കേരള സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍ ബാര്‍ യുണിറ്റ്..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

False പ്രാദേശികം | Local രാഷ്ട്രീയം | Politics

ഡ്രൈ ഡേകളില്‍ മദ്യം വിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തിന് 2025 ഏപ്രിലില്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രൂവറികളും സ്പിരിറ്റ് നിർമാണ യൂണിറ്റുകളും തുടങ്ങുന്നതിന് പുതിയ മദ്യനയം മൂലം തടസ്സമില്ല. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ സഞ്ചരിക്കുന്ന ബാര്‍ ആരംഭിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

മിനിലോറി ബാറിന്‍റെ മട്ടില്‍ അലങ്കരിച്ച് വിവിധയിനം മദ്യങ്ങള്‍ നിരത്തി വച്ച് മൊബൈല്‍ ബാറാക്കി മാറ്റി, ചുറ്റുംനിന്ന് ആളുകള്‍ കൌതുകപൂര്‍വ്വം വീക്ഷിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇത് കേരള സര്‍ക്കാരിന്‍റെ പുതിയ സംരഭമായ മൊബൈല്‍ ബാറാണെന്ന് സൂചിപ്പിച്ച് വോയിസ് ഓവര്‍ ഒപ്പം നല്‍കിയിട്ടുണ്ട്. 

FB postarchived link

എന്നാല്‍ 2023 മുതല്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണിതെന്നും സംസ്ഥാന സര്‍ക്കാരുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോയില്‍ കാണുന്ന വാഹനത്തിനുള്ളില്‍ ഒരു യുവാവിനെ കാണാം. തിരുവനന്തപുരം രജസ്‌ട്രേഷനിലുള്ള വാഹനത്തിന്‍റെ ഒരു വശത്തായി ‘മോക്ടെയിൽ ഓഫ് ദ ഡേ’ എന്ന പേരും ബന്ധപ്പെടാനുള്ള നമ്പറും നൽകിയിട്ടുണ്ട്. ഈ നമ്പർ ഇഷാൻ എന്ന പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വീഡിയോ രണ്ട് വർഷം മുൻപുള്ളതാണെന്ന് വ്യക്തമായി. 2023 ഏപ്രിൽ 28-ന് ഇതേ വീഡിയോ യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. ‘ബാർ ഓൺ വീൽസ് ഇൻ ട്രിവാൻഡ്രം’ എന്നാണ് ഇതിന് നൽകിയിരിക്കുന്ന തലക്കെട്ട്.

പ്രസ്തുത വീഡിയോ പഴയതാണെന്നും സർക്കാരിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണവുമായി ഇപ്പോൾ പ്രചരിക്കുകയാണെന്ന് വ്യക്തമാക്കി പല സോഷ്യൽ മീഡിയ ഉപയോക്താക്കളും വിശദീകരണം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

സംഭവം ഇങ്ങനെ: 2023 ഏപ്രിൽ 26 ന് തിരുവനന്തപുരം കുമാരപുരത്തുള്ള ഇഷാൻ നിഹാലിനെ അനധികൃത മദ്യവിൽപ്പന നടത്തിയതിന് എക്‌സൈസ് പിടികൂടി. വാഹനത്തില്‍ അനധികൃതമായി നടത്തിയ മദ്യവിൽപനയുടെ ദൃശ്യങ്ങള്‍ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക്  ലഭിച്ചപ്പോള്‍ അന്വേഷണം നിഹാലിനെ കുമാരപുരത്തെ വീട്ടിൽവച്ച് പിടികൂടുകയായിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന 38 ലിറ്റർ ബീറും 10 ലിറ്റർ വിദേശമദ്യവും ഇയാളുടെ വീട്ടിൽനിന്നു എക്‌സൈസ് സംഘം കണ്ടെടുത്തു. പെർമിറ്റില്ലാതെ മദ്യം സൂക്ഷിച്ചതിനും  സമൂഹമാധ്യമങ്ങളിലൂടെ വിപണനം നടത്താന്‍ പദ്ധതിയിട്ടതിനും നിഹാലിനെതിരെ കേസെടുത്തു

സര്‍ക്കാരിനെതിരെ വ്യാജ പ്രചരണം നടത്താന്‍ പഴയ ഒരു വീഡിയോ തെറ്റായി ഉപയോഗിക്കുകയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ബാര്‍ യുണിറ്റ് ആരംഭിച്ചു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2023 ല്‍ എക്സൈസ് സംഘം പിടികൂടിയ തിരുവനന്തപുരം സ്വദേശി അനധികൃത മദ്യ വില്‍പ്പന നടത്താന്‍ ശ്രമിച്ചതിന്‍റെതാണ്. കേരള സര്‍ക്കാരുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കേരള സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍ ബാര്‍ യുണിറ്റ്..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *