
വിവരണം
കര്‍ണ്ണാടക രണ്ട് മാസത്തെ വൈദ്യുതി ബില്ല് എഴുതി തള്ളി, കേരളം മൂന്ന് മാസത്തെ വൈദ്യുതി ബില്ല് തള്ളി കയറ്റി.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വരുണ്‍ പിള്ളൈ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 5,600ല്‍ അധികം ഷെയറുകളും 262ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ കോവിഡ് ദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തെ വൈദ്യുതി ബില്ല് എഴുതി തള്ളിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
‘Karnataka electricity bill’ എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ കര്‍ണാടക വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് ഈ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ ലഭ്യമായി. ഇതില്‍ പോസ്റ്റുമായി ബന്ധപ്പെട്ട് ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് ഞങ്ങള്‍ വിശകലനം ചെയ്യുന്നത്. അതായത് ബില്ല് അടയ്ക്കാന്‍ സാധിച്ചില്ലെങ്കിലും കര്‍ണാടകയിലെ ജനങ്ങളുടെ വൈദ്യുതി ലഭ്യത ജൂണ്‍ 30 വരെ വിശ്ചേദിക്കില്ലെന്ന് മുഖ്യമന്ത്രി യദ്യൂരപ്പ പ്രഖ്യാപിച്ചു എന്നതാണ് ദ് ഹിന്ദുവിന്‍റെ വാര്‍ത്ത. അതായത് നിലവില്‍ ഉപഭോഗ്താക്കള്‍ക്ക് രണ്ട് മാസത്തെ ബില്ല് ലഭിച്ചിട്ടുണ്ടെന്നും കോവിഡിന്‍റെ പ്രതികൂല സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനാല്‍ ബില്ലിലെ തുക അടയ്ക്കാന്‍ ജനങ്ങള്‍ക്ക് ഒരു മാസത്തെ സാവകാശം നല്‍കി ജൂണ്‍ 30 വരെ നീട്ടി നല്‍കിയിട്ടുണ്ടെന്നതുമാണ് യഥാര്‍ത്ഥ വസ്‌തുത. കൂടാതെ കര്‍ണാടകയിലെ ബാംഗ്ലൂരിലെ ചില മലയാളി കുടുംബങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെടുകയും വൈദ്യുതി ബില്ല് സംബന്ധമായ അന്വേഷണം നടത്തുകയും ചെയ്തു. വൈദ്യുതി ബില്ല് എഴുതി തള്ളിയിട്ടില്ലെന്നും ജൂണ്‍ അവസാനവാരം വരെ സാവകാശം നല്‍കിയിട്ടുണ്ടെന്ന നടപടി സര്‍ക്കാര്‍ സ്വീകരിട്ടിട്ടുണ്ടെന്നുമാണ് അവര്‍ ഞങ്ങളോട് പ്രതികരിച്ചത്.
വൈദ്യുതി ബില്ല് എഴുതി തള്ളിയെന്ന ഒരു വാര്‍ത്ത തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാരിന്‍റെ സാമൂഹ്യമാധ്യമങ്ങളിലെ ഔദ്യോഗിക അക്കണ്ടുകളിലും ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. മാത്രമല്ല കര്‍ണാടകയിലെ ബാംഗ്ലൂര്‍ നഗരത്തില്‍ വൈദ്യുതി ഉപയോഗത്തിന് സാധരണയേക്കാള്‍ വലിയ തുക ബില്ല് വന്നു എന്ന വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദ് ഹിന്ദു വെബ്‌സൈറ്റിലെ വാര്‍ത്ത റിപ്പോര്‍ട്ട്-

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്-

നിഗമനം
വൈദ്യുതി ബില്ല് തുക അടയ്ക്കാന്‍ ജൂണ്‍ 30 വരെ സാവകാശം നല്‍കിയെന്ന നടപടി മാത്രമാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അല്ലാതെ വൈദ്യുതി ബില്ല് എഴുതി തള്ളിയെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:കര്‍ണാടക സര്‍ക്കാര്‍ വൈദ്യുതി ബില്ല് എഴുതി തള്ളി എന്ന പ്രചരണം വ്യാജം..
Fact Check By: Dewin CarlosResult: False
