
കുട്ടികളുടെ നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തുന്ന വാർത്തകൾ ഇക്കാലത്ത് അസാധാരണമല്ല. ആലുവയിൽ നിന്നും തുടർച്ചയായി ഇത്തരത്തിൽ രണ്ട് കഥകൾ ഏതാനും നാളുകൾക്ക് മുൻപ് കേട്ട് മരവിച്ചു നിന്നവരാണ് മലയാളികൾ. ബലാൽസംഗത്തിന് ഇരയായ അഞ്ചു വയസ്സുള്ള മകളെയും കയ്യിലെടുത്ത് കുട്ടിയുടെ പിതാവ് ഡെല്‍ഹിയില്‍ പ്രതീകാത്മകമായി പ്രതിഷേധിക്കുന്നുവെന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രചരണം
സ്ത്രീകൾക്ക് ഇന്ത്യയിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതായി തീർന്നതിന് കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില പോസ്റ്ററുകൾ കയ്യിൽ പിടിച്ച് പിതാവ് സങ്കടങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് മകളെ ചേർത്തുപിടിച്ച് പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. പിതാവിന്‍റെ കൈയ്യിലുള്ള കുട്ടി ബലാല്‍സംഗത്തിന് ഇരയായിയെന്നും ആര്‍എസ്‌എസ് ആണ് പിന്നിലെന്നും ഒപ്പമുള്ള വിവരണത്തില്‍ പറയുന്നു. “ഈ രാജ്യത്തിന്റെ അവസ്ഥ അതിഭീകരമാണ്…🙏
നെഞ്ച് പൊട്ടുന്നൊരു കാഴ്ച.. 😔
ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുള്ള തന്റെ മകളെ പൊക്കിയെടുത്തു പാർലമെന്റിനു ചുറ്റും നടന്ന് നിലവിളിക്കുന്നൊരച്ചൻ
നീതി കിട്ടുന്നില്ല..
അക്രമികൾ RSS കാരായാൽ പിന്നെ നീതി കിട്ടില്ല.”
എന്നാൽ വിവരണം പൂർണമായും തെറ്റാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഉത്തർപ്രദേശിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ ചൌധരി പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ലഭ്യമായി. വീഡിയോയുടെ അടിക്കുറിപ്പിന്‍റെ പരിഭാഷ ഇങ്ങനെ:
“പെൺമക്കളുടെ സുരക്ഷിതത്വത്തിന് വേണ്ടി ഞാൻ സ്വന്തം മകളുമായി പാർലമെന്‍റിനു മുന്നിൽ പോയപ്പോൾ പോലീസ് എന്നെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മോദിയുടെ ഭരണത്തിൽ പെൺമക്കൾ സുരക്ഷിതരല്ല, മോദി സർക്കാർ താഴെ വീഴട്ടെ”. 2019 ഡിസംബർ 5നാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
അതായത് വീഡിയോയ്ക്ക് നാലു വർഷത്തിലധികം പഴക്കമുണ്ട്. ഇതേ വീഡിയോയുടെ ദൈഘ്യമേറിയ പതിപ്പ് സച്ചിന്‍ ചൌധരിയുടെ ഫേസ്ബുക്ക് പേജിലുണ്ട്. ബലാൽസംഗം ചെയ്യപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ദൃശ്യങ്ങൾ എന്ന തെറ്റായ വിവരണത്തോടെ ഈ വീഡിയോ പിന്നീട് വൈറലായപ്പോൾ ഡൽഹി പോലീസ് ഇത് തെറ്റായ പ്രചരണമാണെന്നും ഇത്തരം വ്യാജപ്രചരണം നടത്തരുതെന്നും വ്യക്തമാക്കിക്കൊണ്ട് ട്വിറ്ററില്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

ഇതേ ദൃശ്യങ്ങൾ ഉൾപ്പെടുത്തി എബിപി ന്യൂസ് നൽകിയ ഒരു വീഡിയോ വാർത്ത ഞങ്ങൾക്ക് ലഭിച്ചു. 2019 നവംബറിൽ ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊലചെയ്യപ്പെട്ടതിനുശേഷം സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ വിജയിച്ചവക്കിൽ നടന്ന പ്രതിഷേധമാണ് ദൃശ്യങ്ങളിൽ കാണുന്നതെന്ന് വാർത്തയുടെ ഉള്ളടക്കത്തിൽ പറയുന്നു.
നിഗമനം
വീഡിയോയുടെ ഒപ്പമുള്ള വിവരണം പൂർണമായും തെറ്റാണ്. 2019 ഡിസംബറിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി തന്‍റെ മകളുമായി പ്രതീകാത്മകമായി നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണിത്. ബലാല്‍സംഗത്തിന് ഇരയായ കുട്ടിയാണ് കയ്യിലുള്ളത് എന്നത് പൂർണമായും തെറ്റായ പ്രചരണമാണ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:‘ബലാല്‍സംഗത്തിന് ഇരയായ അഞ്ചുവയസ്സുകാരിയുമായി പിതാവിന്‍റെ പ്രതിഷേധം’ എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്
Written By: Vasuki SResult: False
