മീററ്റിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ആക്രമിച്ചത് ജിഹാദികളാണോ …?

സാമൂഹികം

വിവരണം 

Pratheesh Viswanath  എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 3 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആജ്തക്‌ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഒരു പെൺകുട്ടിയെ ഒരു യുവാവ് പിടിച്ചു വലിക്കുന്നതും രണ്ടുമൂന്ന്  യുവാക്കൾ യുവാവിനെ സപ്പോർട്ട് ചെയ്യുന്നതും പിടിവലിയുടെ വീഡിയോ ദൃശ്യങ്ങൾ ഒരാൾ പകർത്താൻ ശ്രമിക്കുന്നതും പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു പോലീസ് ഓഫിസർ ഇതേപ്പറ്റി പ്രസ്താവന നടത്തുന്ന ദൃശ്യങ്ങളും വീഡിയോയിൽ നൽകിയിട്ടുണ്ട്.  വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള വിവരണം ഇപ്രകാരമാണ് : “ഹിന്ദു പലായനം നടന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മീററ്റിലെ ഹിന്ദു പെൺകുട്ടികളുടെ അവസ്ഥ..??ജിഹാദികൾ ഭുരിപക്ഷമായാൽ ഓരോ സ്ഥലത്തെയും അവസ്ഥ ഇതാകും ….UP യിലെ മീററ്റിൽ സ്ക്കൂളിൽ പോകാനിറങ്ങിയ ഹിന്ദു പെൺകുട്ടിയോട് ജിഹാദികൾ പെരുമാറുന്നത് ആജ് തക് റിപ്പോർട്ട് ചെയ്ത വീഡിയോയാണിത് …പെൺകുട്ടിയെ തടഞ്ഞ് നിർത്തി ജിഹാദികളാണ് ഈ വീഡിയോ നിർമ്മിച്ചത് … ഇത് സത്യമാണെങ്കിൽ നമ്മൾ ജനിച്ച നാട്ടിൽ വലിയ ആപത്തിലേക്കാണ് നീങ്ങുന്നത്

പ്രതീഷ് വിശ്വനാഥ്”

archived linkFB  post

ഇതേ വീഡിയോ പ്രചരിപ്പിച്ച മറ്റൊരു പ്രൊഫൈലിന്‍റെ ലിങ്കാണ് താഴെയുള്ളത് 

archived linkFB post

വീഡിയോയിൽ ആരോപിക്കുന്നത് പോലെ മീററ്റിൽ ഹിന്ദു പെൺകുട്ടിയോട് ജിഹാദികൾ പെരുമാറിയതിന്‍റെ വീഡിയോയാണോ നമ്മൾ കണ്ടത്..? അതോ മറ്റെന്തെങ്കിലും കാര്യങ്ങൾ വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിലുണ്ടോ ..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ വീഡിയോ കീ ഫ്രയിമുകളായി വേർതിരിച്ച് അതിൽ നിന്നും ഒരു ചിത്രം  ഉപയോഗിച്ച് ഗൂഗിളിൽ വാർത്ത തിരഞ്ഞു. നിരവധി മാധ്യമങ്ങൾ ഇതേപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മീററ്റിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ നേർക്ക് നടന്ന അതിക്രമം എന്ന പേരിലാണ് വാർത്ത നൽകിയിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യ 2019 മാർച്ച് 24 ന്  പ്രസിദ്ധീകരിച്ച വാർത്തയുടെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ ഇപ്രകാരമാണ് ” സ്‌കൂൾ യൂണിഫോമി വേഷത്തിലുള്ള ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഏതാനും യുവാക്കൾ ഉപദ്രവിക്കാൻ ശ്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ എടുത്തതും അപ്ലോഡ് ചെയ്തതും പ്രചരിപ്പിച്ചതും അക്രമികൾ തന്നെയാണ് എന്നതാണ് വീഡിയോ ഇത്രമേൽ ചലനം സൃഷ്ടിക്കാൻ കാരണം. അക്രമികളെ അറസ്റ്റ് ചെയ്യാൻ പോലീസ് നാല് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. വീഡിയോ 15-20 ദിവസം പഴക്കമുള്ളതാണെന്ന് മീററ്റ് എസ്എസ്പി നിതിൻ തിവാരി പറഞ്ഞു.   വീഡിയോ കണ്ട പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.” 

archived linktimes of india

ദി ലാലന്‍റോപ്പ് എന്ന ഹിന്ദി വാർത്ത മാധ്യമം ഇതേപ്പറ്റി ഒരു വീഡിയോ വാർത്ത യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. അവരുടെ വാർത്തയിൽ എസ്എസ്പിയുടെ പ്രസ്താവന ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് അക്രമികളിൽ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു. എന്താണ് അക്രമത്തിനു പിന്നിൽ എന്ന് വെളിപ്പെട്ടിട്ടില്ല. ഗോൾഡി എന്ന് വിളിക്കപ്പെടുന്ന ഗൗരവ് കുമാർ എന്നാണ് പ്രധാന കുറ്റാരോപിതന്റെ പേര്. പെൺകുട്ടി ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. വീഡിയോയുടെ മേൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 

archived linkyoutube link

പിന്നീട് ഞങ്ങൾ വാർത്ത പരിശോധിച്ച ദേശീയ-പ്രാദേശിക മാധ്യമങ്ങളെല്ലാം തന്നെ ഇതേ രീതിയിൽ തന്നെയാണ് വാർത്ത നൽകിയിരിക്കുന്നത് എന്ന് കാണുന്നു. ഒരിടത്തും പോസ്റ്റിൽ ആരോപിക്കുന്നതുപോലെ ഹിന്ദു പെൺകുട്ടിയെ മുസ്‌ലിം യുവാക്കൾ ഉപദ്രവിച്ചതായി വാർത്ത നൽകിയിട്ടില്ല. രാഷ്ട്രീയമോ വംശീയമോ മതപരമോ ആയ പ്രശ്ങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് പോലീസ് ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കേസിൽ എഫ്‌ഐആർ രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്എസ്പി വിശദീകരിക്കുന്നുണ്ട്. 

archived linkbusiness-standard
archived linkkhaskhabar

archived youtube link

archived youtube link

വാർത്തയുടെ തുടർച്ച ഞങ്ങൾ അന്വേഷിച്ചെങ്കിലും മാധ്യമങ്ങൾ വാർത്ത അപ്‌ഡേറ്റ് ചെയ്തതായി കാണാൻ സാധിച്ചില്ല. 

 ഏതായാലും പോസ്റ്റിൽ ആരോപിക്കുന്ന തരത്തിൽ ഈ വീഡിയോ ദൃശ്യങ്ങളുടെ വ്യാഖ്യാനം എവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

നിഗമനം 

ഈ പോസ്റ്റിൽ വീഡിയോയുടെ കൂടെ  നൽകിയിരിക്കുന്ന വിവരണം പൂർണ്ണമായും തെറ്റാണ്. മീററ്റിൽ സ്‌കൂൾ വിദ്യാർത്ഥിനി ഹിന്ദു ആയതിന്റെ പേരിൽ ജിഹാദികളാൽ ആക്രമിക്കപ്പെട്ടു എന്നത് വ്യാജ  വാർത്തയാണ്. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ വ്യാജ വിവരണം നൽകുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ചിത്രം കടപ്പാട് : ഖാസ്ഖബര്‍ 

Avatar

Title:മീററ്റിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ആക്രമിച്ചത് ജിഹാദികളാണോ …?

Fact Check By: Vasuki S 

Result: False