
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ചൂടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ മുമ്പ് വായിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായി കേരളം ഇക്കൊല്ലം അക്ഷരാര്‍ത്ഥത്തില്‍ കനത്ത ചൂടില്‍ വെന്തുരുകുകയാണ്. രാജ്യത്തുടനീളം നിലവിലുള്ള ഉയർന്ന താപനില പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നുണ്ട്. ചൂട് നേരിടാനാകാതെ പലരും പകച്ചു നില്‍ക്കുകയാണ്. ഈ കാലാവസ്ഥയില്‍ രോഗങ്ങള്‍ വരാതെ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. കേരളം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഉഷ്ണ തരംഗങ്ങളും ഇത്തവണ നേരിടുകയാണ്. ഹീറ്റ്‌സ്ട്രോക്ക് ആളുകളെ ബോധരഹിതരാക്കുകയും ചിലപ്പോൾ മരണത്തിന് കാരണമാവുകയും വരെ ചെയ്തേക്കാം. ചൂടിനെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗങ്ങള്‍ പലരും പൊതുജന സേവനാര്‍ത്ഥം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തിലെ ഒരു മുന്നറിയിപ്പ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
ചൂടുള്ള കാലാവസ്ഥയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന മുന്നറിയിപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്.
“കാലാവസ്ഥ പ്രതികൂലമായ ഈ സാഹചര്യത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം, വായിച്ചിട്ട് ഇഷ്ടപ്പെട്ടാൽ , നല്ലത് എന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കുക.
40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയുള്ള അടുത്ത താപ തരംഗത്തിനായി തയ്യാറാകുക.
എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം പതുക്കെ കുടിക്കുക.
തണുത്ത അല്ലെങ്കിൽ ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
1. *നമ്മുടെ ചെറിയ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ വളരെ തണുത്ത വെള്ളം കുടിക്കരുതെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നു.*
1.ഒരാൾ വളരെ ചൂടുള്ള ഒരു ദിവസം പുറത്ത് നിന്ന് വീട്ടിലേക്ക് വന്നാൽ നന്നായി വിയർക്കും അയാൾക്ക് പെട്ടെന്ന് തണുക്കാൻ ആഗ്രഹിച്ച് ഉടൻ തന്നെ തണുത്ത വെള്ളത്തിൽ കൈകൾ കാലുകൾ മുഖം എന്നിവ കഴുകിയാൽ പെട്ടെന്ന് കുഴഞ്ഞുവീഴാൻ സാധ്യതയുണ്ട് .
2. പുറത്ത് ചൂട് 38 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ, നിങ്ങൾ വീട്ടിൽ വരുമ്പോൾ, തണുത്ത വെള്ളം കുടിക്കരുത് – ചെറുചൂടുള്ള വെള്ളം മാത്രം പതുക്കെ കുടിക്കുക.
3. നിങ്ങളുടെ ശരീരം ചൂടുള്ള വെയിലേറ്റാൽ ഉടൻ കുളിക്കുകയോ കഴുകയോ ചെയ്യരുത് , കഴുകുന്നതിനോ കുളിക്കുന്നതിനോ മുമ്പായി കുറഞ്ഞത് അരമണിക്കൂറെങ്കിലും കാത്തിരിക്കുക.
4. ചൂടിൽ നിന്ന് വന്ന് തണുക്കാൻ ആഗ്രഹിച്ച് ഉടനെ കുളിച്ച ചിലർക്കെങ്കിലും കുളിച്ചതിന് ശേഷം, താടിയെല്ല് തളർന്ന് സ്ട്രോക്ക് ബാധിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്
*ദയവായി ശ്രദ്ധിക്കുക:*
ചൂടുള്ള മാസങ്ങളിൽ അല്ലെങ്കിൽ നിങ്ങൾ വളരെ ക്ഷീണിതനാണെങ്കിൽ, ഉടൻ തന്നെ വളരെ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ഞരമ്പുകളോ രക്തക്കുഴലുകളോ ഇടുങ്ങിയതാക്കും, ഇത് സ്ട്രോക്കിലേക്ക് നയിച്ചേക്കാം.
_*ദയവായി മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുക!”

മുന്നറിയിപ്പ് സന്ദേശം വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഷെയർ ചെയ്യുന്നതിനാൽ, ഞങ്ങൾ കൂടുതൽ അന്വേഷണങ്ങൾ നടത്തി. ചൂട് കാലാവസ്ഥയില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക കരുതല്‍ ആവശ്യമാണ് എങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന അറിവുകളാണ് സന്ദേശത്തില്‍ കൂടുതലായും ഉള്ളതെന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.
വസ്തുത പരിശോധന
ചൂട് കാലാവസ്ഥയില്‍ തണുത്ത വെള്ളം കുടിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് സന്ദേശം ഊന്നിപ്പറയുന്നത്. അതിലൊന്നാണ് തണുത്ത വെള്ളം ചൂടുകാലത്ത് കുടിച്ചാല്‍ സ്ട്രോക്ക് വറാന്‍ സാധ്യതയുണ്ട് എന്നത്. ഈ സന്ദേശം മുന്‍കാലങ്ങളിലും വേനൽക്കാലത്ത് പ്രചരിച്ചിരുന്നു.
തലച്ചോറിലേക്കുള്ള രക്ത വിതരണം കുറയുകയോ പൂർണമായി തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. – ഇസ്കെമിക്, ഹെമറാജിക് എന്നിങ്ങനെ രണ്ട് തരത്തിലുള്ള സ്ട്രോക്കുകൾ ഉണ്ട്. ഉയർന്ന രക്തസമ്മർദ്ദം, പുകവലി, ഉയർന്ന കൊളസ്‌ട്രോളിന്‍റെ അളവ്, പ്രമേഹം എന്നിവയാണ് പൊതുവേ സ്‌ട്രോക്കിനുള്ള കാരണങ്ങൾ.
സ്ട്രോക്ക് എന്ന രോഗാവസ്ഥയെ കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ ആലപ്പുഴ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജയചന്ദ്രനുമായി സംസാരിച്ചു: “ഉഷ്ണ കാലാവസ്ഥയില്‍ തണുത്ത വെള്ളം കുടിച്ചാല്‍ ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവില്ല. എങ്കിലും തണുത്ത വെള്ളം ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള വെള്ളം കുടിക്കുന്നതിന് മുമ്പ് അൽപ്പം വിശ്രമിക്കുന്നത് നല്ലതാണ്. ചൂടുള്ള കാലാവസ്ഥയിൽ തണുത്ത വെള്ളം കുടിക്കുമ്പോൾ ആമാശയത്തിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങി വയറുവേദനയോ തലവേദനയോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പക്ഷേ, ഇത് സ്ട്രോക്കുമായി ബന്ധപ്പെട്ടതല്ല. വ്യത്യസ്ത കാലാവസ്ഥകളോടും താപനിലകളോടും പൊരുത്തപ്പെടാൻ ശരീരത്തിന് സ്വാഭാവിക കഴിവുണ്ട്.
നിർജ്ജലീകരണവും ക്ഷീണവും തടയാൻ ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. തണലില്‍ ആവശ്യത്തിന് വിശ്രമിക്കുക.”
ഓക്കാനം, ഛർദ്ദി, തലചുറ്റല്‍, കൂടാതെ ഹൃദയമിടിപ്പ് വർദ്ധിക്കുന്ന സന്ദർഭങ്ങളിൽ വൈദ്യസഹായം തേടുക. ചൂട് തരംഗങ്ങളുടെ ദൂഷ്യഫലങ്ങൾ തടയാൻ കുടിവെള്ളത്തിന്‍റെ ആവശ്യകത സംബന്ധിച്ച് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഫിലിപ്പൈൻ കോളേജ് ഓഫ് എമർജൻസി മെഡിസിൻ പ്രസിഡന്‍റ് ഡോ. റിച്ചാർഡ് സാന്‍റോസ് പറയുന്നതനുസരിച്ച്, സന്ദേശത്തില്‍ ചില ശരിയായ വിവരങ്ങളുണ്ട്. എന്നാൽ സ്ട്രോക്കും ചൂടുള്ള കാലാവസ്ഥയിൽ തണുത്ത വെള്ളം കുടിക്കുന്നതും തമ്മിൽ ബന്ധമൊന്നുമില്ല. തണുത്ത വെള്ളം രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകാം. എന്നാല്‍ തണുത്ത വെള്ളം കുടിക്കുന്നത് സ്ട്രോക്കു വരുത്തുമെന്ന് തെളിവുകളൊന്നുമില്ല, രക്തക്കുഴലുകൾ തടസ്സപ്പെടുകയോ പൊട്ടുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.
മാത്രമല്ല, ചൂടുകാലത്ത് ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിൽ ദീർഘനേരം ചെലവിടുമ്പോൾ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെന്ന് ഡോ. സാന്‍റോസ് ഊന്നിപ്പറഞ്ഞു. നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കണം. നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്ക് തണുത്ത വെള്ളം കുടിക്കുന്നത് ദോഷകരമായേക്കാം. എന്നാല്‍ തണുത്ത വെള്ളം കുടിക്കുന്നതിൽ നിന്ന് പ്രതികൂല ഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിൽ നമ്മുടെ ശരീരത്തിന് താപനില നിയന്ത്രിക്കാൻ കഴിയും. അതിനാൽ, ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിൽ ദീർഘനേരം ചെലവിട്ടാല്‍, താപനില കുറയ്ക്കുന്നതിന് ഉടനടി ശരീരം തണുപ്പിക്കേണ്ടത് ആവശ്യമാണ്.
ന്യൂറോളജിസ്റ്റും ഫിലിപ്പൈൻ ന്യൂറോളജിക്കൽ അസോസിയേഷൻ പ്രസിഡന്‍റുമായ ഡോ. ജോസ് പാസിയാനോ റെയ്‌സ്, തണുത്ത താപനിലയുമായി സമ്പർക്കം പുലർത്തുമ്പോൾ തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടിപ്പോകില്ലെന്ന് പ്രസ്താവിച്ചു. തണുത്ത വെള്ളത്തിൽ മുങ്ങുകയോ പെട്ടെന്നുള്ള തണുത്ത മഴയോ “കോൾഡ് ഷോക്ക്” ലേക്ക് നയിച്ചേക്കാം, ഇത് ശ്വസന നിയന്ത്രണം നഷ്ടപ്പെടുന്നതിനും രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും രക്തസമ്മർദ്ദം പെട്ടെന്ന് വർദ്ധിക്കുന്നതിനും കാരണമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.
തണുത്ത വെള്ളം കുടിക്കുന്നതും കുളിക്കുന്നതും “ആരോഗ്യമുള്ള ആളുകൾക്ക് സാധാരണയായി ഒരു പ്രശ്നമല്ല” എന്ന് ഡോ. റെയ്‌സ് പറയുന്നു. തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കുക, അമിത ചൂട് തടയുക, വീക്കം കുറയ്ക്കുക തുടങ്ങിയ ഗുണങ്ങളുണ്ട്. എന്നിരുന്നാലും, ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിൽ കഴിഞ്ഞയുടനെ തണുത്ത വെള്ളം കുടിക്കുന്നത് ഹൃദ്രോഗം പോലുള്ള ചില രോഗങ്ങളുള്ള ആളുകൾക്ക് നല്ലതല്ലെന്നും രോഗാവസ്ഥ വർദ്ധിപ്പിക്കുമെന്നും ഡോ. റെയ്സ് മുന്നറിയിപ്പ് നൽകുന്നു. രക്തസമ്മർദ്ദം വർദ്ധിക്കുന്നതും ഹൃദയം കഠിനമായി പ്രവർത്തിക്കുന്നതുമാണ് ഇതിന് കാരണം. കൂടുതൽ ഇവിടെ വായിക്കാം.
നിലവിൽ ഏഷ്യയിൽ ഉടനീളം അനുഭവപ്പെടുന്ന കടുത്ത ചൂടിന്‍റെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ സര്‍ക്കാര്‍ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആളുകൾ ചൂടുള്ള കാലാവസ്ഥയിൽ കൂടുതൽ വെള്ളം കുടിക്കണമെന്നും ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തണമെന്നും ശരീര താപനില കുറയ്ക്കാൻ എയർ കണ്ടീഷനിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ള തണുപ്പിനുള്ള വഴികൾ കണ്ടെത്തണമെന്നും ശുപാർശ ചെയ്യുന്നു.
ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകളും മാര്‍ഗ നിര്‍ദ്ദേശങ്ങളും ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്യുന്നത് സഹായകരമാണ്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വെയിലും ചൂടും ഏല്‍ക്കുന്ന പ്രവർത്തനങ്ങൾ പരമാവധി പരിമിതപ്പെടുത്തുകയും ചെയ്യുക.
നിഗമനം
പോസ്റ്റിലെ മുന്നറിയിപ്പ് സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചൂടുള്ള താപനിലയിൽ സമ്പർക്കം പുലർത്തിയ ശേഷം തണുത്ത വെള്ളം കുടിക്കുന്നത് മൂലം സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഇതുവരെ തെളിവുകള്‍ ഒന്നുമില്ല. ചില വ്യക്തികളിൽ തണുപ്പ് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. പക്ഷേ ഇത് ഏതെങ്കിലും രോഗത്തിന് കാരണമാകില്ല. ഹൃദയ സംബന്ധമായ അസുഖമുള്ളവരും മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരും തണുത്ത വെള്ളം കുടിക്കുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കുക.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കനത്ത ചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടോ…? വസ്തുത അറിയൂ…
Fact Check By: Vasuki SResult: MISLEADING
