
വിവരണം
ഇത്ര സെറ്റപ്പൊടെ ആക്രി പെറുക്കാൻ പോയ ആദ്യത്തെ ആക്രിക്കാരൻ… എന്ന തലക്കെട്ട് നല്കി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചെന്നൈ മാമല്ലരപുരം ബീച്ചിലെ പ്ലാസ്ടിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വലിയ ക്യാമറ ടീം സജ്ജീകരണത്തോടെ ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് മാത്രമാണെന്ന ആക്ഷേപം ഉന്നയിച്ചാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. നാലു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നതില്‍ ഒരെണ്ണം ക്യാമറ സജ്ജീകരണങ്ങള്‍ ഒരുക്കി നില്ക്കുന്ന സംഘത്തിന്റെ ചിത്രമാണ്. ഇവരാണ് മോദിയുടെ പ്രഭാത നടത്തത്തിനൊപ്പമുള്ള സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങള്‍ ഷൂട്ട് ചെയ്ത ടീമെന്ന അവകാശവാദമാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്നത്. സുമേഷ് ശശിധരന് എന്ന വ്യക്തി ഒക്ടോബര്‍ 12ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Archived Link |
എന്നാല്‍ ചിത്രത്തില്‍ പ്രചരിക്കുന്നത് മോദി മാലിന്യം ശേഖരിക്കുന്ന ചിത്രം പകര്‍ത്താനെത്തിയ ക്യാമറ സംഘത്തിന്റേത് തന്നെയാണോ? മാമല്ലപുരം ബീച്ചില്‍ മോദിയുടെ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുന്ന സംഘത്തിന്റെ ചിത്രമാണോ ഇത്? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
മോദിയുടെ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുന്ന സംഘത്തിന്റെ ചിത്രമെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ചത് ടെയ്സ്ക്രീന്‍ എന്ന ഒരു വെബ്സൈറ്റാണ്. സ്കോട്ട്ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന ഒരു കമ്പനിയുടെ വെബ്സൈറ്റാണിത്. സ്കോട്ട്ലാന്‍ഡില്‍ നടക്കുന്ന സിനിമയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ചിത്രീകരണങ്ങള്‍ക്ക് വേണ്ട സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നല്‍കുന്നതും ലോക്കേഷനുകള്‍ കണ്ടെത്താന്‍ സഹായിക്കുകയുമൊക്കെ ചെയ്യുന്ന കമ്പനിയാണ്വ ടെയ്സ്ക്രീന്‍. അതില്‍ മോദിയുടെ ചെന്നൈയിലെ മാമല്ലപുരം ബീച്ചിലെ ഫോട്ടോഷൂട്ട് നടത്തി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം കണ്ടെത്താനും കഴിഞ്ഞു. എന്നാല്‍ ഇത് മാമല്ലപുരം ബീച്ച് അല്ലയെന്നതാണ് യാഥാര്‍ത്ഥ്യം. 2012 ഏപ്രില്‍ 11ന് വെബ്സൈറ്റില്‍ പങ്കുവെച്ചിരിക്കന്ന ചിത്രമാണിത്. ബീച്ച് ലൊക്കേഷനായി നടത്തിയ ഒരു ഷൂട്ടിന്റെ ചിത്രമാണിതെന്നും വ്യക്തം. കൂടാതെ ചിത്രം സേവ് ചെയ്തതില്‍ നിന്നും ഫയലിന്റെ പേര് വെസ്റ്റ് സാന്‍ഡ്സ് എന്നാണെന്ന് അറിയാന്‍ സാധിച്ചു. ഈ കീവേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ സ്കോട്ട്ലാന്‍ഡിലെ സെന്റ് ആന്‍ഡ്രൂസ് നഗരത്തിനരികിലുള്ള വെസ്റ്റ് സാന്‍ഡ്സ് ബീച്ചാണിതെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാമലപ്പുരം ബീച്ചുമായും മോദിയുടെ ചിത്രങ്ങളുമായും ഈ ചിത്രത്തിന് യാതൊരു ബന്ധുമില്ലെന്ന് സാരം. മാത്രമല്ല മോദിയുടെ ചിത്രം ഷൂട്ട് ചെയ്യാന്‍ എത്തിയ സംഘം എന്ന പേരില്‍ പ്രചരിക്കുന്ന പരിശോധിച്ചാല്‍ കടല്‍ത്തീരത്തിനോട് ചേര്‍ന്ന് ഒരു ക്ലിഫ് പോലെ പാറക്കെട്ടുകളും ദൂരെയായി ഒരുപാട് കെട്ടിടങ്ങളും കാണാനും കഴിയും. ഇതാണ് സെന്റ് ആന്‍ഡ്രൂസ് ടൗണിലെ പുരാതമായ കെട്ടിടങ്ങളെന്നും കൂടുതല്‍ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്താനും കഴിഞ്ഞു.
ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ടെയ്സ്ക്രീന്‍ വെബ്സൈറ്റില്‍ 2012ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന യഥാര്‍ത്ഥ ചിത്രം-


ചിത്രത്തില്‍ ദൂരത്ത് കാണുന്ന കെട്ടിടങ്ങള്‍-

ഗൂഗിളില്‍ വെസ്റ്റ് സാന്‍ഡ്സ് ബീച്ച് എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച സെന്റ് ആന്‍ഡ്രൂസ് ടൗണിന്റെ രാത്രി ചിത്രം-

കടപ്പാട്- alamy.com
Archived Link | Archived Link |
നിഗമനം
മോദിയുടെ മാമല്ലപുരം ബീച്ചിലെ ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഷൂട്ടിങ് സംഘത്തിന്റെ ചിത്രമാണ് തെറ്റ്ദ്ധരിപ്പിക്കും വിധം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. സ്കോട്ട്ലാന്‍ഡിലെ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്നും കണ്ടെത്തി. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മാമല്ലപുരം ബീച്ചിലെ മോദിയുടെ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനെത്തിയ സംഘത്തിന്റെ ചിത്രമാണോ ഇത്?
Fact Check By: Dewin CarlosResult: False
