ചിത്രത്തില്‍ കാണുന്ന കുട്ടിയെ മൂന്ന് ദിവസം മുന്‍പ് കാസര്‍ഗോഡ് നിന്നും കാണാതായതാണോ?

സാമൂഹികം

വിവരണം

ഈ കുഞ്ഞിനെ കാസർകോടുനിന്നും 3ആം തീയതി മുതൽ കാണാതായിട്ടുണ്ട് ദൈവത്തെ വിചാരിച്ചു കണ്ടെത്താൻ എല്ലാവരും ശ്രമിക്കുക.. എന്ന തലക്കെട്ട് നല്‍കി ഒരു കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കൃഷ്ണകുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ജനുവരി 10ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 826ല്‍ അധികം ഷെയറുകളും 14ല്‍ 

അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ കാസര്‍ഗോഡ് നിന്നും ചിത്രത്തില്‍ കാണുന്ന കുട്ടിയെ യഥാര്‍ഥത്തില്‍ ജനുവരി മൂന്നാം തീയതി മുതല്‍ കാണാതായിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഏറെ കാലങ്ങളായി പല തരത്തിലുള്ള തലക്കെട്ടുകള്‍ നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രമാണ് കുട്ടിയുടേതെന്നതാണ് വാസ്‌തവം. മുന്‍പ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെന്ന പേരിലും ഇതെ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ പ്രചരണം വ്യാജമാമെന്ന് ഞങ്ങള്‍ തന്നെ കണ്ടെത്തിയതുമാണ്. 2019 ഒക്ടോബര്‍ 15ന് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയ വാര്‍ത്തയാണിത്. കഴിഞ്ഞ വര്‍ഷം തന്നെ ഷെയര്‍ചാറ്റില്‍ തമിഴ് ഭാഷയിലും അഞ്ച് ദിവസം  മുന്‍പ് കാണാതായ കുട്ടി എന്ന പേരിലും പോസ്റ്റ് പ്രചരിച്ചിരുന്നു. ട്വിറ്ററിലും തമിഴ് ഭാഷയിലുള്ള പ്രചരണങ്ങളുണ്ടായിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് തന്നെ പരിശോധിച്ചാല്‍ കുട്ടിയെ കാസര്‍ഗോഡ് ജില്ലയുടെ ഏത് ഭാഗത്ത് നിന്നും കാണാതായതാണെന്നോ കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെ വിവരമോ വിലാസമോ ഫോണ്‍ നമ്പറോ ഒന്നും തന്നെ പോസ്റ്റില്‍ നല്‍കിയിട്ടുമില്ല. 2019 മുതല്‍ തന്നെ വ്യാപകമായി പ്രചരിക്കുന്ന ചിത്രം ഇടയ്ക്കിടെ പുതിയ തലക്കെട്ടുകള്‍ നല്‍കി വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്ന് ഇതോടെ വ്യക്തമാണ്. കൂടാതെ കാസര്‍ഗോഡ് ജില്ലാ പോലീസ് ആസ്ഥനവുമായി ബന്ധപ്പെട്ടപ്പോഴും ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഫാക്‌ട് ക്രെസെന്‍ഡോ മലയാളം റിപ്പോര്‍ട്ട്-

തമിഴിലെ ട്വീറ്റ്-

ഷെയര്‍ ചാറ്റ് പ്രചരണം-

Archived LinkArchived Link

നിഗമനം

മുന്‍പ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്ന കുട്ടിയെന്ന പേരിലും 2019 മാര്‍ച്ച് കാണാതായ കുട്ടിയെന്ന പേരില്‍ തമിഴിലും പ്രചരിച്ചിരുന്ന അതെ കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ കാസര്‍ഗോഡ് നിന്നും കാണാതായി എന്ന പേരില്‍ വൈറലായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ കാണുന്ന കുട്ടിയെ മൂന്ന് ദിവസം മുന്‍പ് കാസര്‍ഗോഡ് നിന്നും കാണാതായതാണോ?

Fact Check By: Dewin Carlos 

Result: False