
വിവരണം
Lady Media എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജൂണ്‍ 30 മുതല്‍ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. കേരള പോലീസ് നല്‍കുന്ന ഒരു അറിയിപ്പാണ് പോസ്റ്റില്‍ നല്കിയിരിക്കുന്നത്. “ക്ലാസ്സ് കട്ട് ചെയ്ത് വിദ്യാർത്ഥികൾ തിയേറ്ററിൽ എത്തിയാൽ വിളിക്കുക. വനിതാ സർക്കിൾ ഇൻസ്പെക്റ്റർ ടോൾ ഫ്രീ നമ്പർ 1091, 0481 2561414 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പരാതി അറിയിക്കാം. 24 മണിക്കൂറും സേവനം ലഭ്യം. വിവരങ്ങൾ നൽകുന്ന ആളിന്റെ പേര്, വിലാസം, ഫോൺ നമ്പർ വെളിപ്പെടുത്തേണ്ടതില്ല. ഡിവൈഎസ്പി കോട്ടയം “
ഇതാണ് കാര്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു പോസ്റ്ററാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. കൂടാതെ “”വഴിതെറ്റുന്ന തലമുറയെ “മണിച്ചിത്രതാഴിട്ട് പൂട്ടാൻ കേരളാ പോലീസ് ഒരുങ്ങി കഴിഞ്ഞൂ….” എന്ന അടിക്കുറിപ്പും പോസ്റ്റിൽ നൽകിയിട്ടുണ്ട്.

archived link | FB post |
നമുക്ക് പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത സത്യമാണോ എന്ന് അറിയാൻ ശ്രമിക്കാം
വസ്തുത വിശകലനം
ഞങ്ങൾ പോസ്റ്റിൽ നനല്കിയിട്ടുള്ള അറിയിപ്പിനെ കുറിച്ച് വിശദാംശങ്ങൾ അറിയാൻ ആദ്യം അതിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്ക് ആദ്യം വിളിച്ചു നോക്കി. പോലീസ് വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആണിത് എന്ന് കാൾ സ്വീകരിച്ച ഉദ്യോഗസ്ഥ അറിയിച്ചു. പോസ്റ്റിൽ നൽകിയിട്ടുള്ള അറിയിപ്പിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു അറിയിപ്പിനെ കുറിച്ച് അവർക്ക് അറിയില്ല എന്നാണ് മറുപടി പറഞ്ഞത്. കൂടുതൽ വിവരങ്ങൾക്കായി ഡിവൈഎസ്പി ഓഫീസുമായി ബന്ധപ്പെടാൻ അവർ നിർദേശം നൽകി. തുടർന്ന് ഞങ്ങൾ ഡിവൈഎസ്പി ഓഫിസുമായി ബന്ധപ്പെട്ടു.”ഇങ്ങനെയൊരു അറിയിപ്പ് ഇത്തരത്തിലൊരു പോസ്റ്റർ രൂപത്തിൽ ഡിവൈഎസ്പി കോട്ടയത്തിന്‍റെ പേരിൽ എവിടെയും പ്രദര്ശിപ്പിച്ചിട്ടില്ല. പോസ്റ്റിനെ കുറിച്ച് പലരും പറഞ്ഞു. എവിടെ നിന്നാണ് ഇത്തരം ഒരു പോസ്റ്റ് വന്നതെന്ന് ഞങ്ങളും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്”. എന്നാണ് ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാരവാഹിയായ അരുൺ എന്ന പോലീസ് ഓഫിസർ അറിയിച്ചത്. കോട്ടയത്ത് 2014 ൽ നടപ്പിലാക്കിയ വിദ്യാർത്ഥി സുരക്ഷ പദ്ധതിയാണ് ഓപ്പറേഷന്‍ ഗുരുകുലം. ക്ലാസ് കട്ട് ചെയ്തു മുങ്ങി നടക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനും ഇവരിലെ ലഹരി ഉപയോഗം അടക്കമുള്ളവ തടയുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഗുരുകുലം. കോട്ടയം സബ്ഡിവിഷന്റെ കീഴിലെ സ്കൂളുകളും കോളജുകളും ഉള്‍പ്പെടെ 115 സ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്. സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തിയില്ലെങ്കില്‍ ഓണ്‍ലൈന്‍ സൈറ്റിലൂടെയും ഫോണിലൂടെയും അവരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറും. പൊലീസ് ഉടന്‍ തന്നെ ഇക്കാര്യം രക്ഷിതാക്കളെ ഫോണ്‍, ഇ-മെയില്‍ സംവിധാനത്തിലൂടെ അറിയിക്കും. ഓരോ സ്കൂളിനും ഓരോ ഉപയോഗ കോഡും രഹസ്യ നാമവും നല്‍കിയിരിക്കുന്നതിനാല്‍ മറ്റുളളവര്‍ക്ക് വിവരങ്ങള്‍ ലഭ്യമാകില്ല. പദ്ധതിയെപ്പറ്റി അക്കാലത്ത് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.

archived link | deshabhimani |
2017 ൽ പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിക്കാൻ പോലീസ് വകുപ്പ് തീരുമാനമെടുത്തു എന്നും വാർത്തകൾ വന്നിരുന്നു.

archived link | deshabhimani |
archived link | mathrubhumi |
archived link | madhyamam |
archived link | youthkiawaaz |
ഇത് സംബന്ധിച്ചുള്ള വിവരങ്ങളാണ് പോസ്റ്റർ രൂപത്തിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത്.
എന്നാൽ പോലീസ് വിഭാഗം ഇങ്ങനെയൊരു പബ്ലിക്ക് പോസ്റ്റർ എവിടെയും സ്ഥാപിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലീസിന്‍റെ പേരിലുള്ള വ്യാജ പോസ്റ്ററാണ്. ഇത്തരത്തിൽ ഒരു പോസ്റ്റർ എവിടെയും സ്ഥാപിച്ചിട്ടില്ല എന്ന് പോലീസ് അധികാരികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വസ്തുത മനസ്സിലാക്കി മാത്രം പോസ്റ്റ് ഷെയർ ചെയ്യാൻ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Title:കോട്ടയം ഡിവൈഎസ്പി ഓഫീസ് ഇങ്ങനെയൊരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നോ ..?
Fact Check By: Vasuki SResult: False
