എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വി‌ഡി സതീശനെതിരെ വ്യാജ പ്രചരണം…

Altered പ്രാദേശികം | Local രാഷ്ട്രീയം | Politics

പ്രതിപക്ഷ നേതാവ് വി‌ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചു സംസാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണമെന്ന് വിഡി സതീശൻ മാധ്യമ പ്രവര്‍ത്തകരോടായി  പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പം ആർഎസ്എസ് ചടങ്ങിൽ വിളക്ക് കൊളുത്തുന്ന വിഡി സതീശന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. “കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണം… സവർക്കറിന്റെ മുന്നിൽ കുമ്പിടാൻ സെക്കിന്റ് പോലും ചിന്തിക്കേണ്ട” എന്ന വാചകങ്ങള്‍ വീഡിയോയുടെ കുറുകെ എഴുതിയിട്ടുണ്ട്. 

FB postarchived link

എന്നാല്‍ ഇത് എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്ന വാക്കുകളല്ല അദ്ദേഹം പറയുന്നതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്  

“ഇനി അവരുടെ കൂടെ പോയി സമരം ചെയ്യണമെങ്കിൽ, അത് ഞങ്ങൾക്ക് ആലോചിക്കണം, മൂന്ന് പ്രാവശ്യം ആലോചിച്ചിട്ടേ ചെയ്യുകയുള്ളു” എന്ന വാചകങ്ങളാണ് നമുക്ക് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കുന്നത്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ എല്‍‌ഡി‌എഫുമായി കക്ഷി ചേരില്ല എന്നാണ് യഥാര്‍ഥത്തില്‍ വി‌ഡി സതീശന്‍ അര്‍ത്ഥമാക്കുന്നത്. കേന്ദ്രത്തിനെതിരെ പ്രതിപക്ഷം അണിനിരക്കുന്നില്ല എന്ന വിമർശനം ഉണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തില്‍ കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ്സ് പ്രതികരിച്ചുവെന്നാണ് വി‌ഡി സതീശന്‍ പറയുന്നത്. ഹെലികോപ്റ്റര്‍ വാടക തിരികെ അടക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രിയങ്ക ഗാന്ധിയുടെയും ശശി തരൂരിന്‍റെയും നേതൃത്വത്തില്‍ അമിത് ഷായെ കാണുകയുണ്ടായി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ കാണുന്നില്ലെങ്കില്‍ അവര്‍ അന്യഗ്രഹ ജീവികളാണെന്നേ പറയാനുള്ളൂ. പിന്നെ അവരുടെ കൂടെ പോയി സമരം ചെയ്യണം, അത് ഞങ്ങള്‍ ആലോചിക്കണം. മൂന്നു പ്രാവശ്യം ആലോചിച്ചിട്ടേ ചെയ്യുകയുള്ളൂ, സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണി ഞങ്ങള്‍ക്കുണ്ട്. ഇവരുടെ കൂടെ നിന്ന് സമരം ചെയ്യേണ്ട ആവശ്യമില്ല…” ഇങ്ങനെയാണ് വി‌ഡി സതീശന്‍ പറയുന്നത്. വീഡിയോയുടെ ദൈര്‍ഘ്യമുള്ള പതിപ്പ് മീഡിയ വണ്‍  യുട്യൂബ് ചാനലില്‍ നല്‍കിയിട്ടുണ്ട്. 

കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം- സതീശന്‍ എന്ന തലക്കെട്ടില്‍ മാതൃഭൂമി 2024 ഡിസംബര്‍ 15 ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വി‌ഡി സതീശന്‍റെ പ്രസ്താവന ഉള്‍പ്പെടുത്തി പല മാധ്യമങ്ങളും റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ വീഡിയോ എഡിറ്റഡാണ്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മൂന്നു തവണ ആലോചിക്കണമെന്ന് വി‌ഡി സതീശന്‍ പറയുന്നു എന്നു പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ ക്ലിപ്പ് ഉപയോഗിച്ചാണ്.  കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ സി‌പി‌എമ്മുമായി കൂട്ടുപിടിക്കില്ല എന്നാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ പറയുന്നത്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വി‌ഡി സതീശനെതിരെ വ്യാജ പ്രചരണം…

Written By: Vasuki S  

Result: Altered