
ഹിന്ദു ആരാധനാ മൂര്‍ത്തിയുടെ വിഗ്രഹം സമ്മാനമായി നൽകിയ സമയത്ത് പൊതുവേദിയിൽ രാഹുൽ ഗാന്ധി പരസ്യമായി വിഗ്രഹത്തോട് അവഗണന കാട്ടുന്നു അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ നാസിക്കില്‍ സംഘടിപ്പിച്ച കിസാൻ മഹാ പഞ്ചായത്തിൽ നിന്നുമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. സമ്മാനമായി ഒരാൾ വിത്തൽ പ്രഭുവിന്‍റെ വിഗ്രഹം രാഹുൽ ഗാന്ധിയുടെ കൈകളിൽ നൽകാൻ ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി അത് ശ്രദ്ധിക്കാതെ അവഗണന കാട്ടുന്നു എന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇതാണ് കോൺഗ്രസ്, തന്നെയാണ് കോൺഗ്രസ്.. തികഞ്ഞ ഹൈന്ദവ വിരോധം എല്ലായിടങ്ങളിലും, ഇത് ചെറിയൊരു കാഴ്ച മാത്രം..!!”
എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിത് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. വീഡിയോയുടെ ചെറിയൊരു ഭാഗം മാത്രമെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ യുട്യൂബ് ചാനലില്‍ നിന്നും ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ദൈര്‍ഘ്യമുള്ള വീഡിയോ ലഭ്യമായി. അദ്ദേഹം വിഗ്രഹം സ്വീകരിക്കുന്നതും തുടര്‍ന്ന് പിന്നില്‍ നില്‍ക്കുന്ന പ്രവര്‍ത്തകന്‍റെ കൈയ്യിലേയ്ക്ക് നല്‍കുന്നതും അതില്‍ കാണാം. അല്ലാതെ പോസ്റ്റിലെ ആരോപിക്കുന്നതുപോലെ അവഗണന കാട്ടുന്നില്ല.
കിസാൻ മഹാ പഞ്ചായത്തിലെ വേദിയുടെ ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ രാഹുൽ ഗാന്ധിയുടെ തലയിൽ ചില നേതാക്കള്‍ ആദരസൂചകമായി തലപ്പാവ് അണിയിക്കുന്നതും ഹാരമണിയിക്കുന്നതും കാണാം. ഇതിനിടയിലാണ് മറ്റൊരാൾ അദ്ദേഹത്തിന് വിഗ്രഹം സമ്മാനിക്കാൻ ശ്രമിക്കുന്നത്. ചുറ്റുള്ളവർ ഹാരമണിയിക്കുകയും തലപ്പാവ് കെട്ടുകയും ചെയ്യുന്നതിനിടയില്‍ അദ്ദേഹത്തിന് കൈനീട്ടി വിഗ്രഹം വാങ്ങാനായില്ല. പിന്നീട് തലപ്പാവും ഹാരവും അഴിച്ചുമാറ്റിയ ശേഷം അദ്ദേഹം വിഗ്രഹം സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഈ വീഡിയോയിൽ നിന്നും വളരെ കുറച്ച് ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് രാഹുൽ ഗാന്ധി വിഗ്രഹം സ്വീകരിക്കാൻ വിസമ്മതിച്ചു എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുകയാണ്

രാഹുല്‍ ഗാന്ധിയെ കുറിച്ച് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു എന്നും അദ്ദേഹം വേദിയില്‍ വിഗ്രഹം സ്വീകരിച്ചു എന്നും വ്യക്തമാക്കിക്കൊണ്ട് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നാനാ പട്ടോലെ X പ്ലാറ്റ്ഫോമിൽ വിശദീകരണത്തിനായി വീഡിയോ കൊടുത്തിട്ടുണ്ട്.

നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിപ്പിക്കുന്നത് രാഹുൽഗാന്ധി വേദിയിൽ വച്ച് വിഗ്രഹം സ്വീകരിക്കുന്നുണ്ട്. അതിനുമുമ്പുള്ള ചില ദൃശ്യങ്ങൾ മാത്രം എഡിറ്റ് ചെയ്തെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഹിന്ദു വിഗ്രഹത്തോട് പൊതുവേദിയില്‍ രാഹുല്‍ ഗാന്ധി അവഗണന കാട്ടിയെന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: MISLEADING
