FACT CHECK: 2021 ഫെബ്രുവരി മാസത്തില്‍ ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം ആവര്‍ത്തിച്ച് വരുന്ന പ്രതിഭാസം 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്ന പ്രചാരണത്തിന്‍റെ വസ്തുത…

കൌതുകം

വിവരണം 

ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ 2021 ഫെബ്രുവരി മാസവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സന്ദേശം നിങ്ങള്‍ എല്ലാവരും ഇതിനോടകം കണ്ടുകാണും. സന്ദേശത്തിലെ വാചകങ്ങള്‍ ഇതാണ്: “ഈ വരുന്ന ഫെബ്രുവരി നിങ്ങളുടെ ജീവിതത്തില്‍ ഇനി വരില്ല. കാരണം ഈ വര്‍ഷം ഫെബ്രുവരിയില്‍ 4 ഞായര്‍, 4 തിങ്കള്‍, 4 ചൊവ്വ, 4 ബുധന്‍, 4 വ്യാഴം, 4 വെള്ളി, 4 ശനിയാഴ്ച്ച്ചകളുണ്ട്. 823 വര്‍ഷത്തിലൊരിക്കല്‍ ഇത് സംഭവിക്കുന്നു. ഫെബ്രുവരി 2021”

അതായത് 2021 ഫെബ്രുവരി മാസത്തില്‍ മാത്രം ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം ആവര്‍ത്തിച്ച് വരുമെന്നും ഇത് 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു. 

archived listFB post

എന്നാല്‍ ഇത് വെറും തെറ്റായ പ്രചാരണം ആണെന്നും ആരോ തുടങ്ങിവച്ച ഒരു ‘വിഡ്ഢിത്തം’ പെട്ടെന്ന് പ്രചരിക്കുകയാണ് ഉണ്ടായതെന്നും ആദ്യം തന്നെ  നിങ്ങളെ അറിയിക്കട്ടെ. കൂടുതല്‍ വിശദമാക്കാം 

വസ്തുതാ വിശകലനം 

ഞങ്ങള്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഇതേ പോസ്റ്റ് ചിലര്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടു. 

2019 ലെ കലണ്ടര്‍ ഇനി ഒരു നൂറ്റാണ്ടിന് ശേഷം മാത്രമേ സംഭവിക്കൂ എന്ന  പ്രചാരണം മുമ്പ് ഉണ്ടായിരുന്നു. ഇതിന്‍റെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയതുമാണ്. ലേഖനം താഴെ വായിക്കാം 

ഒരു നൂറ്റാണ്ടിനുശേഷം മാത്രമേ 2019 ലെ കലണ്ടർ വീണ്ടും ദൃശ്യമാകൂമോ…?

ഞങ്ങള്‍ കലണ്ടറുകള്‍ പരിശോധിച്ചു നോക്കിയപ്പോള്‍ തന്നെ പോസ്റ്റിലെ വാദം അപ്രസക്തമാണെന്ന് ബോധ്യപ്പെട്ടു. കാരണംഅധി വര്‍ഷങ്ങളില്‍ അല്ലാതെ,  28 ദിവസങ്ങള്‍ മാത്രമുള്ള ഫെബ്രുവരിയില്‍ ആഴ്ചകള്‍ നാല് തവണ തന്നെയാണ് എല്ലായ്പോഴും പ്രത്യക്ഷപ്പെടുന്നത്.  താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക: 

ലീപ് ഇയര്‍ അഥവാ അധിവര്‍ഷം ഒഴികെയുള്ള വര്‍ഷങ്ങളില്‍ ഫെബ്രുവരി മാസത്തിന് 2021 ഫെബ്രുവരി മാസത്തിന്‍റെ അതേ രീതി തന്നെയാണ് എന്ന് വ്യക്തമാണ്. 2021 വര്‍ഷം തുടങ്ങി കൂട്ടി നോക്കുമ്പോള്‍ 823 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ 2858 എന്ന വര്‍ഷത്തിലെത്തും. ആ വര്‍ഷം ലീപ് ഇയര്‍ അല്ലാത്തതിനാല്‍ ഫെബ്രുവരി മാസത്തിന് 2021 ലെ പോലെ 4 വീതം ആഴ്ചയുടെ ആവര്‍ത്തനങ്ങളാകും ഉണ്ടാവുക. 

823 വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഈ പ്രത്യേകത എന്ന വാദം തെറ്റാണെന്ന് ഇതോടെ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ കലണ്ടറുമായി ബന്ധപ്പെട്ട ചില പ്രചാരണങ്ങള്‍ക്ക് വേണ്ടി 823 എന്ന വര്‍ഷം ഉപയോഗിക്കുന്നുണ്ട്. 2017 ഫെബ്രുവരിക്ക് എല്ലാ ആഴ്ച്ച ദിവസങ്ങളും 4 തവണ വീതം ആവര്‍ത്തിക്കുന്നു എന്ന പ്രചരണം ഉണ്ടായിരുന്നു. ഇതിനു മുകളില്‍ ട്രൂത്ത്‌ ഓര്‍ ഫിക്ഷന്‍ എന്ന മാധ്യമം വസ്തുതാ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തെറ്റിദ്ധരിച്ച് പ്രചരിപ്പിക്കപ്പെട്ട ഒരു വിഡ്ഢിത്തം എന്ന് ഈ പ്രചാരണത്തെ വിശേഷിപ്പിക്കാം.

നിഗമനം 

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. അധിവര്‍ഷത്തിലൊഴികെ ബാക്കി വര്‍ഷങ്ങളില്‍ എല്ലാം ഫെബ്രുവരി മാസത്തിലെ ആഴ്ചകള്‍ പ്രത്യക്ഷപ്പെടുന്നത്. ഈ പ്രചരണം വെറും അസംബന്ധം  മാത്രമാണ്.

Avatar

Title:2021 ഫെബ്രുവരി മാസത്തില്‍ ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം ആവര്‍ത്തിച്ച് വരുന്ന പ്രതിഭാസം 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്ന പ്രചാരണത്തിന്‍റെ വസ്തുത…

Fact Check By: Vasuki S 

Result: False