മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്നും കടത്തുമെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ പ്രസ്താവിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

എന്‍‌ആര്‍‌സി നിലവില്‍ വന്നു കഴിയുമ്പോള്‍ ഇന്ത്യയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് അമിത് ഷാ പ്രസംഗിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. എന്‍‌ആര്‍‌സി വഴി മുസ്ലിങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്നു തുരത്തുമെന്നാണ് അമിത് ഷാ പറയുന്നതെന്ന് ആരോപിച്ച് വീഡിയോയുടെ മുകളിലൂടെ എഴുതിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെ: “കഴിഞ്ഞ ഇലക്ഷൻ സമയത്ത് BJP കാരോട് അമിത് ഷാ ചോദിക്കുന്നു. ഇവിടെ ജോലി ചെയ്യുന്ന മുസ്ലിംകളെ ഒന്നടങ്കം ഇവിടെ നിന്നും പുറത്താക്കണോ?? സങ്കികൾ അതെ വേണം എന്നാവശ്യപ്പെടുന്നു!! " BJP ക്ക് ഭരണം കിട്ടിയാൽ കാശ്മീർ മുതൽ കന്യാകുമാരി വരെ, ആസാം മുതൽ ഗുജറാത്ത് വരെയുള്ള സർവ്വ മുസ്ലിംകളെയും NRC യിലൂടെ പുറത്താക്കും" ഒരു മാധ്യമവും ഇത് അന്ന് പ്രക്ഷേപണം ചെയ്തിട്ടില്ല. ഇനിയെങ്കിലും ഇത് ലോകമെമ്പാടും കാണിക്കണം”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

എന്‍‌ആര്‍‌സി ഉപയോഗിച്ച് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല. ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണത്തിലൂടെയും കീ ഫ്രെയിമുകള്‍ ഉപയോഗിച്ചും തിരഞ്ഞപ്പോള്‍ അമിത് ഷായുടെ ഔദ്യോഗിക X പ്ലാറ്റ്ഫോമില്‍ പോസ്റ്റു ചെയ്ത ഇതേ വീഡിയോ ലഭിച്ചു.

അദ്ദേഹത്തിന്‍റെ ഹിന്ദിയിലുള്ള പ്രസംഗത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ്: “ഞങ്ങൾ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരാൻ പോകുന്നു. ഈ ബില്ലിന് കീഴിൽ, ചുറ്റുമുള്ള രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഹിന്ദു, മുസ്ലീം, ബുദ്ധ, സിഖ്, ക്രിസ്ത്യൻ, ജൈന അഭയാർത്ഥികളെയും പൗരത്വത്തിനുള്ള അവകാശം നൽകി ഇന്ത്യയിലെ പൗരന്മാരാക്കും.

ഇതുമായി ബന്ധപ്പെട്ട്, ഞങ്ങൾ NRC (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്) നടപ്പിലാക്കാൻ പോകുന്നു. അഭയാർത്ഥിക്ക് പൗരത്വം നൽകിയതിന് ശേഷം. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഞങ്ങൾ തുരത്തും.

നുഴഞ്ഞുകയറ്റക്കാരെ മമത ബാനർജിയുടെ സർക്കാർ പുറത്താക്കുന്നത് അവരുടെ വോട്ട് ബാങ്കായതുകൊണ്ടല്ല. പക്ഷേ നമുക്ക് തിരഞ്ഞെടുപ്പിനെക്കാളും വോട്ട് ബാങ്കിനെക്കാളും പ്രധാനം രാജ്യത്തിന്‍റെ സുരക്ഷയാണ്.”

പശ്ചിമ ബംഗാളിഎ ബോണ്‍ഗാവില്‍ 2019 ലെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ള വീഡിയോ ആണിത്. വീഡിയോയുടെ പൂര്‍ണ്ണ രൂപം അമിത് ഷായുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.

ബിജെപിയുടെ യുട്യൂബ് ചാനലിലും വീഡിയോയുടെ പൂര്‍ണ്ണ രൂപം കൊടുത്തിട്ടുണ്ട്.

തന്‍റെ പ്രസംഗത്തില്‍ ഒരിടത്തും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കൊ ക്രിസ്ത്യാനികള്‍ക്കൊ എതിരായി അദ്ദേഹം ഒരു വിദ്വേഷ പരാമര്‍ഷവും നടത്തുന്നില്ല. ഹിന്ദി ഭാഷയിലുള്ള പ്രസംഗം വ്യക്തമായി മനസ്സിലാക്കാതെയാകാം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നത്. അമിത് ഷായുടെ പ്രസംഗത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്കിയ മാധ്യമങ്ങളിലും അദ്ദേഹം ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന് പരാമര്‍ശമില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എന്‍‌ആര്‍‌സി നടപ്പിലാക്കി മുസ്ലിങ്ങളെയും കൃസ്ത്യാനികളെയും ഇന്ത്യക്ക് പുറത്താക്കും എന്നല്ല അമിത് ഷാ പറഞ്ഞത്. പൗരത്വ ഭേദഗതി ബില്ലിന് കീഴിൽ, ചുറ്റുമുള്ള രാജ്യങ്ങളിൽ നിന്നും ഇപ്പോള്‍ ഇന്ത്യയിലുള്ള എല്ലാ ഹിന്ദു, മുസ്ലീം, ബുദ്ധ, സിഖ്, ക്രിസ്ത്യൻ, ജൈന അഭയാർത്ഥികളെയും പൗരത്വത്തിനുള്ള അവകാശം നൽകി ഇന്ത്യയിലെ പൗരന്മാരാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്നും കടത്തുമെന്ന് അമിത് ഷാ പറഞ്ഞോ..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ...

Written By: Vasuki S

Result: MISLEADING