
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വന്തം പ്രസ്ഥാനത്തെ പരസ്യമായി വിമർശിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു അഭിമുഖത്തിനിടെ കെ സുരേന്ദ്രൻ “ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണ്, ഇന്ത്യൻ മുസ്ലീങ്ങൾ സംഘപരിവാറിന്റെ ആക്രമണ ഭീതിയിലാണ്” എന്ന വാചകങ്ങൾ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ന്യൂസ് 18 ചാനലിന്റെ ലോഗോ ദൃശ്യങ്ങളിൽ കാണാം.
അതായത് സ്വന്തം പാർട്ടിയെയും സംഘടനയെയും കെ സുരേന്ദ്രൻ പരസ്യമായി വിമർശിച്ച് സംസാരിക്കുന്നു എന്ന അവകാശവാദത്തിനായാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
എന്നാൽ അഭിമുഖത്തിൽ നിന്നും ഒരു ചെറിയ ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങൾ യൂട്യൂബിൽ സുരേന്ദ്രന്റെ പ്രസ്തുത അഭിമുഖം തിരഞ്ഞപ്പോൾ ന്യൂസ് 18 ഏപ്രിൽ 21ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ വീഡിയോ ലഭ്യമായി.
ഒരു മണിക്കൂറിനു മുകളിൽ ദൈർഘ്യമുള്ള അഭിമുഖത്തിന്റെ ഏകദേശം 50 മിനിട്ട് കഴിയുമ്പോഴാണ് സുരേന്ദ്രൻ ഈ വാചകങ്ങൾ പറയുന്നത്. എന്നാൽ അദ്ദേഹം യഥാർത്ഥത്തിൽ പറയുന്നത് ഇങ്ങനെയാണ്: കേരളത്തിൽ നടന്ന വിധ്വംസക പ്രവർത്തനങ്ങളുടെ പ്രതികളെയെല്ലാം മറ്റു സംസ്ഥാനങ്ങളിലെ പോലീസാണ് പിടിക്കുന്നത്. കേരള പോലീസ് ആരെങ്കിലും വിചാരിച്ചാലും അവർക്ക് മുകളിൽ നിന്ന് ഉത്തരവ് ലഭിക്കുന്നില്ല. വലിയതോതിൽ ഭീകരവാദികളുമായി ചേർന്നു നിൽക്കുന്ന ഒരു രാഷ്ട്രീയം ഇവിടെയുണ്ട്. അനാവശ്യമായി മോദിക്കും ബിജെപിയും എതിരായി ഭയാശങ്ക പടർത്തുന്ന കുപ്രചരണം ഇവിടെ എൽഡിഎഫ് നടത്തുന്നു.
ഇവിടെ എന്തുവന്നാലും ഉടനെ മോദി മുസ്ലിങ്ങളെ വേട്ടയാടുകയാണ്, ഇന്ത്യൻ മുസ്ലിങ്ങൾ രണ്ടാംകിട പൗരന്മാർ ആണെന്ന് സിപിഎമ്മിന്റെ പ്രചരണമാണ്. ഇന്ത്യൻ മുസ്ലിംകൾ വേട്ടയാടപ്പെടുകയാണ്- സിപിഎമ്മിന്റെ പ്രചരണമാണ്. ഇന്ത്യൻ മുസ്ലീങ്ങൾ സംഘപരിവാറിന്റെ ആക്രമണ ഭീതിയിലാണ്- സിപിഎമ്മിന്റെ പ്രചരണമാണ്. ശൂലംകുത്തി എടുക്കും- ഇന്നും പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ പഞ്ചായത്ത്- മിൽമ- മിൽക്ക് സൊസൈറ്റി തിരഞ്ഞെടുപ്പിൽ പോലും ബാബറി മസ്ജിദിന്റെ മകുടങ്ങൾ കൊണ്ടുപോയി വീടു കയറുന്നു. എന്താണ് ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്..?
ഇതിൽ നിന്നും രണ്ടു വാചകങ്ങൾ പ്രത്യേകം അടർത്തി മാറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. കൂടുതൽ വ്യക്തതക്കായി ഞങ്ങൾ കെ. സുരേന്ദ്രനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ് “കഴിഞ്ഞദിവസം ഞാൻ ന്യൂസ് 18 ചാനലിൽ ഒരു അഭിമുഖം നൽകിയിരുന്നു. അതിൽ നിന്നും ചില വാചകങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണ്. മുഴുവൻ അഭിമുഖം കണ്ടാൽ ഞാൻ എന്താണ് പറഞ്ഞത് എന്ന് ആർക്കും എളുപ്പത്തിൽ തന്നെ വ്യക്തമാകും. വെറുതെ ദൂഷപ്രചാരണം നടത്തുകയാണ്.
നിഗമനം
പോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്തതാണ്. ന്യൂസ് 18 ചാനൽ കെ സുരേന്ദ്രനുമായി നടത്തിയ അഭിമുഖത്തിൽ നിന്നും ചില വാചകങ്ങൾ മുറിച്ചെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ദുഷ്പ്രചരണം നടത്തുകയാണ് ചെയ്യുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് കെ. സുരേന്ദ്രൻ- എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം
Fact Check By: Vasuki SResult: ALTERED
