
ഏതാനും ദിവസങ്ങളായി കേരള പോലീസിന് നേരെ വിമർശനങ്ങള്‍ ഉയര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്
പ്രചരണം
ദൃശ്യങ്ങളിൽ ഏതാനും പോലീസുകാർ ചേർന്ന് ഒരു വ്യക്തിയെ വീടിനുള്ളിൽ ബലമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് കാണാം. ഉപദ്രവിക്കരുതെന്ന് സ്ത്രീകൾ അടുത്തുനിന്ന് അപേക്ഷിക്കുന്നത് പശ്ചാത്തലത്തിൽ കേൾക്കാം. ഒരു സൈനികനെ പോലീസുകാർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആണിതെന്നും ഇതിനു കാരണം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിൽ മദ്രാസ് റെജിമെന്‍റ് പട്ടാളക്കാരെ പങ്കെടുപ്പിക്കുവാൻ ഈ സൈനിക മുൻകൈയെടുത്തു എന്നുമാണ് ആരോപിക്കുന്നത്. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ:
“ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ 2023ലെ ആറാട്ടിന് ക്ഷേത്ര മാനേജ്‌മെന്റിന്റെ അനുമതിയോടെ Indian Army pipe band, Qrt, എന്നിവയ്ക്ക് മേൽനോട്ടം നൽകി പങ്കെടുപ്പിച്ച Indian Army Madras regiment ന്റെ Naik Kiran kumar നെ ആറാട്ടിന് indian Army യെ പങ്കെടുപ്പിച്ചു എന്ന ഒറ്റ കാരണത്താൽ.. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനിലെ പോലീസുകാർ അദേഹത്തിന്റെ വീട്ടിൽ കയറി മർദിച്ച് അവശനാക്കി സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നത്തിന്റെ ദൃശ്യം… മർദനത്തിന്റ ഇടയിൽ ടിയാന്റെ അമ്മയ്ക്കും സാരമായി പരുക്ക് സംഭവിച്ചിട്ടുണ്ട്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷ വിഭാഗത്തിലെ INT ASI സുരേഷ് കുമാറിന്റെ വ്യക്തി വൈരാഗ്യത്തിന്റെ പുറത്താണ് Naik kiran kumar ന്റെ വീട്ടിൽ ഈ അതിദാരുന്ന സംഭവം അരങ്ങേരിയത്. ഈ ASI സുരേഷ് കുമാറിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിൽ ഉണ്ട്… ശ്രീ പത്മനാഭ സ്വാമിയെ സേവിച്ചതിന് ഒരു ജാവന് കിട്ടിയ സമ്മാനം 🙏🏻🙏🏻🙏🏻……രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന് വേണ്ടി പ്രതികരിക്കുക 💪🏻”
എന്നാൽ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്നും വീഡിയോയിലെ സംഭവങ്ങൾക്ക് പത്മനാഭസ്വാമി ആറാട്ടുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ദൃശ്യങ്ങളിൽ പോലീസുകാർ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന സൈനികന്‍, കൊല്ലം തൃക്കോവിൽ വട്ടം ചിന്താപൂര് ഉഷസ്സില്‍ കിരൺകുമാർ എന്നയാളാണ്. വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് സൈനികന്‍റെ ഭാര്യ തന്നെയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ആദ്യം കൊട്ടിയം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെ നിന്നും പോലീസ് ഉദ്യോഗസ്ഥനായ സുഭാഷ് ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഏപ്രിൽ 16 ഞായറാഴ്ച രാവിലെ ചെന്താപൂരിലെ ശ്രീകേശവ വിലാസം എൻഎസ്എസ് കരയോഗത്തിന്‍റെ തിരഞ്ഞെടുപ്പ് മീറ്റിംഗിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ദൃശ്യങ്ങളിൽ കാണുന്ന സൈനികന്‍റെ പിതാവും കരയോഗം ഭാരവാഹികളുമായി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കയ്യേറ്റം നടക്കുകയും ചെയ്തു എന്ന് ആരോപിച്ച് കരയോഗക്കാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് കരയോഗം ഭാരവാഹികൾ തന്നെ മർദ്ദിച്ചു എന്ന് കാണിച്ച് സൈനികന്‍റെ പിതാവ് ഒരു പരാതി നൽകി. ഇതുകൂടാതെ സൈനികൻ കരയോഗം പ്രസിഡന്‍റിന്‍റെ വീട്ടിൽ പോയി ഭാര്യയെ ഭീഷണിപ്പെടുത്തിയെന്ന് വീണ്ടും ഒരു കേസ് കൂടെ കരയോഗം ഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു.
ഇതേക്കുറിച്ച് അന്വേഷിക്കാനാണ് സിഐയും എസ്ഐയും ഡ്രൈവറെയും കൂട്ടി സൈനികന്‍റെ വീട്ടിലെത്തിയത്. സൈനികന്‍റെ പിതാവുമായി സംസാരിക്കുന്നതിനിടെ അയാൾ ഇടയ്ക്ക് കയറുകയും പോലീസുമായി കയര്‍ത്ത് സംസാരിക്കുകയും പിന്നീട് സിഐയുടെ കോളറിൽ കുത്തിപ്പിടിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇതേ സൈനികനെതിരെ മുമ്പ് 2007, 2019 എന്നീ വര്‍ഷങ്ങളില്‍ ഇവിടെ തന്നെ രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ സംഭവത്തിന് പത്മനാഭസ്വാമി ക്ഷേത്രം ആറാട്ടുമായി യാതൊരു ബന്ധവുമില്ല. ഈ സംഭവം നടന്നത് ഏപ്രിൽ 16നാണ്. ആറാട്ട് ഏപ്രിൽ അഞ്ചിനായിരുന്നു ആറാട്ടില്‍ പങ്കെടുത്തു അല്ലെങ്കിൽ സേനയെ വിന്യസിപ്പിക്കാൻ ശ്രമിച്ചു എന്നതിന്‍റെ പേരിൽ ഒരു സൈനികനെതിരെ നിയമ നടപടി എടുക്കേണ്ട കാര്യം പോലീസിനില്ല. എൻഎസ്എസ് കരയോഗവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെ ഉണ്ടായ സംഭവമാണിത്.”
തുടർന്ന് ഞങ്ങൾ സൈനികന്‍റെ ഭാര്യയുമായി സംസാരിച്ചു: അവർ ഞങ്ങളുടെ പ്രതിനിധിയോട് വിശദമാക്കിയത് ഇങ്ങനെയാണ്: “16ന് കരയോഗത്തിലെ ആള്‍ക്കാര്‍ ഞങ്ങളുടെ അച്ഛനെ മർദ്ദിക്കുകയും കാലിന് പരിക്ക് ഏൽപ്പിക്കുകയും ചെയ്തു. ഇതിനെതിരെ ഞങ്ങൾ പോലീസിൽ പരാതി കൊടുത്തിരുന്നു . കഴിഞ്ഞദിവസം പോലീസുകാർ ഞങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും എന്‍റെ ഭർത്താവിനെ ഞങ്ങളുടെ മുന്നിലിട്ട് മർദ്ദിക്കുകയുമാണ് ഉണ്ടായത്. ഈ സംഭവത്തിന് പത്മനാഭസ്വാമി ക്ഷേത്ര ആറാട്ടുമായി യാതൊരു ബന്ധവുമില്ല. എൻറെ ഭർത്താവ് പാങ്ങോട് സൈനിക കേന്ദ്രത്തിൽ ലയ്സണ്‍ ഓഫീസറായിയാണ് ജോലി ചെയ്യുന്നത്. ഈ സമയം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് അദ്ദേഹം പോവുകയും അവിടുത്തെ ഒരു പോലീസ് ഓഫീസർമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു എന്നത് സത്യമാണ് എന്നാൽ അതിന്‍റെ പേരിൽ എന്തെങ്കിലും കേസുകളും അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഭർത്താവിനെ പോലീസ് വീട്ടിൽ വന്ന് മർദ്ദിക്കുന്ന സമയത്ത് വീഡിയോ എടുക്കാൻ അദ്ദേഹം തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത്. പോലീസ് ഞങ്ങളുടെ വീട്ടില്‍ അതിക്രമം കാട്ടുകയാണ് ഉണ്ടായത്.”
കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങൾ പത്മനാഭസ്വാമി ക്ഷേത്രം പബ്ലിക് റിലേഷൻസ് ഓഫീസറുമായി സംസാരിച്ചു അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെയാണ്: സൈനികനെ പോലീസ് കീഴ്പ്പെടുത്തുന്ന സംഭവത്തിന് പത്മനാഭസ്വാമി ക്ഷേത്ര ആറാട്ടുമായി യാതൊരു ബന്ധവുമില്ല. ആറാട്ടിന്‍റെ സമയത്ത് ഇങ്ങനെ എന്തെങ്കിലും ഒരു തർക്കം ഉണ്ടായതായി പോലും ആരും പറഞ്ഞറിയില്ല.
തുടർന്ന് ഞങ്ങൾ പത്മനാഭസ്വാമി ക്ഷേത്രം സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറും മുഖ്യ സുരക്ഷ അധികാരിയുമായ അജിത്തുമായി സംസാരിച്ചു അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: ഈ വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സംഭവത്തിന് പത്മനാഭസ്വാമി ക്ഷേത്ര ആറാട്ടുമായി യാതൊരു ബന്ധവുമില്ല. കൊല്ലം കൊട്ടിയത്ത് എൻഎസ്എസ് കരയോഗത്തിന്‍റെ തെരഞ്ഞെടുപ്പിനിടെ സൈനികന്‍റെ പിതാവ് ഉണ്ടാക്കിയ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലീസുകാർ വീട്ടിലെത്തിയപ്പോൾ ഇയാൾ ബലം പ്രയോഗിക്കുകയും തുടർന്ന് പോലീസുകാർ ബലമായി കീഴ്പ്പെടുത്തിയതുമായ സംഭവത്തിന്‍റെതാണ്. ഇയാൾ ഇപ്പോൾ പോലീസ് സ്റ്റേഷനിൽ റിമാൻഡിലാണ്. സാമൂഹ്യ മാധ്യമങ്ങളിൽ പത്മനാഭസ്വാമി ക്ഷേത്രത്തെ ബന്ധപ്പെടുത്തി പ്രചരണം നടന്നപ്പോൾ ഞങ്ങൾ ഇതേപ്പറ്റി അന്വേഷിച്ചിരുന്നു. അപ്പോൾ മാത്രമാണ് ഇയാൾ അവിടെ വന്നിരുന്നു എന്നും പോലീസുകാരുമായി എന്തൊക്കെയോ വാക്കു തർക്കങ്ങൾ ഉണ്ടായി എന്നും മനസ്സിലാക്കാൻ സാധിച്ചത്. എന്നാൽ അത് അങ്ങനെ എന്തെങ്കിലും വലിയ പ്രശ്നങ്ങളിലെ പോയിട്ടില്ല. അതെപ്പറ്റി ഞങ്ങൾ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾക്ക് പത്മനാഭസ്വാമി ക്ഷേത്ര ആറാട്ടുമായി യാതൊരു ബന്ധവുമില്ല എന്ന് ഉറപ്പിച്ചു പറയുന്നു.”
സംഭവത്തെ കുറിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഒന്നിലും സംഭവത്തിന് പത്മനാഭ സ്വാമി ക്ഷേത്രം ആറാട്ടുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് പരാമര്‍ശമില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. സൈനികനെ പോലീസ് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന വീഡിയോയ്ക്ക് പത്മനാഭസ്വാമി ആറാട്ടുമായി യാതൊരു ബന്ധവുമില്ല. കൊല്ലം കൊട്ടിയം എൻഎസ്എസ് കരയോഗത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈനികന്‍റെ പിതാവും കരയോഗം ഭാരവാഹികളും തമ്മിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് ലഭിച്ച പരാതി അന്വേഷിക്കാന്‍ പോലീസ് വീട്ടിലെത്തിയപ്പോൾ ഉണ്ടായ സംഭവങ്ങളാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്.
വീഡിയോ ദൃശ്യങ്ങൾക്ക് പത്മനാഭസ്വാമി ക്ഷേത്രം ആറാട്ടുമായി യാതൊരു ബന്ധവുമില്ല എന്ന് പോലീസ് അധികാരികളും അതുപോലെ തന്നെ സൈനികന്‍റെ ഭാര്യയും വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:സൈനികനെ ബലപ്രയോഗത്തിലൂടെ പോലീസ് നിയന്ത്രണത്തിലാക്കുന്ന ഈ വീഡിയോയ്ക്ക് പത്മനാഭ സ്വാമി ക്ഷേത്ര ആറാട്ടുമായി യാതൊരു ബന്ധവുമില്ല…
Fact Check By: Vasuki SResult: False
