തിരുവനന്തപുരത്ത് എന്‍എസ്എസ് പിന്തുണ ശശി തരൂരിനോ?

രാഷ്ട്രീയം | Politics

വിവരണം

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍എസ്എസ്) പിന്തുണ ചൊല്ലിയുള്ള അപവാദങ്ങളും തര്‍ക്കങ്ങളും എല്ലാ സമൂഹമാധ്യമങ്ങളില്‍ ചൂടോടെ പ്രചരിക്കുന്നുണ്ട്. ഒടുവിലത്തെയാണ് തിരവനന്തപുരം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത. ഡെക്കാന്‍ ക്രോണിക്കലാണ് എന്‍എസ്എസ് തിരുവനന്തുരം താലൂക്ക് യൂണിയന്‍ ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും വാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഫെയ്‌സ്ബുക്കിലും സംഭവം വൈറാലായി മാറി. വാര്‍ത്ത പ്രചരിച്ചതോടെ രണ്ട് ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റുകള്‍ പ്രധാനമായി ഷെയര്‍ ചെയ്യപ്പെടാന്‍ തുടങ്ങിയത്. ഒന്ന് ഐഎന്‍സി ഓണ്‍ലൈന്‍ എന്ന പേജും മറ്റൊന്ന് അനന്തപുരിക്കോട്ട എന്ന പേജും.

ഐഎന്‍സി ഓണ്‍ലൈനില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് ഒപ്പം ശശി തരൂര്‍ നില്‍ക്കുന്ന ഫോട്ടോയില്‍ അനന്തപുരിയില്‍ എന്‍എസ്എസ് പിന്തുണ ശശി തരൂരിന് എന്ന് എഴുതിയ പോസ്റ്റര്‍ സഹിതമാണ് പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്. 2,600ല്‍ അധികം ഷെയറുകളും അത്രെയും തന്നെ ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

FacebookArchived Link

അനന്തപുരിക്കോട്ട എന്ന പേജില്‍ ഡെക്കാന്‍ ക്രോണിക്കല്‍ പത്രത്തില്‍ അച്ചടിച്ചു വന്ന വാര്‍ത്തയുടെ ഡിജിറ്റല്‍ കോപ്പി കട്ടിങ് സഹിതമാണ് പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്. 900ല്‍ അധികം ഷെയറുകളും 800ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഒപ്പം നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്-

തിരുവനന്തപുരത്ത് NSS വോട്ട് ശശി തരൂരിന്. സമദൂരം മാറ്റിവയ്ക്കും. അനന്തപുരിയിൽ ശശി തരൂരിന് വോട്ട് നൽകാൻ നായർ സമുദായംഗങ്ങളോട് NSS ജനറൽ സെക്രട്ടറി ശ്രീ. സുകുമാരൻ നായർ ആഹ്വാനം ചെയ്തു.

Archived Link

Deccan ChronicleArchived Link

എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണ നല്‍കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച എന്‍എസ്എസ് നിലപാട് മയപ്പെടുത്തിയോ? ശശി തരൂരിനെ ജയിപ്പിക്കാന്‍ എന്‍എസ്എസ് തിരുവനന്തപുരത്ത് പിന്തുണ പ്രഖ്യാപിച്ചോ? പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുതകളെന്തെന്ന് പരിശോധിക്കാം.

വസ്തുത വിശകലനം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് എന്‍എസ്എസിന്‍റെ പേരില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചിരിക്കുകയാണ്. ഡെക്കാന്‍ ക്രോണിക്കല്‍ ദിനപത്രത്തില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും എന്‍എസ്എസിന്‍റെ നിലാപാട് തെറ്റ്ദ്ധരിപ്പിക്കും വിധം വാര്‍ത്ത വളച്ചൊടിക്കുകയാണ് ഡെക്കാന്‍ ക്രോണിക്കല്‍ ചെയ്ചതതെന്നും എന്‍എസ്എസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ച വാര്‍ത്ത കുറിപ്പില്‍ വിശദമാക്കുന്നു. സമദൂര നിലപാട് തന്നെയാണ് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്നതെന്നും ഒരു രാഷട്രീയ പാര്‍ട്ടിക്കും പിന്തുണ നല്‍കിയിട്ടില്ലെന്നും ആവര്‍ത്തിക്കുന്നതാണ് എന്‍എസ്എസിന്‍റെ ഔദ്യോഗിക വാര്‍ത്ത കുറിപ്പ്. എന്‍എസ്എസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന മനോരമ ഓണ്‍ലൈന്‍, മനോരമ ന്യൂസ് ടിവി ഓണ്‍ലൈന്‍, മെട്രോ വാര്‍ത്ത തുടങ്ങിയ മുഖ്യധാര മാധ്യമങ്ങള്‍ വാര്‍ത്തായാക്കിയിട്ടുണ്ട്. ലിങ്കുകള്‍ ചുവടെ-

Manorama OnlineArchived Link
Manorama OnlineArchived Link
Metro VaarthaArchived Link

വ്യാജ വാര്‍ത്തക്കെതിരെ എന്‍എസ്എസിന്‍റെ ഔദ്യോഗിക പ്രസ്താവന-

Archived Link

നിഗമനം

തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ഐക്യപ്പെടുന്നില്ലെന്നും പിന്തുണ നല്‍കുന്നില്ലെന്നുമുള്ള സമദൂര നിലപാടില്‍ ഉറച്ചു നില്‍ക്കുയാണ് എന്‍എസ്എസ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞതോടെ കോണ്‍ഗ്രസ് പിന്തുണ എന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. തിരവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ എന്‍എസ്എസ് പിന്തുണയ്ക്കുമെന്ന ഡെക്കാന്‍ ക്രോണിക്കല്‍ വാര്‍ത്തയെ ആധാരമാക്കിയാണ് ഐഎന്‍സി ഓണ്‍ലൈന്‍, അനന്തപുരിക്കോട്ട എന്നീ പേജുകള്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതെന്നും വ്യക്തമാണ്. എന്നാല്‍ എന്‍എസ്എസ് ഈ പ്രചരണം ഔദ്യോഗികമായി തന്നെ നിഷേധിച്ചതോടെ പോസ്റ്റുകളും വാര്‍ത്തയും പൂര്‍ണമായും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Avatar

Title:തിരുവനന്തപുരത്ത് എന്‍എസ്എസ് പിന്തുണ ശശി തരൂരിനോ?

Fact Check By: Harishankar Prasad 

Result: False