
പ്രചരണം
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സീറ്റ് വിതരണത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പ്രതിഷേധ സൂചകമായി പരസ്യമായി തലമുടി മുണ്ഡനം ചെയ്യുകയും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്ത കാര്യം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഈ സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഇതേപ്പറ്റി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള ട്വീറ്റിന്റെ പരിഭാഷ ഇങ്ങനെ: ആത്മാര്‍ത്ഥ കോണ്ഗ്രെസ് പ്രവര്‍ത്തകയായ മഹിള കോണ്ഗ്രെസ് അധ്യക്ഷ പഴനി ആണ്ടവന് നേര്‍ച്ചയായി പാര്‍ട്ടിക്ക് വേണ്ടി തല മുണ്ഡനം ചെയ്യുന്നു”
ഒപ്പം മഹിളാ കോൺഗ്രസ്സിന് രാഹുൽജിയുടെ അഭിനന്ദനം
കോൺഗ്രസിന്റെ വിജയത്തിന് വേണ്ടി മുരുകന് വഴിപാടായി മുടി മുറിച്ച ലതിക സുഭാഷിനെ അഭിനന്ദിച്ച രാഹുൽ ഗാന്ധി..!!
ഇവിടെ ഉള്ള കള്ളൻമാർ മത്സ്യം എങ്ങനെ പിടിക്കും എന്ന് പഠിക്കാൻ വന്ന പാവത്തിനെയും പറ്റിച്ചു😀😀😀😀😀😀😀 എന്ന വാചകങ്ങളും കാണാം.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് രാഹുല്‍ ഗാന്ധി ഇങ്ങനെ ട്വീറ്റ് ചെയ്തു എന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അവകാശവാദം. ഫാക്റ്റ് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് വെറും വ്യാജ പ്രചരണമാണെന്ന് കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇങ്ങനെ
ഫേസ്ബുക്കില്‍ ഈ വ്യാജ ട്വീറ്റ് നിരവധിപ്പേര്‍ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങള്‍ ആദ്യം രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് പരിശോധിച്ചു നോക്കി. ഇങ്ങനെയൊരു ട്വീറ്റ് അതില്‍ കാണാനില്ല. മാത്രമല്ല, നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടില്ല. ഔദ്യോഗിക അക്കൌണ്ട് കൂടാതെ അദ്ദേഹത്തിന് വയനാട് ഓഫീസിന്റെ പേരില്‍ ഒരു ട്വിറ്റര്‍ അക്കൌണ്ട് കൂടിയുണ്ട്. അതില്‍ കേരളത്തിലെ പൊതുവായ സംഭവങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉള്‍പാര്‍ട്ടി പ്രശ്നങ്ങളെ കുറിച്ച് യാതൊരു തരത്തിലുള്ള പരാമര്‍ശങ്ങളോ സൂചനകളോ ഇല്ല.
പോസ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ഞങ്ങള്‍ രാജ്യ സഭാംഗവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാലിന്റെ ഓഫീസില്‍ അന്വേഷിച്ചു. അവിടെ നിന്നും അദ്ദേഹത്തിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗം ശരത് അറിയിച്ചത് ഇങ്ങനെയാണ്. ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്. രാഹുല്‍ ഗാന്ധി ഇങ്ങനെ യാതൊരു കാര്യവും ട്വീറ്റ് ചെയ്തിട്ടില്ല. ഈ പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു”
ഇതുകൂടാതെ ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ അക്കൌണ്ട് കൈകാര്യം ചെയ്യുന്ന അഗസ്റ്റിന് പുല്‍പ്പള്ളി അറിയിച്ചത് ഇങ്ങനെയാണ്: “ഈ പ്രചരണം ഞങ്ങള്‍ കണ്ടിരുന്നു. ഇത് വെറും വ്യാജ പ്രചരണമാണ്. രാഹുല്‍ ഗാന്ധി ഇങ്ങനെ യാതൊന്നും ട്വീറ്റ് ചെയ്തിട്ടില്ല, കേരളത്തിലെ ഇത്തരം സംഭവങ്ങളൊന്നും അദ്ദേഹം ട്വീറ്റ് ചെയ്യാറില്ല. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാകും”
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് തലമുടി മുണ്ഡനം ചെയ്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ചെയ്ത ട്വീറ്റ് എന്ന പേരില്‍ പ്രചരിക്കുന്നത് വെറും വ്യാജ ട്വീറ്റാണ്.
നിഗമനം
പാര്‍ട്ടി നേതൃത്വം നിയമസഭ സീറ്റ് നിഷേധിച്ചു എന്നാരോപിച്ച് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി യാതൊന്നും ട്വീറ്റ് ചെയ്തിട്ടില്ല. ഈ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെതായി പ്രചരിക്കുന്നത് വ്യാജ ട്വീറ്റ് ആണ്.

Title:മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തതിനെ കുറിച്ച് രാഹുല്‍ ഗാന്ധിയുടെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിക്കുന്നു…
Fact Check By: Vasuki SResult: False
