
വിവരണം
ഒരു വര്‍ഷത്തിന് ശേഷം വീണ്ടും നിപ്പ വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ആണെങ്കില്‍ ഇത്തവണ കൊച്ചിയാലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിപ്പ ബാധ സ്ഥിരീകരിച്ചതായും ഇല്ലെന്നും തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ജൂണ്‍ 3ന് (2019) സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഔദ്യോഗികമായി ഒരാളില്‍ വൈറസ് ബാധ സംശയിക്കുന്നതായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തി. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ്പ സംശയിക്കുന്നതായി റിസള്‍ട്ട് വന്നതോടെ പൂനെ വൈറോളി ഇന്‍സ്റ്റ്യൂട്ടിലേക്ക് രോഗിയുടെ ശ്രവവും മറ്റു സാമ്പിളുകളും അയച്ചതായും മന്ത്രി വിശദീകരിച്ചു. പൂനെയില്‍ നിന്നും അന്തമമായ റിസള്‍ട്ട് വന്ന ശേഷമെ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു എന്ന് ആരോഗ്യ വകുപ്പും അറിയിച്ചു. ഇതിനിടയിലാണ് Dr.Jacob Vadakkanchery (ഡോ. ജേക്കബ് വടക്കാഞ്ചേരി) എന്ന പ്രകൃതി ചികിത്സാ വിദഗ്ധന്‍ ഇത് നിപ്പയല്ലെന്നും അങ്ങനെയൊരു അസുഖമില്ലെന്നും മരുന്നു മാഫിയയുടെ കളികളാണ് ഈ കള്ളത്തരങ്ങള്‍ക്ക് പുറകിലെന്നും ആരോപണം ഉന്നയിച്ച് ലൈവ് വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്. നിപ്പ വൈറസിന്‍റെ ലക്ഷണം പനിയും തുടര്‍ന്നുള്ള ശാരീരക ബുദ്ധിമുട്ടുകളുമാണ്. എന്നാല്‍ പനി വന്നാല്‍ ആരും ആശുപത്രിയില്‍ പോകരുതെന്നും വെള്ളം കുടിച്ച് വിശ്രമച്ചാല്‍ മതിയുമെന്നുമാണ് ജേക്കിബിന്‍റെ അവകാശവാദം. നിപ്പ വെറും തട്ടിപ്പാണെന്നും ഇതു വീണ്ടും വന്നു എന്ന് പറയുന്നത് കളവാണെന്നും ഒരാള്‍ക്ക് മാത്രമായി ഇത്തരമൊരു അസുഖ പിടിപ്പെടില്ലെന്നും വന്നാല്‍ ഒരു കൂട്ടം ജനങ്ങള്‍ക്ക് അസുഖം ഒരുമിച്ച് പിടിപ്പെടുമെന്നൊക്കെയാണ് ജേക്കബ് വടക്കാഞ്ചേരിയുടെ കണ്ടെത്തലുകള്‍. വീഡിയോ ഇതുവരെ 1,400ല്‍ അധികം പേര്‍ ഷെയര്‍ ചെയ്യുകയും 1,300ല്‍ അധികം പേര്‍ കണുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ നിപ്പ വൈറസ് സ്ഥിരീകരണം ഔദ്യോഗികമായി പുറത്ത് വരുമ്പോള്‍ ജേക്കബ് വടക്കേഞ്ചേരി പറഞ്ഞ അവകാശവാദങ്ങള്‍ക്കും കണ്ടെത്തെലുകള്‍ക്കും എന്ത് ആധികാരികതയാണുള്ളത്. ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണോ നിപ്പ എന്ന ഒരു രോഗമില്ലെന്നും ഇത് തട്ടിപ്പ് മാത്രമാണെന്നും റിസള്‍ട്ട് വരുമ്പോള്‍ ഇത് മറ്റെന്തെങ്കിലും രോഗമായിരിക്കുമെന്നുമൊക്കെ ലൈവില്‍ ഇദ്ദേഹം അവകാശവാദം ഉന്നയിച്ചത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ജനങ്ങള്‍ ആശുപത്രിയില്‍ പോകാതെ വീട്ടിലിരുന്ന് വെള്ളം കുടിച്ചാല്‍ മാത്രം മതിയോ. വസ്‌തുത എന്തെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മെയ് 4ന് രാവിലെ തന്നെ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ നിപ്പ ബാധ സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കി. പൂനെ വൈറോളജി ഇന്‍സ്റ്റ്യറ്റ്യൂട്ടില്‍ നിന്നും ലഭിച്ച അന്തിമ റസള്‍ട്ടിന്‍റെ പശ്ചാതലത്തിലാണ് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ കഴിയുന്ന യുവാവിന് നിപ്പ വൈറസ് ബാധയാണെന്ന് സ്ഥിരികരിച്ചത്. മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ പ്രത്യേക തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും രോഗ നിര്‍ണയത്തിന് മുന്‍പ് യുവാവുമായി ഇടപഴകിയ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത് നിപ്പ വൈറസ് ബാധയല്ലെന്ന് പറഞ്ഞ ജേക്കബ് വടക്കാഞ്ചേരിയുടെ ഒന്നാമത്തെ അവകാശവാദം ഇതോടെ വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.
നിപ്പയുടെ ലക്ഷണം പനിയില്‍ തുടങ്ങുന്നതിനാല്‍ എല്ലാ പനി ബാധിതരെയും നിപ്പ ബാധിക്കുമെന്ന തരത്തില്‍ യാതൊരു മുന്നറിയിപ്പും ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയിട്ടില്ല. ഫ്ലൈയിങ് ഫോക്സ് എന്ന അറിയപ്പെടുന്ന Pteropus Giganteus എന്ന വര്‍ഗത്തില്‍പ്പെട്ട വവ്വാലുകളില്‍ നിന്നുമാണ് വൈറസ് ബാധ മനുഷ്യനിലേക്ക് പടരുന്നതെന്ന ശാസ്ത്രീയ കണ്ടെത്തല്‍ നേരത്തെ തന്നെ ആരോഗ്യവിഭാഗത്തിന്‍റെ വെളിപ്പെടുത്തലുകളില്‍ നിന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.
എന്തൊക്കെയാണ് നിപ്പാ വൈറസ് ബാധിച്ചാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങളെന്നും, വേണ്ട മുന്‍കരുതലുകളെന്നും സര്‍ക്കാരിന്‍റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്-
നിപ്പ വൈറസ് തട്ടിപ്പാണെന്നും ഇപ്പോള്‍ കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് നിപ്പയല്ലെന്നുമൊക്കെയാണ് ജേക്കബ് വടക്കാഞ്ചേരി പറഞ്ഞു തുടങ്ങുന്നത്. എന്നാല്‍ പിന്നീട് നിപ്പയില്‍ നിന്നും സാധാരണ വൈറല്‍ പനിയെ കുറിച്ചുള്ള വിശദീകരണമാണ് വീഡിയോയില്‍ ഉടനീളമുള്ളത്. നിപ്പയും സാധാരണ വൈറല്‍ പനിയും രണ്ടു വത്യസ്ഥമായ രോഗാവസ്ഥകളാണെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സാധാരണക്കാര്‍ക്കും അറിവുള്ള കാര്യമാണിത്. സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രകാരമുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തി തന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് ഔദ്യോഗികമായ നിര്‍ദേശം. ഈ നിര്‍ദേശം നിലനില്‍ക്കെ പനി വന്നാല്‍ ആരും ആശുപത്രിയിലേക്ക് പോകരുതെന്നും പ്രത്യേകിച്ച് അലോപതി മരുന്നകളെ ആശ്രയിക്കരുതെന്നും ജേക്കബ് വടക്കാഞ്ചേരി പറയുന്നുണ്ട്. എന്നാല്‍ സാധാരണ പനിയെ കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. കേള്‍ക്കുന്നവര്‍ നിപ്പയാണെങ്കിലും ആശുപത്രിയേല്ക്ക് പോകേണ്ടതില്ലെന്ന് ചിന്തിപ്പിക്കുന്നതാണ് വീഡിയോ.
മാത്രമല്ല ആകസ്മികമായി ഒരുപക്ഷെ ഒരു വ്യക്തിയില്‍ മാത്രമായി കണ്ടെത്തുന്ന വൈറസ് ബാധയാണ് നിപ്പയെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം മുൻ തലവനായ
ഡോ. കെ പി അരവിന്ദൻ സര്‍ക്കാരിന്‍റെ ഔദ്യോഗിക പേജായ ആരോഗ്യ ജാഗ്രതയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. വ്യാപകമായി ഒരു കൂട്ടം ആളുകളിലേക്ക് ഒരുമിച്ച് പകരുന്ന സാധ്യത തീരെയില്ലാത്ത രോഗമാണിതെന്നും ഡോ. കെ.പി.അരവിന്ദന്‍ വ്യക്തമാക്കുന്നുണ്ട്. ജേക്കബ് വടക്കാഞ്ചേരി മരുന്നു മാഫിയയുടെ തട്ടിപ്പ് പ്രചരണമാണ് നിപ്പയെന്ന അവകാശവാദം ഉന്നയിക്കുന്നതിന്‍റെ പ്രധാന തെളിവായി ചൂണ്ടിക്കാണിക്കുന്നത് അസുഖം ഒരാളില്‍ എങ്ങനെയുണ്ടാകുന്നു എന്നും ഒരു കൂട്ടത്തില്‍ ജനങ്ങള്‍ക്ക് എന്ത് കൊണ്ട് ഉണ്ടാകുന്നില്ലെന്നുമുള്ള ചോദ്യത്തിനുള്ള മറുപടിയാണിത്. കോഴിക്കോട് നിപ്പ രോഗ നിർണ്ണയം നടത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഡോ.അനൂപ് കുമാറും രോഗത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോയും ചുവടെ ചേര്‍ക്കുന്നു.
ഡോ. കെ.പി.അരവിന്ദന്‍-
ഡോ. അനൂപ് കുമാര്‍-
നിപ്പയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ.ഷൈലജ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ട്-
നിഗമനം
യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു രോഗത്തെ കുറിച്ച് അതിന്‍റെ റിസള്‍ട്ട് ഔദ്യോഗകമായി പുറത്ത് വരാത്ത സാഹചര്യത്തില്‍ വ്യാജ പ്രചരണം മാത്രമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് കണ്ടെത്തി കഴിഞ്ഞിരിക്കുകയാണ്. നിപ്പ വൈറസ് റസള്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് ഇത് നിപ്പയല്ലെന്നും വെറും സാധാരണ പനിയോട് താരതമ്യപ്പെടുത്തി ജനങ്ങള്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകരുതെന്നും വീഡിയോയില്‍ പറയുന്നത് തെറ്റദ്ധാരണ പരത്താന്‍ കാരണമാകും. രോഗം കണ്ടെത്തി ഏറ്റവും ജാഗ്രതയോടെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഇത്തരം പ്രചരണങ്ങള്‍ വിശ്വസിച്ച് വഞ്ചിതരാകരുത്. ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ മാത്രം സ്വീകരിക്കണമെന്ന് സര്‍ക്കാരും അഭ്യര്‍ത്ഥിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ പങ്കുവയ്കുന്നതും നിയമപരമായി ശിക്ഷാര്‍ഹമാണ്.

Title:നിപ്പാ വൈറസ്; ഫെയ്‌സ്ബുക്ക് പ്രചരണത്തിന് പിന്നിലെ വാസ്‌തവം എന്ത്?
Fact Check By: Harishankar PrasadResult: False
