വിവരണം

അമൂല്‍ ഐസ്ക്രീം ഉള്‍പ്പെടയുള്ള ഭക്ഷ്യ സാധനങ്ങളില്‍ പന്നി നെയ്യ് ഉപയോഗിക്കുന്നുണ്ടെന്നും ഹറാമായത് കൊണ്ട് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കുറെ നാളുകളായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അമൂല്‍ ഐസ്ക്രീമിന്‍റെ കവറില്‍ E471 എന്ന രേഖപ്പെടുത്തിയിരിക്കുന്നത് പന്നി നെയ്യ് ആണെന്നാണ് പോസ്റ്റുകളില്‍ ഉന്നയിക്കുന്ന അവകാശവാദം. മുത്ത് നബിയാണ് എന്‍റെ ജീവിതം എന്ന ഗ്രൂപ്പില്‍ 2018 നവംബര്‍ 5ന് മുഹമ്മദ് അലി മേലാറ്റൂര്‍ എന്ന വ്യക്തിയാണ് ഇത്തരമൊരു വിഷയത്തെ കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 513ല്‍ അധികം ഷെയറുകളും 79ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ഈ പ്രചരണം സത്യമാണോ. അമൂല്‍ അവരുടെ ഭക്ഷ്യസാധനങ്ങളില്‍ പന്നി നെയ്യ് ചേര്‍ക്കുന്നുണ്ടോ. 471 എന്നത് പന്നി നെയ്യ് അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതാണോ. വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സാധാരണയായി വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഒരു എമല്‍സിഫയര്‍ മാത്രമാണ് E471. തികച്ചും ജൈവമായ വസ്‌തുക്കളില്‍ നിന്നുമാണ് ഈ എമല്‍സിഫയര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതിനര്‍ഥം ഇത് മൃഗങ്ങളുടെ ഇറച്ചിയിലെ കൊഴുപ്പില്‍ നിന്നോ സോയ ബീന്‍ പോലെയുള്ള വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുവില്‍ നിന്നോ ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ അമൂലില്‍ ചേര്‍ന്നിരിക്കുന്ന E471 നൂറ് ശതമാനം വെജിറ്റേറിയനാണെന്ന് കമ്പനി തന്നെ അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഭക്ഷ്യവസ്തുവില്‍ പോലും മൃഗക്കൊഴുപ്പോ മറ്റു വസ്തുക്കളോ ഉപയോഗിക്കാറില്ല. പന്നിയുടെ കൊഴുപ്പില്‍ നിന്നല്ല അമൂലിലെ E471 ഉല്‍പ്പാദിപ്പിക്കുന്നതെന്ന് മാത്രമല്ല അവര്‍ ഉപയോഗിക്കുന്ന E471 നൂറ് ശതമാനം പകൃതിദത്തമായ വെജിറ്റേറിയന്‍ വസ്തുക്കളില്‍ നിന്നും നിര്‍മ്മിക്കുന്നതാണെന്നും കമ്പനി അധികൃതര്‍ പറയുന്നു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മാനദണ്ഡപ്രകാരമാണ് അമൂല്‍ കമ്പനിയുടെ പ്രവര്‍ത്തനം. കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അമൂല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനാല്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷനും അമൂലിനുണ്ട്. അതായത് അമൂലില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ഹലാല്‍ അയാതുകൊണ്ടും മുസ്‌ലിം വിഭാഗങ്ങള്‍ക്ക് ഇത് ഹറാമല്ലെന്നും ഉറപ്പ് വരുത്തിയ ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നത്. അമൂലിനെതിരെ നടന്ന വ്യാജ പ്രചരണത്തിന്‍റെ വസ്‌തുത വിശകലലനം ഡിഎന്‍എ ഇന്ത്യ എന്ന വാര്‍ത്ത വെബ്‌സൈറ്റ് 2018ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമൂല്‍ വ്യാജപ്രചരണത്തിനെതിരെ പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണത്തിന്‍റെ വീഡിയോ ചുവടെ-

ഹലാല്‍ സര്‍ട്ടിഫിക്കേഷനും മറ്റു ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്ന കമ്പിനിയുടെ പോളിസി ചുവടെ-

വിഷയത്തെ കുറിച്ചുള്ള ഡിഎന്‍എയുടെ റിപ്പോര്‍ട്ട്-

Read DNA India report

Amul Official Archived

നിഗമനം

E471 എന്നാല്‍ പന്നിയുടെ ശരീരത്തെ നെയ്യില്‍ നിന്നും മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്ന തെറ്റ്ദ്ധാരണയാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തം. E471 വെജിറ്റേറിയന്‍ സാധനങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാമെന്നും അത് ഉപയോഗിച്ചാണ് അമൂല്‍ ഭക്ഷ്യസാധനങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും വ്യക്തമായി കഴിഞ്ഞു. ഹലാല്‍ സര്‍ട്ടിഫൈഡ് ആയ ഭക്ഷ്യസാധനം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ കഴിക്കരുതെന്നു പറയുന്നതും തികച്ചു യുക്തിരഹിതവും വിചിത്രവുമായ അവകാശവാദം മാത്രമാണ്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വിശ്വസിച്ച് വഞ്ചിതരാകരുത്.

Avatar

Title:അമൂലിന്‍റെ ഭക്ഷ്യസാധനങ്ങളില്‍ പന്നി നെയ്യ് ചേര്‍ന്നിട്ടുണ്ടോ?

Fact Check By: Harishanakar Prasad

Result: False