വിവരണം

Unni Krishnan എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂൺ 9 മുതൽ പ്രചരിപ്പിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്."ലോകത്തെ സത്യസന്ധരിൽ ആദ്യ പതിമൂന്നിൽ മോദി ഒന്നാമൻ " എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. " ഒരു നയാ പൈസ അഴിമതി നടത്താത്ത മോദി എ ഡബ്യു എസ് നടത്തിയ സർവേയിലാണ് ഒന്നാമതായത് എന്ന കാര്യവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.

archived linkFB post

എപ്പോഴാണ് ഈ സർവ്വേ നടത്തിയത്..? എന്താണ് എ ഡബ്യു എസ് സർവ്വേ..? ഇന്ത്യയിൽ നൊന്നും മറ്റാരെങ്കിലും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ..? നമുക്ക് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടാം.

വസ്തുതാ വിശകലനം

ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉൾപ്പെട്ട നിരവധി സർവേയുടെ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റുകളുടെ ലിങ്കുകൾ ഞങ്ങൾക്ക് ലഭ്യമായി. എന്നാൽ ലോകത്തെ സത്യസന്ധരിൽ ആദ്യ പതിമൂന്നില്‍ മോദി ഒന്നാമനായി എന്ന സർവ്വേ ഫലം പുറത്തു വന്നു എന്ന് പരാമർശിക്കുന്ന ഒരു വാർത്തപോലും ഞങ്ങൾക്ക് ലഭിച്ചില്ല. ഫസ്റ്റ് പോസ്റ്റ് എന്ന മാധ്യമ സ്ഥാപനം 2019 ഏപ്രില്‍ ആദ്യവാരം നടത്തിയ ഒരു സര്‍വേയില്‍ ദേശീയ നേതാക്കളില്‍ ഒന്നാം സ്ഥാനം മോദിക്ക് ലഭിച്ചു എന്ന വാര്‍ത്ത ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്തയുമായി ഇതിന് യാതൊരു ബന്ധവുമില്ല. വാര്‍ത്ത താഴെയുള്ള ലിങ്കുകള്‍ സന്ദര്‍ശിച്ചു വായിയ്ക്കാം.

archived linkbusiness-standard
archived linkfirstpost

ഗാലപ്പ് ഇന്റർനാഷണൽ എന്ന 70 വർഷമായി ആഗോള സർവ്വേ രംഗത്തുള്ള ‘ജനാധിപത്യത്തിന്‍റെ അളവുകോൽ’ എന്ന സ്വയം വിശേഷിപ്പിക്കുന്ന സർവ്വേ ഗ്രൂപ്പ് നടത്തിയ ഒരു സർവേയിൽ ലോകത്തെ മുൻനിര നേതാക്കളിൽ ആദ്യ മൂന്നു പേരിൽ ഒരാളായി മോഡി തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത എക്കണോമിക് ടൈംസ് 2018 ജനുവരി 18 നു പ്രസിദ്ധീകരിച്ച വാർത്തയിൽ നൽകിയിട്ടുണ്ട്. അതായത് ഒന്നര വർഷത്തിന് മുമ്പ് പ്രസിദ്ധീകരിച്ച വാർത്തയാണിത്. എന്നാല്‍ സത്യസന്ദറില്‍ ഒന്നാമന്‍ എന്നതല്ല വാര്‍ത്തയില്‍ നല്കിയിട്ടുള്ളത്.

Economic TimesArchived Link

ഒരു സർവ്വേ പ്രകാരം ലോകത്തെ സത്യസന്ധരായ 50 നേതാക്കളിൽ മോദി ഒന്നാം സ്ഥാനത്ത് എത്തി എന്ന വിവരണവുമായി സാമൂഹിക മാധ്യമങ്ങളിൽ ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്ത് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത് വ്യാജ വാർത്തയായിരുന്നുവെന്ന് ഏതാനും വസ്തുതാ പരിശോധന വെബ്‌സൈറ്റുകൾ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അവ താഴെ വായിക്കാം.

archived linkboomlive
archived linkindiatoday

ഇനി പോസ്റ്റിൽ നൽകിയിരിക്കുന്ന AWS സർവ്വേ എന്താണെന്ന് അന്വേഷിച്ചു നോക്കാം. അമേരിക്കയുടെ ചില ദേശീയ സർവ്വേയുടെ രൂപത്തിലല്ലാതെ AWS എന്ന പേരിൽ ആഗോളതലത്തിൽ സർവേകൾ കാണാവുന്നില്ല.

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത വ്യാജമാണെന്നാണ്. ഇത്തരത്തിൽ ഒരു സർവ്വേ നടന്നതിന്റെ ഫലങ്ങൾ അടുത്തകാലത്തൊന്നും വാർത്തയായിട്ടില്ല.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും വ്യാജമായ വാർത്തയാണ്. പോസ്റ്റിൽ ആരോപിക്കുന്നതുപോലെ ഒരു സർവ്വേ നടന്നിട്ടില്ല. വസ്തുതയറിയാതെ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അപേക്ഷിക്കുന്നു

Avatar

Title:മോദിയെപ്പറ്റി പുറത്തു വന്ന ഈ സർവ്വേ ഫലത്തിന്‍റെ വാർത്ത സത്യമാണോ?

Fact Check By: Vasuki S

Result: False