ ചെരുപ്പുകൾ വച്ചിരിക്കുന്നത് കാണാം.
അമിത് ഷാ തളിപ്പറമ്പിലുള്ള രാജരാജേശ്വര ക്ഷേത്രം സന്ദർശിച്ച ദൃശ്യങ്ങള്‍ പല മാധ്യമങ്ങളും പങ്കുവച്ചിട്ടുണ്ട്. മനോരമ ന്യൂസ് വീഡിയോയിൽ അമിത് ഷാ ആദ്യത്തെ ഗേറ്റ് കടന്ന് വരുന്നത് മുതലുള്ള ദൃശ്യങ്ങള്‍ കാണാം.
അദ്ദേഹം ക്ഷേത്ര ഓഫീസിൽ കയറി വസ്ത്രം മാറിയതിന് ശേഷമാണ് ക്ഷേത്ര മതിലിനകത്തേക്ക് പ്രവേശിച്ചത്. ഇതിനുള്ളിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു എന്നാണ് ദൃഷ്യങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ക്ഷേത്ര ഓഫീസിനു സമീപം ചെരുപ്പ് വച്ചിരുന്ന അമിത് ഷാ പുറത്തിങ്ങിയശേഷം ചെരുപ്പ് ധരിച്ച് നടക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസ് പങ്കുവച്ച വീഡിയോയിലുണ്ട്.
ഗൂഗിൾ മാപ്സിൽ നിന്നും ലഭിച്ച രാജരാജേശ്വര ക്ഷേത്രത്തിന്‍റെ ഒരു വീഡിയോയില്‍ ക്ഷേത്രത്തിന്‍റെ പ്രധാന ഗേറ്റ് കടന്ന് വരുമ്പോൾ ക്ഷേത്ര മുറ്റം കാണാം. ഇതിന്‍റെ ഉള്ളില്‍ വളരെ പഴക്കേമേറിയതും വലിപ്പമുള്ളതുമായ മതിലിനകത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ മതിലിനടുത്ത് വരെ ചെരുപ്പ് ധരിച്ച് പ്രവേശിക്കാം. മതിലിന് സമീപത്ത് ക്ഷേത്ര ഓഫീസുണ്ട്. ഗൂഗിളിൽ ലഭ്യമായ ചിത്രം ഇവിടെ കാണാം.
അമിത് ഷാ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം ക്ഷേത്രമതിലിന് പുറത്ത് നിന്നും പകർത്തിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സന്ദര്‍ശനത്തിനിടെ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ക്ഷേത്ര മതില്‍ക്കെട്ടിന് വെളിയില്‍ വച്ച് പകര്‍ത്തിയതാണ്. അദ്ദേഹം ആചാരങ്ങള്‍ പാലിച്ച് ചെരുപ്പ് പുറത്ത് വെച്ചിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:അമിത് ഷാ ചെരിപ്പ് ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയെന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: Misleading
