കലാമണ്ഡലം സത്യഭാമയെ പിന്തുണച്ച് ഉണ്ണി മുകുന്ദന്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

നര്‍ത്തകനായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ വര്‍ണ്ണ വിവേചനത്തിലൂടെ വ്യക്തി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നത്. മോഹനിയാട്ടം സൗന്ദര്യമുള്ള സ്ത്രീകളാണ് അവതരിപ്പിക്കേണ്ടതെന്നും കറുത്ത് കാക്കയെ പോലെ കറുത്ത ആര്‍എല്‍വി രാമകൃഷ്ണന്‍ ഈ നൃത്തരൂപം അവതരിപ്പിക്കുന്നത് അരോചകമാണെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം. പിന്നീട് ഇവര്‍ ഖേദ പ്രകടനവുമായി രംഗത്ത് വന്നെങ്കിലും ഏറ്റവും ഒടുവില്‍ വ്യക്തി അധികക്ഷേപത്തിനെതിരെ ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.

അതെ സമയം സത്യഭാമയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടനും ബിജെപി സഹയാത്രികനുമായ ഉണ്ണി മുകുന്ദന്‍ രംഗത്ത് വന്നിരിക്കുകയാണെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ പ്രചരണം. കലോത്സവ വേദികളില്‍ സത്യഭാമ ടീച്ചര്‍ ഒറ്റയ്ക്കല്ലാ എന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍ പിന്തുണയുമായി രംഗത്ത് വന്നു എന്നതാണ് പ്രചരണം. അഴിമുഖം ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ന്യൂസ് കാര്‍ഡ് എന്ന പേരില്‍ നീഗി നീഗി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 766ല്‍ അധികം റിയാക്ഷനുകളും 36ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉണ്ണി മുകുന്ദന്‍ സത്യാഭാമയക്ക് പിന്തുണയുമായി രംഗത്ത് വന്നതിനെ കുറിച്ച് അഴിമുഖം ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത ന്യൂസ് കാര്‍ഡ് തന്നെയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ അഴിമുഖം ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ അവര്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. 2024 മാര്‍ച്ച് 26ന് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു  ലേഖനത്തിന്‍റെ  പോസ്റ്റര്‍ അഴിമുഖം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. കലോത്സവ വേദികളില്‍ സത്യഭാമ ടീച്ചര്‍ ഒറ്റയ്ക്കല്ലാ.. – അല്‍ അമീന്‍ എന്നതാണ് പോസ്റ്ററിലെ  തലക്കെട്ട്. അഴിമുഖം വെബ്സൈറ്റിലെ ഈ ലേഖനം പരിശോധിച്ചതില്‍ നിന്നും കലോത്സവങ്ങളില്‍ നിറത്തിന്‍റെയും ലിംഗഭേദത്തിന്‍റെ പേരില്‍ വേര്‍തിരുവുകള്‍ നേരിടുന്നവര്‍ നിരവധിയാണെന്നും ഇതുമൂലം തഴയപ്പെട്ട നിരവധി കലാകാര്‍ സമൂഹത്തിലുമുണ്ടെന്നാണ് ഗവേഷകനും കലാകരാനുമായ അല്‍ അമീന്‍റെ നിരീക്ഷണം. ഇപ്പോള്‍ ഒരു സത്യഭാമയെ മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും നിരവധി സത്യഭാമമാര്‍ കലാരംഗത്തുണ്ടെന്നള്ള വിമാര്‍ശനമാണ് ലേഖനത്തിന്‍റെ ഉള്ളടക്കം.

അതായത് അഴിമുഖം പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന്‍റെ പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇത് എഡിറ്റ് ചെയ്ത് അല്‍ അമീന്‍ എന്ന പേരിന്‍റെ സ്ഥാനത്ത് ഉണ്ണിമുകന്ദന്‍റെ ചിത്രവും പേരും ചേര്‍ത്തതാണെന്നതാണ് വസ്‌തുത. മാത്രമല്ലാ ഗൂഗിളില്‍ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഉണ്ണി മുകുന്ദന്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയതായി വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ കണ്ടെത്താനും സാധിച്ചിട്ടില്ലാ.

അഴിമുഖം പങ്കുവെച്ച യഥാര്‍ത്ഥ പോസ്റ്ററും എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യാജ പോസ്റ്ററും കാണാം-

Azhimukham FB Post Azhimukham Article 

നിഗമനം

അഴിമുഖം ഓണ്‍ലൈന്‍ പങ്കുവെച്ച ഒരു ലേഖനത്തിന് വേണ്ടി അവരുടെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റര്‍ എഡിറ്റ് ചെയ്ത് ഉണ്ണി മുകുന്ദന്‍റെ ചിത്രവും പേരും ചേര്‍ത്ത് പ്രചരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കലാമണ്ഡലം സത്യഭാമയെ പിന്തുണച്ച് ഉണ്ണി മുകുന്ദന്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Altered