ചിത്രത്തില്‍ കാണുന്നത് മണ്ണാര്‍ശാലയിലെ അപൂര്‍വ സ്വര്‍ണ്ണ പാമ്പോ?

സാമൂഹികം

മണ്ണാറശാലയിൽ കണ്ട സ്വർണ നിറമുള്ള അത്ഭുത പാമ്പ്.12 കൊല്ലം കൂടുമ്പോഴേ ഇത് ഉച്ചനേരത്തു ഒന്ന് പുറത്തിറങ്ങി 15മിനുട്ട് കഴിഞ്ഞാൽ അപ്രത്യക്ഷമാവുമാത്രേ.

ഈ തലക്കെട്ട് നല്‍കി സ്വര്‍ണ്ണ നിറമുള്ള ഒരു പാമ്പ് ക്ഷേത്രത്തിന്‍റെ പരിസരത്ത് പത്തി വിടര്‍ത്തി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആറ്റുകാല്‍ ദേവി  എന്ന പേരിലുള്ള പേജില്‍ ജനുവരി 31ന് (2019) പങ്കുവച്ചിരിക്കുന്ന ചിത്രത്തിന്   ഇതുവരെ 18,000ല്‍ അധികം ഷെയറുകളും 2,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിത്രത്തില്‍ കാണുന്നത് സ്വര്‍ണ്ണ നിറമുള്ള അത്ഭുത പാമ്പ് തന്നെയാണോ? ചിത്രം യഥാര്‍ത്ഥത്തില്‍ മണ്ണാര്‍ശാലക്ഷേത്രത്തിലെ തന്നെയാണോ? എന്താണ് ചിത്രത്തിന് പിന്നിലെ വാസ്‌തവമെന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജസില്‍ സെര്‍ച്ച് ചെയ്‌തപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. കേപ്പ് കോബ്ര അഥവ മഞ്ഞ മൂര്‍ഖന്‍ എന്ന പാമ്പിന്‍റെ ചിത്രമാണിത്. യഥാര്‍ത്ഥ ചിത്രത്തില്‍  പാമ്പിന് പോസ്റ്റില്‍ കാണുന്നത് പോലെയുള്ള കടുത്ത സ്വര്‍ണ്ണനിറമില്ല. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്കില്‍ സ്വര്‍ണ്ണ പാമ്പ് എന്ന് തോന്നിക്കാന്‍ ശരിയായ ചിത്രം ഫോട്ടോഷോപ്പ് ചെയ്‌ത് സ്വര്‍ണമായിക്കിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിന് മുന്നിലെ പാമ്പ് പത്തി വിടര്‍ത്തി നില്‍ക്കുന്നതായിയുള്ളതും എഡിറ്റ് ചെയ്‌ത് ചേര്‍ത്തതാണ് യഥാര്‍ത്ഥ ചിത്രത്തില്‍ പാമ്പ് മാത്രമാണുള്ളത്. പാമ്പിനെ മാത്രം കട്ട് ചെയ്‌ത് ക്ഷേത്രത്തിന്‍റെ മുന്‍പിലാണെന്ന് തോന്നിക്കും വിധം പേസ്റ്റ് ചെയ്തിരിക്കുന്നതുമാണ്.

മാത്രമല്ല കേപ്പ് കോബ്ര എന്ന ഇനത്തില്‍പ്പെട്ട ഈ മൂര്‍ഖന്‍ പാമ്പ് ഇന്ത്യയിലുള്ളതല്ല. സതേണ്‍ ആഫ്രിക്കയിലാണ് ഇവ കാണപ്പെടുന്നതെന്ന് വിക്കി പീഡിയ പരിശോധിച്ചതില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന മണ്ണാര്‍ശാല ക്ഷേത്രത്തില്‍ കേപ്പ് കോബ്ര ഇല്ലെന്നും അനുമാനിക്കാം.

Archived Link

നിഗമനം

യഥാര്‍ത്ഥ ചിത്രം കണ്ടെത്തിയപ്പോഴും ഇത് കേപ്പ് കോബ്ര എന്ന പാമ്പ് ആണെന്ന് തിരച്ചറിഞ്ഞതോടെ ഫേസ്ബുക്ക് പ്രചരണം പൂര്‍ണമായി വ്യാജമാണെന്ന് അനുമാനിക്കാം. ഇത്തരം വ്യാജ പോസ്റ്റുകളില്‍ വഞ്ചിതരായി ജനങ്ങള്‍ ഇത് പ്രചരിപ്പിക്കാതെ ശ്രദ്ധിക്കുകയാണ് വേണ്ടത്.

Avatar

Title:ചിത്രത്തില്‍ കാണുന്നത് മണ്ണാര്‍ശാലയിലെ അപൂര്‍വ സ്വര്‍ണ്ണ പാമ്പോ?

Fact Check By: Dewin Carlos 

Result: False