
വിവരണം
Daily Indian Herald
ഫേസ്‌ബുക്ക് പേജ് വഴി 2019 സെപ്റ്റംബർ 6 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “അനിൽ ആന്റണി കെപിസിസി ജനറൽ സെക്രട്ടറി. വീണ്ടും മക്കൾ രാഷ്ട്രീയം. നാണമില്ലേ കോൺഗ്രസ്സേ..” “മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്സ് അനിൽ ആന്റണി കെപിസിസി തലപ്പത്തേയ്ക്ക്” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്കും പോസ്റ്റിൽ നൽകിയിട്ടുണ്ട്. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്.
archived link | FB post |
വാർത്തയുടെ ഉള്ളടക്കത്തിൽ “രാജ്യത്താകെ മക്കൾ രാഷ്ട്രീയം കളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. എതിരാളികൾ കണക്കറ്റ് വിമർശിക്കുമ്പോഴും കോൺഗ്രസുകാർക്ക് അതിൽ വലിയ പ്രശ്നമൊന്നും തോന്നിയിട്ടില്ല. മക്കൾ രാഷ്ട്രീയത്തിലൂടെ മാത്രമേ നിലനിൽക്കാൻ കഴിയൂ എന്ന വിശ്വാസം പോലും കോൺഗ്രസിൽ രൂഢമൂലമാണ്. ഇതിനിടെയാണ് കേരളത്തിലെ കോൺഗ്രസിൽ വീണ്ടും മക്കൾ രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നെന്ന വിവരം പുറത്തുവരുന്നത്.
കേരളത്തിലെ കോൺഗ്രസിൻ്റെ ചുമതലയിലേയ്ക്ക് ഒരു ഉയർന്ന നേതാവിൻ്റെ മകൻ എത്തുന്നു എന്നാണ് വിവരം. അത് മറ്റാരുമല്ല സാക്ഷാൽ എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയാണ് കെട്ടിയിറക്കപ്പെടുന്ന താരം. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കാണ് അനിലിൻ്റെ വരവെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ, ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ കോൺഗ്രസിൻ്റെ ഐടി സെൽ തലവനായി അനിൽ ആൻ്റണി നിയമിതനായിരുന്നു. അന്നുതന്നെ ഇത് പാർട്ടിയിലേയ്ക്കെത്തുന്നതിൻ്റെ സൂചനയാണെന്ന സംസാരം കോൺഗ്രസിൽ തന്നെ സജീവമായിരുന്നു. അത്തരം ചർച്ചകളെല്ലാം സത്യമായിരുന്നു എന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വിവരം.” എന്ന വിവരണം നൽകിയിട്ടുണ്ട്.
archived link | dailyindianherald |
പോസ്റ്റിലും അതിൽ നൽകിയിരിക്കുന്ന ലിങ്കിൽ നൽകിയിട്ടുള്ള വാർത്തയിലും ഉന്നയിക്കുന്ന അവകാശവാദം എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി കെപിസിസിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരുന്നു എന്നാണ്. ഏതു സ്രോതസ്സിൽ നിന്നാണ് ഈ വിവരം ലഭിച്ചത് എന്നുള്ള കാര്യം വാർത്തയിൽ നല്കിയിട്ടില്ല.
നമുക്ക് ഈ വാർത്തയുടെ യാഥാർഥ്യം അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം.
ഈ വാർത്തയെ പറ്റി കൂടുതലറിയാനായി ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത ഒരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല.
സാമൂഹ്യ മാധ്യമങ്ങളിൽ സമാന പോസ്റ്റുകൾ കണ്ടെത്താനായില്ല. തുടർന്ന് കെപിസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഞങ്ങൾ പരിശോധിച്ചു നോക്കി. അതിലും പോസ്റ്റിലെ വാദത്തെ പിന്തുണയ്ക്കുന്ന യാതൊരു സൂചനകളും നൽകിയിട്ടില്ല. മാത്രമല്ല, കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറാണ് അനിൽ ആന്റണി എന്ന വിവരം വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങളറിയാനായി ഞങ്ങൾ കെപിസിസി സംസ്ഥാന കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. “ഇങ്ങനെ ഒരു വാർത്ത വ്യാജമാണ്. അനിൽ ആന്റണി കെപിസിസി ജനറൽ സെക്രട്ടറി അല്ല, ആകുന്നുമില്ല. നിലവിൽ കെപിസിസിക്ക് ഔദ്യോഗിക പദവിയിൽ ജനറൽ സെക്രട്ടറിമാരില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായപ്പോൾ കമ്മറ്റി ഒന്നായി ലയിച്ചു. ജനറൽ സെക്രട്ടറിമാരെ തെരെഞ്ഞെടുക്കുന്നതിനെ പറ്റി ഇനിയും ഇവിടെ ചർച്ചകൾ പോലും ഉണ്ടായിട്ടില്ല.അനിലിനെ വിളിച്ചാൽ നിങ്ങൾക്ക് കാര്യം നേരിട്ട് ബോധ്യപ്പെടുന്നതാണ് “ കെപിസിസി മീഡിയ സെൽ ഭാരവാഹി നിർമൽ കുമാർ ആണ് ഞങ്ങളുടെ പ്രതിനിധിക്ക് ഈ വിവരങ്ങൾ കൈമാറിയത്.
തുടർന്ന് ഞങ്ങളുടെ പ്രതിനിധി അനിൽ ആന്റണിയുമായി സംസാരിച്ചു. “ഇത് പൂർണ്ണമായും വ്യാജ വാർത്തയാണ്. കെപിസിസി ജനറൽ സെക്രട്ടറി എന്ന സ്ഥാനത്തെ പറ്റി ഞാൻ ആരോടും ചർച്ച ചെയ്തിട്ടുപോലുമില്ല. വെറുതെ വ്യാജ പ്രചാരണം നടത്തുകയാണ്. നിലവിൽ ഞാൻ ഡിജിറ്റൽ മീഡിയ സെൽ കൺവീനറാണ്.”
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ് എന്നാണ്. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി കെപിസിസിയുടെ ജനറൽ സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ടിട്ടില്ല. അദ്ദേഹം നിലവിൽ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി കെപിസിസിയുടെ ജനറൽ സെക്രട്ടറിയല്ല , ആ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമില്ല. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെപിസിസിയുടെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തോ…?
Fact Check By: Vasuki SResult: False
