
കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതിയിളവ് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചില മാധ്യമങ്ങളില്‍ സംസ്ഥാന സർക്കാരും പെട്രോളിനും ഡീസലിനും നികുതി ഇളവ് പ്രാബല്യത്തില്‍ വരുത്തിയെന്ന് വാർത്ത പ്രചരിച്ചു
പ്രചരണം
റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡില്‍ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെ: സംസ്ഥാന സർക്കാരും കുറച്ചു പെട്രോളിന് 2.41 രൂപ ഡീസലിന് 1.36 രൂപ ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയ്ക്ക് ആധാരമായി ന്യൂസ് കാർഡിൽ നൽകിയിട്ടുണ്ട്.

കൈരളി ഓൺലൈൻ പതിപ്പിലും സമാന വാർത്തയുണ്ട്:

എന്നാൽ ഈ പ്രചരണം വസ്തുതാപരമായി തെറ്റാണ് എന്നാണ് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തിയത്
വസ്തുത ഇതാണ്
കേന്ദ്രസർക്കാർ സെൻട്രൽ എക്സൈസ് നികുതിയിൽ ഇളവ് വരുത്തിയതായി മന്ത്രി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റിലൂടെ പൊതു ജനങ്ങളെ അറിയിച്ചിരുന്നു. സംസ്ഥാന ധനമന്ത്രി ബാലഗോപാൽ ഇതിന് ആനുപാതികമായി സംസ്ഥാനവും നികുതി കുറക്കും എന്നാണ് പറഞ്ഞത് ആ കുറവ് പ്രാബല്യത്തില്‍ വന്നുവെന്ന് അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടില്ല. ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇതിനിടയിൽ പെട്രോളിന് കുറവില്‍ വന്ന തുകയില്‍ ഒരു രൂപ കേരളത്തിൽ കാണാനില്ല എന്ന് മാധ്യമങ്ങൾ ഒരു വാർത്ത പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ധനമന്ത്രി എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. പെട്രോൾ നികുതി നിരക്ക് കേന്ദ്രസർക്കാർ കുറച്ച അന്നുതന്നെ എണ്ണ കമ്പനികള്‍ 79 പൈസ അടിസ്ഥാന വിലയിൽ വർധിപ്പിച്ചതാണ് കാരണം എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഈ വീഡിയോയിലും സംസ്ഥാന സർക്കാർ നികുതി ഇളവ് നടപ്പിലാക്കിയെന്ന് അദ്ദേഹം ഒരിടത്തും അവകാശപ്പെടുന്നില്ല
കേന്ദ്ര സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചപ്പോൾ അവിടെ കുറയുന്ന തുകയുടെ ആനുപാതികമായ ഇളവ് കേരളത്തിൽ സ്വാഭാവികമായി പ്രാബല്യത്തിലാകും അത് എങ്ങനെയാണെന്ന് വിശദമാക്കാം
ഇന്ധന നികുതി നിര്‍ണ്ണയം
പെട്രോളിന്‍റെ മുകളില്‍ 30.08% വില്‍പ്പന നികുതിയാണ് ഈടാകുന്നത്. സമാനമായി ഡീസലില്‍ 22.76% വില്‍പ്പന നികുതിയാണ് കേരള സര്‍ക്കാര്‍ ജനങ്ങളോട് ഈടാക്കുന്നത്. ഇത് കുടാതെ ഒരു രൂപ അധിക സെയില്‍സ് ടാക്സും കുടാതെ എല്ലാത്തിന്‍റെയും മുകളില്‍ 1% നികുതിയും കേരള സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഇതില്‍ ഒന്നും കുറച്ചിട്ടില്ല, പക്ഷെ കേരളത്തില്‍ വിലക്കുറവ് പ്രതിഫലിച്ചത് കേന്ദ്ര സര്‍ക്കാര്‍ നികുതി നിരക്ക് കുറച്ചതുകൊണ്ട് മാത്രമാണ്.
കേന്ദ്രം പെട്രോളില്‍ 8 രൂപ കുറച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതിയും കുറഞ്ഞു. ഡീസലിലും ഇത് തന്നെയാണ് സംഭവിച്ചത്. അങ്ങനെ കേരള സര്‍ക്കാര്‍ നികുതി നിരക്കുകള്‍ കുറയ്ക്കാതെ തന്നെ കേരളത്തില്‍ ഇന്ധന വിലയില്‍ കുറവ് പ്രാബല്യത്തില്‍ വന്നു. കേന്ദ്രം നികുതി കൂട്ടിയാല്‍ അതിന്‍റെ ലാഭം സംസ്ഥാനങ്ങള്‍ക്കും ലഭിക്കും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില അനുസരിച്ച് പെട്രോളിന്‍റെ വില കൂടുകയും കുറയുകയും ചെയ്യും. ഇത് അനുസരിച്ച് സംസ്ഥാനങ്ങളുടെ നികുതിയും കൂടും അല്ലെങ്കില്‍ കുറയും. പക്ഷെ കേന്ദ്ര സര്‍ക്കാറിന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയാലും കുറഞ്ഞാലും യാതൊരു പ്രശ്നമുണ്ടാകില്ല. കേന്ദ്ര സര്‍ക്കാര്‍ ഉറപ്പിച്ച തുകയാണ് പെട്രോളിന്റെയും ഡീസലിന്‍റെയും മുകളില്‍ ഈടാക്കുന്നത്.
15ആം ഫൈനാന്‍സ് കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന എക്സൈസില്‍ സംസ്ഥാനങ്ങള്‍ക്ക് 59% വിഹിതം കേന്ദ്രം നല്‍കണം. അങ്ങനെ കേന്ദ്രം ഈടാക്കുന്ന നികുതിയുടെ വലിയ പങ്ക് സംസ്ഥാനങ്ങള്‍ക്ക് പോകേണ്ടതാണ്, പക്ഷെ അങ്ങനെയല്ല. അതിന് കാരണം കേന്ദ്രം ഈടാക്കുന്ന നികുതിയില്‍ രണ്ട് ഘടകങ്ങളുണ്ട്:
- എക്സൈസ് ഘടകം (Basic Excise Duty)
- സെസ് ഘടകം (Cess Component)
കേന്ദ്രം പെട്രോളില്‍ ഈടാക്കുന്ന നികുതിയില്‍ എക്സൈസ് ഘടകം 1.4 രൂപയാണ്. ഡീസലിന്‍റെ എക്സൈസ് ഘടകം 1.8 രൂപയാണ്. ബാക്കിയുള്ളത് മുഴുവന്‍ സെസാണ്. ഫൈനാന്‍സ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് എക്സൈസ് ഘടകത്തിന്‍റെ 59% നല്‍കാന്‍ ബാധ്യസ്ഥരാണ്. സെസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കില്ല.
ഇന്ധന വിലയില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി ഈടാക്കുന്ന രീതിയെക്കുറിച്ച് ഞങ്ങൾ ഇതിനു മുമ്പ് ഒരു ലേഖനം ചെയ്തിട്ടുണ്ട്.
ഇന്ധന നികുതി സംവിധാനത്തിന്‍റെ വിശദാംശങ്ങൾ ഇതിലുണ്ട്. കേന്ദ്രസർക്കാർ പെട്രോൾ നികുതി ഇളവ് നടപ്പിലാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാരും നികുതി ഇളവ് നടപ്പിലാക്കി എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ നികുതി ഇളവ് നടപ്പിലാക്കിയപ്പോൾ സംസ്ഥാന സർക്കാർ ഇളവ് നടപ്പിലാക്കിയിട്ടില്ല. കേന്ദ്രസർക്കാർ നികുതി കുറച്ചപ്പോൾ അതിന് ആനുപാതികമായി കേരളത്തിൽ കുറവ് സ്വാഭാവികമായി പ്രാബല്യത്തിൽ വന്നതാണ്. അല്ലാതെ സംസ്ഥാന സർക്കാർ നികുതി കുറച്ചതല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:കേരള സര്‍ക്കാര്‍ പെട്രോളിന് 2.41, ഡീസലിന് 1.36 രൂപ എന്നിങ്ങനെ ഇന്ധനവിലയില്‍ ഇളവ് നടപ്പിലാക്കിയോ..? വസ്തുത അറിയൂ…
Fact Check By: Vasuki SResult: Misleading
